'രാജ്യത്തിനെ ചൊറിയാൻ വരണ്ട'; വിസ്മയയുടെ സമരാനുകൂല നിലപാടിൽ മോഹൻലാലിനെതിരെ സൈബർ ആക്രോശം

വിസ്മയയുടെ ആദ്യ ചിത്രം റിലീസിന് ഒരുങ്ങുന്ന പശ്ചാത്തലത്തില്‍ 'തുടക്കം' കൊള്ളാം, രാജ്യത്തിനെ ചൊറിഞ്ഞു വേണ്ട എന്നിങ്ങനെയാണ് ഭീഷണി

'രാജ്യത്തിനെ ചൊറിയാൻ വരണ്ട'; വിസ്മയയുടെ സമരാനുകൂല നിലപാടിൽ മോഹൻലാലിനെതിരെ സൈബർ ആക്രോശം

കൊച്ചി: സമരാനുകൂല സോഷ്യൽ മീഡിയ പോസ്റ്റിന്റെ പേരിൽ നടൻ മോഹൻലാലിന്റെ മകൾ വിസ്മയ മോഹൻലാലിനും പിന്നാലെ മോഹൻലാലിനും നേരെ കടുത്ത സൈബർ ആക്രമണം. വിസ്മയയ്ക്ക് എതിരെയുണ്ടായ അധിക്ഷേപങ്ങൾ പിന്നീട് മോഹൻലാലിന് നേരെയ തിരിയുകയായിരുന്നു. "മകളെ വകതിരിവ് പഠിപ്പിക്കണം" എന്ന ഉപദേശങ്ങളോടെയാണ് അധിക്ഷേപങ്ങൾ നടക്കുന്നത്. വിസ്മയ അഭിനയിക്കുന്ന ആദ്യ ചിത്രം റിലീസിന് ഒരുങ്ങവേ, "തുടക്കം കൊള്ളാം", "രാജ്യത്തിനെ ചൊറിഞ്ഞു വേണ്ട" തുടങ്ങിയ ഭീഷണി സന്ദേശങ്ങളും സൈബർ പ്ലാറ്റ്‌ഫോമുകളിൽ നിറയുന്നുണ്ട്.

ലോകകപ്പിലെ സ്‌പെയിനിന്റെ വിജയം ആഘോഷിച്ചുകൊണ്ട് പങ്കുവെച്ച പോസ്റ്റുകളിലടക്കം നടൻ മോഹൻലാലിനെതിരെ രൂക്ഷമായ അധിക്ഷേപ കമന്റുകളാണ് നിറയുന്നത്. "പിതാവിന്റെ ചെലവിൽ വിദേശത്തിരുന്നുകൊണ്ട് ഭാരത സർക്കാരിനെ മര്യാദ പഠിപ്പിക്കേണ്ട" എന്നും, വിസ്മയയുടെ സിനിമ നല്ലതാണെങ്കിൽ പോലും കാണില്ലെന്നുമാണ് ആക്രമികളുടെ മുന്നറിയിപ്പ്.

മുൻപ് 'എമ്പുരാൻ' സിനിമയുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങൾ ഓർമ്മിപ്പിച്ചുകൊണ്ട് "അന്ന് താങ്കൾ ഒരു ഷോക്ക് തന്നു, ഇപ്പോൾ മകളും ഇറങ്ങിയിരിക്കുകയാണ്" എന്നും ചിലർ കമന്റ് ചെയ്യുന്നുണ്ട്. ഇതിനുപുറമെ, "വിസ്മയയുടെ സ്ഥാനം കുപ്പത്തൊട്ടിയിൽ" എന്ന തരത്തിൽ അതിരുകടന്ന ആക്രോശങ്ങളും വിദ്വേഷ പ്രചാരണങ്ങളുമാണ് സൈബർ ഇടങ്ങളിൽ അരങ്ങേറുന്നത്.

കഴിഞ്ഞ ദിവസമാണ് വിസ്മയ മോഹന്‍ലാല്‍ ഡല്‍ഹിയില്‍ നടക്കുന്ന പ്രക്ഷോഭത്തെ പിന്തുണച്ചുകൊണ്ട് ഇന്‍സ്റ്റഗ്രാം സ്റ്റോറി പങ്കുവെച്ചത്. പിന്നാലെ വിസ്മയുടെ പോസ്റ്റിന് താഴെയും വലിയ തോതില്‍ അധിക്ഷേപ കമന്റുകള്‍ പ്രത്യക്ഷപ്പെടുന്ന സാഹചര്യമുണ്ടായിരുന്നു. നിരവധി താരങ്ങളാണ് കേന്ദ്ര സര്‍ക്കാരിനെതിരെ ഡല്‍ഹിയില്‍ നടക്കുന്ന പ്രക്ഷോഭത്തിന് പിന്തുണ പ്രഖ്യാപിച്ച് രംഗത്ത് വന്നിരുന്നത്. നടന്‍ കുഞ്ചാക്കോ ബോബന്റെയും ടൊവിനോ തോമസിന്റെയും അടക്കം പോസ്റ്റിലും സമാനമായി സൈബര്‍ അധിക്ഷേപങ്ങള്‍ ഉണ്ടായിരുന്നു.