അർജന്റീനയുടെ വിജയശിൽപി മെസി;ലോകകപ്പിൽ ഗോൾ നേട്ടം 21-ൽ, മറഡോണയുടെ റെക്കോർഡും മറികടന്നു

ഈജിപ്തിനെതിരായ മത്സരത്തിൽ നേടിയ ഗോളിലൂടെ തുടർച്ചയായ ഒൻപത് ലോകകപ്പ് മത്സരങ്ങളിൽ ഗോൾ കണ്ടെത്തുന്ന ആദ്യ താരമെന്ന റെക്കോർഡും മെസി കുറിച്ചു

അർജന്റീനയുടെ വിജയശിൽപി മെസി;ലോകകപ്പിൽ ഗോൾ നേട്ടം 21-ൽ, മറഡോണയുടെ റെക്കോർഡും മറികടന്നു

അറ്റ്‌ലാന്റ: ലോകകപ്പിൽ ഈജിപ്തിനെതിരെ അർജന്റീനയുടെ വിജയത്തിനിടെ ലയണൽ മെസി വീണ്ടും റെക്കോർഡ് പുസ്തകത്തിൽ ഇടം നേടി. ടീമിനെ ക്വാർട്ടർ ഫൈനലിലെത്തിക്കാൻ നിർണായക പ്രകടനം പുറത്തെടുത്ത മെസി, ടൂർണമെന്റിലെ തന്റെ ഗോൾ നേട്ടം 21 ആയി ഉയർത്തി. ഇതോടെ ലോകകപ്പ് ചരിത്രത്തിൽ 21 ഗോളുകൾ നേടുന്ന ആദ്യ ഫുട്ബോൾ താരമെന്ന നേട്ടവും അദ്ദേഹം സ്വന്തമാക്കി.

ഈജിപ്തിനെതിരായ മത്സരത്തിൽ നേടിയ ഗോളിലൂടെ തുടർച്ചയായ ഒൻപത് ലോകകപ്പ് മത്സരങ്ങളിൽ ഗോൾ കണ്ടെത്തുന്ന ആദ്യ താരമെന്ന റെക്കോർഡും മെസി കുറിച്ചു. മത്സരത്തിൽ ക്രിസ്റ്റ്യൻ റൊമേറോയുടെ ഗോളിന് വഴിയൊരുക്കിയ അസിസ്റ്റോടെ ലോകകപ്പിലെ മെസിയുടെ ആകെ അസിസ്റ്റുകളുടെ എണ്ണം ഒൻപതായി. ഇതോടെ അർജന്റീനൻ ഇതിഹാസം ഡീഗോ മറഡോണയുടെ എട്ട് അസിസ്റ്റുകളുടെ റെക്കോർഡും പിന്നിലായി.

എന്നാൽ മത്സരത്തിൽ മെസിക്ക് മറക്കാനാകാത്ത ഒരു നിരാശയും നേരിടേണ്ടി വന്നു. ആദ്യ പകുതിയിൽ ലഭിച്ച പെനാൽറ്റി ലക്ഷ്യത്തിലെത്തിക്കാനാകാതിരുന്നതോടെ ലോകകപ്പിൽ ഏറ്റവും കൂടുതൽ പെനാൽറ്റി നഷ്ടപ്പെടുത്തിയ താരമെന്ന റെക്കോർഡും അദ്ദേഹത്തിന്റെ പേരിലായി. ലോകകപ്പിൽ മെസി നഷ്ടപ്പെടുത്തുന്ന നാലാമത്തെ പെനാൽറ്റിയായിരുന്നു ഇത്.

ഒരു ലോകകപ്പ് പതിപ്പിൽ രണ്ട് പെനാൽറ്റികൾ പാഴാക്കുന്ന ആദ്യ താരമെന്ന റെക്കോർഡും മെസി സ്വന്തമാക്കി. കൂടാതെ, തുടർച്ചയായി മൂന്ന് ലോകകപ്പുകളിൽ പെനാൽറ്റി നഷ്ടപ്പെടുത്തിയ താരമെന്ന നേട്ടവും അദ്ദേഹത്തിന്റെ പേരിലായി. കരിയറിലുടനീളം മെസി നഷ്ടപ്പെടുത്തിയ പെനാൽറ്റികളുടെ എണ്ണം 34 ആയി ഉയർന്നപ്പോൾ, അർജന്റീന ജഴ്‌സിയിൽ അത് എട്ടാമത്തെ സംഭവവുമാണ്.

അതേസമയം, ടൂർണമെന്റിൽ ഏഴ് ഗോളുകളുമായി ഗോൾഡൻ ബൂട്ട് പോരാട്ടം ആവേശകരമായി തുടരുകയാണ്. മെസിയും ഫ്രാൻസിന്റെ കിലിയൻ എംബാപ്പെയും തമ്മിലുള്ള മത്സരം അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോൾ ആരാധകരുടെ ശ്രദ്ധയും അതിലേക്കാണ്.