സൗദിയിൽ മലയാളി യുവാവ് നെഞ്ചുവേദനയെത്തുടർന്ന് മരിച്ചു; വേർപാട് അടുത്തയാഴ്ച നാട്ടിലേക്ക് വരാനിരിക്കെ

അടുത്തയാഴ്ച നാട്ടിലേക്ക് പോകാനുള്ള തയ്യാറെടുപ്പുകൾക്കിടെയായിരുന്നു അപ്രതീക്ഷിത മരണം.

സൗദിയിൽ മലയാളി യുവാവ് നെഞ്ചുവേദനയെത്തുടർന്ന് മരിച്ചു; വേർപാട് അടുത്തയാഴ്ച നാട്ടിലേക്ക് വരാനിരിക്കെ

റിയാദ്: അടുത്തയാഴ്ച നാട്ടിലേക്ക് മടങ്ങാനുള്ള സന്തോഷത്തിനിടെ മലയാളി യുവാവ് സൗദി അറേബ്യയിൽ അന്തരിച്ചു. മലപ്പുറം മൂന്നിയൂർ വെളിമുക്ക് ആലുങ്ങൽ സ്വദേശി കോഴിപ്പറമ്പത്ത് (വാക്കനാട്ടിൽ) അബ്ദുസ്സലാം (41) ആണ് തെക്കുപടിഞ്ഞാറൻ പ്രവിശ്യയിലെ ദർബിനടുത്തുള്ള അൽ ഹറൈളയിൽ വെച്ച് മരിച്ചത്. പരേതനായ മുഹമ്മദ് ഹാജിയാണ് പിതാവ്.

അൽ ഹറൈളയിലെ ബഖാലയിൽ (ഗ്രോസറി) ജോലി ചെയ്യുകയായിരുന്ന അബ്ദുസ്സലാം, രാവിലത്തെ ഷിഫ്റ്റിനുശേഷം മുറിയിൽ വിശ്രമിക്കുമ്പോഴാണ് കടുത്ത നെഞ്ചുവേദന അനുഭവപ്പെട്ടത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വിസയുമായി ബന്ധപ്പെട്ട തടസ്സങ്ങൾ മാറി സ്പോൺസർഷിപ്പ് മാറ്റം കഴിഞ്ഞ ദിവസമാണ് പൂർത്തിയായത്. തുടർന്ന് അടുത്തയാഴ്ച നാട്ടിലേക്ക് പോകാനുള്ള തയ്യാറെടുപ്പുകൾ നടക്കവേയാണ് അപ്രതീക്ഷിത വിയോഗം.

മൃതദേഹം നിലവിൽ അൽ ഖഹ്‌മ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നിയമനടപടികൾ പൂർത്തിയാക്കി മൃതദേഹം സൗദിയിൽ തന്നെ ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. മരണവിവരമറിഞ്ഞ് സഹോദരി ഭർത്താവ് ബഷീർ ജിദ്ദയിൽ നിന്ന് സ്ഥലത്തെത്തിയിട്ടുണ്ട്. ദർബ് കെ.എം.സി.സി ചെയർമാൻ സുൽഫിക്കർ വെള്ളിയഞ്ചേരിയുടെ നേതൃത്വത്തിൽ ജിസാൻ കെ.എം.സി.സി വെൽഫെയർ വിങ് ഭാരവാഹികളാണ് മരണാനന്തര നിയമനടപടികൾക്ക് രംഗത്തുള്ളത്.