'മെസി അസാധാരണ വ്യക്തിത്വത്തിന്റെ ഉടമ'; ഈജിപ്തിനെതിരായ വിജയത്തിന് പിന്നാലെ പ്രശംസയുമായി ഡേവിഡ് ബെക്കാം
"മെസി ഒരു പ്രത്യേക വ്യക്തിയാണ്. ഫുട്ബോൾ മൈതാനത്ത് അദ്ദേഹം ചെയ്യുന്ന കാര്യങ്ങൾ കൊണ്ടുമാത്രമല്ല, മൈതാനത്തിന് പുറത്തുള്ള അദ്ദേഹത്തിന്റെ വ്യക്തിത്വം കൊണ്ടുകൂടിയാണ് അത്," എന്നാണ് ബെക്കാമിന്റെ പ്രതികരണം
അറ്റ്ലാന്റ: ഈജിപ്തിനെതിരായ നാടകീയ വിജയത്തിന് പിന്നാലെ അർജന്റീനൻ നായകൻ ലയണൽ മെസിയെ പ്രശംസിച്ച് മുൻ ഇംഗ്ലണ്ട് ക്യാപ്റ്റനും ഇന്റർ മയാമിയുടെ സഹഉടമയുമായ ഡേവിഡ് ബെക്കാം. മൈതാനത്ത് പ്രകടിപ്പിക്കുന്ന മികവിനൊപ്പം വ്യക്തിത്വവും മെസിയെ അസാധാരണമാക്കുന്നതാണെന്ന് ബെക്കാം സമൂഹമാധ്യമത്തിൽ കുറിച്ചു.
"മെസി ഒരു പ്രത്യേക വ്യക്തിയാണ്. ഫുട്ബോൾ മൈതാനത്ത് അദ്ദേഹം ചെയ്യുന്ന കാര്യങ്ങൾ കൊണ്ടുമാത്രമല്ല, മൈതാനത്തിന് പുറത്തുള്ള അദ്ദേഹത്തിന്റെ വ്യക്തിത്വം കൊണ്ടുകൂടിയാണ് അത്," എന്നാണ് ബെക്കാമിന്റെ പ്രതികരണം.
ഈജിപ്തിനെതിരായ പ്രീക്വാർട്ടർ പോരാട്ടത്തിൽ രണ്ട് ഗോളിന് പിന്നിലായ ശേഷമാണ് അർജന്റീന തിരിച്ചുവന്നത്. യാസർ ഇബ്രാഹിമിന്റെയും മുസ്തഫ സിക്കോയുടെയും ഗോളുകളിൽ ലീഡ് നേടിയ ഈജിപ്തിനെതിരെ ക്രിസ്റ്റ്യൻ റൊമേറോ, ലയണൽ മെസി, എൻസോ ഫെർണാണ്ടസ് എന്നിവർ നേടിയ ഗോളുകളിലൂടെയാണ് അർജന്റീന 3-2ന് വിജയം സ്വന്തമാക്കിയത്.
അതേസമയം, മത്സരത്തിലെ റഫറിയിങ് വലിയ വിവാദത്തിനും വഴിവെച്ചു. നിർണായക ഘട്ടങ്ങളിലെ പല തീരുമാനങ്ങളും അർജന്റീനയ്ക്ക് അനുകൂലമായിരുന്നുവെന്ന ആരോപണവുമായി ആരാധകരും ഫുട്ബോൾ നിരീക്ഷകരും രംഗത്തെത്തി.
ക്വാർട്ടർ ഫൈനലിൽ അർജന്റീനയുടെ എതിരാളികൾ സ്വിറ്റ്സർലൻഡാണ്. പ്രീക്വാർട്ടറിൽ കൊളംബിയയെ പെനാൽറ്റി ഷൂട്ടൗട്ടിൽ കീഴടക്കിയാണ് ഗ്രാനിറ്റ് ഷാക്കയുടെ നേതൃത്വത്തിലുള്ള സ്വിസ് ടീം അവസാന എട്ടിലെത്തിയത്. മറ്റൊരു ക്വാർട്ടർ ഫൈനലിൽ ഫ്രാൻസ് മൊറോക്കോയെ നേരിടും. സ്പെയിൻ–ബെൽജിയം, നോർവേ–ഇംഗ്ലണ്ട് മത്സരങ്ങളാണ് മറ്റ് ക്വാർട്ടർ ഫൈനൽ പോരാട്ടങ്ങൾ.
Comments ()