കുവൈറ്റ് എയർവേയ്‌സ് പൂർണമായും സർക്കാർ ഉടമസ്ഥതയിലേക്ക്: പുതിയ നിയമഭേദഗതി പ്രാബല്യത്തിൽ
വിമാനക്കമ്പനിയുടെ ഭരണനിർവഹണം കൂടുതൽ ശക്തമാക്കാനും പ്രവർത്തനമികവ് ഉയർത്തി ദീർഘകാല വളർച്ച ഉറപ്പാക്കാനുമാണ് ഈ പുതിയ നീക്കം.
കുവൈറ്റ്: കുവൈറ്റിന്റെ ദേശീയ വിമാനക്കമ്പനിയായ കുവൈറ്റ് എയര്‍വേയ്സിന്റെ ഭരണഘടനയിലും പ്രവര്‍ത്തന രീതിയിലും നിര്‍ണായക മാറ്റങ്ങള്‍ വരുത്തിക്കൊണ്ട് കുവൈറ്റ് സര്‍ക്കാര്‍ പുതിയ നിയമഭേദഗതി പ്രാബല്യത്തില്‍ വരുത്തി. കമ്പനിയെ പൂര്‍ണമായും സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഒരു ഷെയര്‍ഹോള്‍ഡിങ് കമ്പനിയാക്കി മാറ്റിയ ഈ നീക്കം, സ്ഥാപനത്തിന്റെ ഭരണനിര്‍വഹണം കൂടുതല്‍ ശക്തമാക്കാനും പ്രവര്‍ത്തനമികവ് ഉയര്‍ത്തി ദീര്‍ഘകാല വളര്‍ച്ച ഉറപ്പാക്കാനും ലക്ഷ്യമിട്ടുള്ളതാണ്.
രാജ്യത്തെ കമ്പനീസ് നിയമത്തിന്റെ പരിധിയിലേക്ക് മാറുന്നതോടെ അന്താരാഷ്ട്ര തലത്തിലുള്ള ആധുനിക നിയമ ചട്ടക്കൂടുകള്‍ കുവൈറ്റ് എയര്‍വേയ്സിന് ലഭ്യമാകുമെന്നും, ലോക വ്യോമയാന രംഗത്തെ അതിവേഗ മാറ്റങ്ങള്‍ക്കൊപ്പമെത്താനും സ്ഥാപനത്തിന്റെ തന്ത്രപരമായ ആസൂത്രണവും കാര്യക്ഷമതയും വര്‍ദ്ധിപ്പിക്കാനും ഈ മാറ്റം സഹായിക്കുമെന്നും ചെയര്‍മാന്‍ അബ്ദുല്‍മുഹ്സിന്‍ സാലിം അല്‍ ഫഗാന്‍ വ്യക്തമാക്കി. പുതിയ കോര്‍പ്പറേറ്റ് ഘടന നിലവില്‍ വന്നതോടെ ഭരണപരമായ തീരുമാനങ്ങള്‍ അതിവേഗം കൈക്കൊള്ളാനും, വിപണിയിലെ മാറ്റങ്ങള്‍ക്കനുസരിച്ച് സേവനങ്ങള്‍ പുനഃക്രമീകരിക്കാനും, പ്രവര്‍ത്തന ചെലവുകള്‍ ചുരുക്കി സാമ്പത്തിക നഷ്ടം കുറയ്ക്കാനും കമ്പനിക്ക് എളുപ്പമാകും. എങ്കിലും ഇന്ധനവിലയിലുള്ള വ്യതിയാനം, യാത്രക്കാരുടെ ആവശ്യകത, ആഗോള സാമ്പത്തിക സ്ഥിതി തുടങ്ങിയ ബാഹ്യഘടകങ്ങള്‍ കൂടി കണക്കിലെടുത്തായിരിക്കും കമ്പനിയുടെ ഭാവി പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് കൊണ്ടുപോകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments ()