ലൈഫ് ഭവന പദ്ധതിയിൽ അരക്കോടിയിലേറെ തട്ടിപ്പ്; വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ അറസ്റ്റിൽ
ലൈഫ് ഭവന പദ്ധതിയുടെ ഗുണഭോക്തൃ പട്ടികയിൽ കൃത്രിമം നടത്തി ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും ബാങ്ക് അക്കൗണ്ടുകളിലേക്ക് സർക്കാർ അനുവദിച്ച തുക മാറ്റിയെന്നാണ് പൊലീസ് കണ്ടെത്തൽ. പുതിയ വീട് നിർമിക്കുന്നതിനും വീടുകളുടെ നവീകരണത്തിനുമായി അനുവദിച്ച ഫണ്ടിലാണ് ക്രമക്കേട് നടന്നത്.
പത്തനംതിട്ട: സീതത്തോട്, തണ്ണിത്തോട് പഞ്ചായത്തുകളിലെ ലൈഫ് ഭവന പദ്ധതിയിൽ ക്രമക്കേട് നടത്തി അരക്കോടിയിലേറെ രൂപ തട്ടിയെടുത്തെന്ന കേസിൽ വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ അറസ്റ്റിൽ. വകയാർ മ്ലാന്തടം പുത്തൻവീട്ടിൽ എം.ആർ. റാണി ലക്ഷ്മി (37)യെയാണ് കോന്നി പൊലീസ് അറസ്റ്റ് ചെയ്തത്.
ലൈഫ് ഭവന പദ്ധതിയുടെ ഗുണഭോക്തൃ പട്ടികയിൽ കൃത്രിമം നടത്തി ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും ബാങ്ക് അക്കൗണ്ടുകളിലേക്ക് സർക്കാർ അനുവദിച്ച തുക മാറ്റിയെന്നാണ് പൊലീസ് കണ്ടെത്തൽ. പുതിയ വീട് നിർമിക്കുന്നതിനും വീടുകളുടെ നവീകരണത്തിനുമായി അനുവദിച്ച ഫണ്ടിലാണ് ക്രമക്കേട് നടന്നത്.
സീതത്തോട് പഞ്ചായത്തിൽ മാത്രം 51.23 ലക്ഷം രൂപയുടെ തട്ടിപ്പ് നടന്നതായാണ് കേസ്. തണ്ണിത്തോട് പഞ്ചായത്തിൽ രണ്ട് ലക്ഷം രൂപയും തട്ടിയെടുത്തതായി പരാതിയിൽ പറയുന്നു. ഇരു പഞ്ചായത്തുകളിലെയും സെക്രട്ടറിമാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്.
പഞ്ചായത്തിന് പുറത്തു താമസിക്കുന്ന ബന്ധുക്കളെയും സുഹൃത്തുക്കളെയും ലൈഫ് പദ്ധതിയുടെ ഗുണഭോക്താക്കളായി ഉൾപ്പെടുത്തി വ്യാജ രേഖകൾ തയ്യാറാക്കിയ ശേഷമാണ് പണം കൈമാറിയതെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. യഥാർഥ ഗുണഭോക്താക്കൾക്ക് വീടുപണി പൂർത്തിയാക്കിയ ശേഷവും പദ്ധതിത്തുക ലഭിക്കാൻ വൈകിയതോടെയാണ് പഞ്ചായത്ത് ഭരണസമിതികൾ നടത്തിയ പരിശോധനയിൽ ക്രമക്കേട് പുറത്തുവന്നത്.
തണ്ണിത്തോട് പൊലീസിൽ പരാതി ലഭിച്ചതിന് പിന്നാലെ തട്ടിയെടുത്ത പണം തിരിച്ചുനൽകി നടപടി ഒഴിവാക്കാൻ ഉദ്യോഗസ്ഥ ശ്രമിച്ചിരുന്നതായും പൊലീസ് പറയുന്നു. എന്നാൽ പരാതികളിൽ അന്വേഷണം തുടരുകയും കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു.
സീതത്തോട്, തണ്ണിത്തോട് പഞ്ചായത്ത് സെക്രട്ടറിമാരുടെ പരാതികളിൽ വിശദമായ അന്വേഷണം നടത്തിയ ശേഷമാണ് റാണി ലക്ഷ്മിയെ പൊലീസ് അറസ്റ്റ് ചെയ്തത്. കേസിൽ കൂടുതൽ പരിശോധനകൾ തുടരുകയാണ്.
Comments ()