മുല്ലപ്പെരിയാറിൽ പുതിയ ഡാം വേണം; കേരളത്തിന് സുരക്ഷ, തമിഴ്നാടിന് വെള്ളമെന്ന് ഡീൻ കുര്യാക്കോസ്
ദേശീയ ഡാം സുരക്ഷാ അതോറിറ്റിയുടെ ചില തീരുമാനങ്ങൾ ആശങ്കയുണ്ടാക്കുന്നതാണെന്നും, വിദഗ്ധ സമിതിയിൽ നിന്ന് കേരളത്തിന്റെ പ്രതിനിധിയെ ഒഴിവാക്കിയ നടപടി പുനഃപരിശോധിക്കണമെന്നും ഡീൻ കുര്യാക്കോസ് പറഞ്ഞു
തിരുവനന്തപുരം: മുല്ലപ്പെരിയാർ അണക്കെട്ടുമായി ബന്ധപ്പെട്ട ആശങ്കകൾ വീണ്ടും ശക്തമാകുന്നതിനിടെ പുതിയ അണക്കെട്ട് നിർമിക്കണമെന്ന ആവശ്യം ആവർത്തിച്ച് ഡീൻ കുര്യാക്കോസ് എംപി. കേരളത്തിന്റെ സുരക്ഷയും തമിഴ്നാടിന്റെ ജലാവശ്യവും ഒരുപോലെ പരിഗണിക്കുന്ന തരത്തിൽ പുതിയ ധാരണയിലേക്ക് എത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ദേശീയ ഡാം സുരക്ഷാ അതോറിറ്റിയുടെ ചില തീരുമാനങ്ങൾ ആശങ്കയുണ്ടാക്കുന്നതാണെന്നും, വിദഗ്ധ സമിതിയിൽ നിന്ന് കേരളത്തിന്റെ പ്രതിനിധിയെ ഒഴിവാക്കിയ നടപടി പുനഃപരിശോധിക്കണമെന്നും ഡീൻ കുര്യാക്കോസ് പറഞ്ഞു. ഇക്കാര്യം ചൂണ്ടിക്കാട്ടി കേന്ദ്ര ജലശക്തി മന്ത്രിക്ക് കത്ത് നൽകിയതായും അദ്ദേഹം അറിയിച്ചു.
അതേസമയം, മുല്ലപ്പെരിയാർ വിഷയത്തിൽ തമിഴ്നാട് നിലപാട് കടുപ്പിച്ചിരിക്കുകയാണ്. അണക്കെട്ടിലെ ജലനിരപ്പ് ഉയർത്തുന്നതിനും അറ്റകുറ്റപ്പണികൾ തുടരുന്നതിനുമുള്ള അവകാശം സംസ്ഥാനം വീണ്ടും ഉന്നയിച്ചു. പുതിയ അണക്കെട്ട് നിർമിക്കാനുള്ള കേരളത്തിന്റെ നീക്കങ്ങളെ എതിർക്കുമെന്നും തമിഴ്നാടിന്റെ നയപ്രഖ്യാപനത്തിൽ വ്യക്തമാക്കുന്നു.
മുല്ലപ്പെരിയാർ വിഷയത്തിൽ ഇരു സംസ്ഥാനങ്ങളും വ്യത്യസ്ത നിലപാടുകൾ തുടരുന്നതിനിടെ, വിഷയത്തെക്കുറിച്ചുള്ള രാഷ്ട്രീയവും നിയമപരവുമായ ചർച്ചകൾ വീണ്ടും സജീവമാകുകയാണ്.
Comments ()