അനിലിന്റെ സ്വപ്നയാത്ര വിജയകരം; വിണ്ണിലും ജൈത്രയാത്ര തുടർന്ന് മലയാളി കരുത്ത്

ബഹിരാകാശത്ത് അനിൽ മേനോൻ ചരിത്രം കുറിച്ചു

അനിലിന്റെ സ്വപ്നയാത്ര വിജയകരം; വിണ്ണിലും ജൈത്രയാത്ര തുടർന്ന് മലയാളി കരുത്ത്

വാഷിംഗ്ടണ്‍: നാസയുടെ മലയാളി ബഹിരാകാശ സഞ്ചാരി അനില്‍ മേനോന്‍ ഉള്‍പ്പെടുന്ന സംഘം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ പ്രവേശിച്ച് ചരിത്രം കുറിച്ചു. കസാഖിസ്ഥാനിലെ ബൈക്കനൂര്‍ കോസ്‌മോഡ്രോമില്‍ നിന്ന് വിക്ഷേപിച്ച റഷ്യന്‍ പേടകമായ സൊയൂസിലായിരുന്നു ഇവരുടെ യാത്ര. റഷ്യന്‍ ബഹിരാകാശ ഏജന്‍സിയായ റോസ്‌കോസ്‌മോസിന്റെ പ്യോട്ടര്‍ ഡുബ്രോവ്, അന്ന കിക്കിന എന്നിവരാണ് അനിലിനൊപ്പമുള്ള മറ്റ് യാത്രികര്‍. രാത്രി 11:26 ഓടെ സൊയൂസ് പേടകം വിജയകരമായി ബഹിരാകാശ നിലയവുമായി ഘടിപ്പിച്ചു . തുടര്‍ന്ന്, നിശ്ചയിച്ചിരുന്ന സമയത്തേക്കാള്‍ അല്പം വൈകി ഇന്ത്യന്‍ സമയം പുലര്‍ച്ചെ രണ്ട് മണിയോടെയാണ് യാത്രികര്‍ നിലയത്തിനുള്ളിലേക്ക് പ്രവേശിച്ചത്.

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ 'എക്‌സ്‌പെഡിഷന്‍ 74' ദൗത്യത്തിന്റെ ഭാഗമായാണ് അനില്‍ മേനോന്റെ ഈ യാത്ര. നിലയത്തില്‍ പ്രധാനമായും വൈദ്യശാസ്ത്ര സംബന്ധമായ പഠനങ്ങളും ഗവേഷണങ്ങളുമായിരിക്കും അദ്ദേഹം നടത്തുക. എട്ട് മാസത്തെ ദൗത്യം പൂര്‍ത്തിയാക്കി അടുത്ത വര്‍ഷം ഏപ്രിലിലായിരിക്കും ഈ സംഘം ഭൂമിയിലേക്ക് മടങ്ങുക.

വര്‍ഷങ്ങള്‍ നീണ്ട കഠിനമായ തയ്യാറെടുപ്പുകളാണ് അനിലിനെ ഈ നേട്ടത്തിലേക്ക് നയിച്ചത്. മിനിയപ്പലിസില്‍ ജനിച്ച അദ്ദേഹം ഹാര്‍വാര്‍ഡ് സര്‍വകലാശാലയില്‍ നിന്ന് ന്യൂറോബയോളജിയില്‍ ബിരുദവും, തുടര്‍ന്ന് സ്റ്റാന്‍ഫോര്‍ഡ് സര്‍വകലാശാലയില്‍ നിന്ന് മെക്കാനിക്കല്‍ എഞ്ചിനീയറിങ്ങില്‍ മാസ്റ്റേഴ്‌സും കരസ്ഥമാക്കി. അമേരിക്കന്‍ വ്യോമസേനയില്‍ കേണലായി സേവനമനുഷ്ഠിച്ചിട്ടുള്ള അദ്ദേഹം സ്റ്റാന്‍ഫോര്‍ഡില്‍ നിന്ന് വൈദ്യശാസ്ത്ര പഠനവും, ഒപ്പം നാസയില്‍ സോഫ്റ്റ് ടിഷ്യു മോഡലുകളെക്കുറിച്ച് ഗവേഷണവും നടത്തിയിട്ടുണ്ട്.