കോലിയും ഗംഭീറും തമ്മിൽ ഭിന്നതയില്ല; പ്രചരിക്കുന്ന വാർത്തകൾക്ക് മറുപടിയുമായി ബാറ്റിംഗ് കോച്ച് സിതാൻഷു കൊടക്

കോലിയും ഗംഭീറും ടീമിന്റെ കാര്യങ്ങളിൽ സ്ഥിരമായി ആശയവിനിമയം നടത്താറുണ്ടെന്നും, ഇരുവരും തമ്മിൽ പ്രശ്നങ്ങളുണ്ടെന്ന രീതിയിലുള്ള റിപ്പോർട്ടുകൾ യാഥാർഥ്യവുമായി പൊരുത്തപ്പെടുന്നില്ലെന്നും കൊടക് വ്യക്തമാക്കി

കോലിയും ഗംഭീറും തമ്മിൽ ഭിന്നതയില്ല; പ്രചരിക്കുന്ന വാർത്തകൾക്ക് മറുപടിയുമായി ബാറ്റിംഗ് കോച്ച് സിതാൻഷു കൊടക്

കാർഡിഫ്: ഇന്ത്യൻ ടീമിലെ മുതിർന്ന താരം വിരാട് കോലിയും മുഖ്യപരിശീലകൻ ഗൗതം ഗംഭീറും തമ്മിൽ അഭിപ്രായഭിന്നതയുണ്ടെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾക്ക് വ്യക്തമായ വിശദീകരണവുമായി ബാറ്റിംഗ് കോച്ച് സിതാൻഷു കൊടക് രംഗത്തെത്തി. ഇരുവരുടെയും ബന്ധം സാധാരണപോലെ തന്നെയാണെന്നും അഭ്യൂഹങ്ങൾക്ക് യാതൊരു അടിസ്ഥാനവുമില്ലെന്നും അദ്ദേഹം പറഞ്ഞു.

കോലിയും ഗംഭീറും ടീമിന്റെ കാര്യങ്ങളിൽ സ്ഥിരമായി ആശയവിനിമയം നടത്താറുണ്ടെന്നും, ഇരുവരും തമ്മിൽ പ്രശ്നങ്ങളുണ്ടെന്ന രീതിയിലുള്ള റിപ്പോർട്ടുകൾ യാഥാർഥ്യവുമായി പൊരുത്തപ്പെടുന്നില്ലെന്നും കൊടക് വ്യക്തമാക്കി. ഇത്തരത്തിലുള്ള കഥകൾ എങ്ങനെയാണ് രൂപപ്പെടുന്നതെന്ന് തനിക്കുപോലും മനസ്സിലാകുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വിരാട് കോലി കഴിഞ്ഞ വർഷം ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിച്ചതിന് ശേഷമാണ് ഇരുവരുടെയും ബന്ധത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ ശക്തമായത്. ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിന് മുന്നോടിയായി എഡ്ജ്ബാസ്റ്റണിൽ നടന്ന പരിശീലനത്തിനിടെ കോലിയും ഗംഭീറും പരസ്പരം സംസാരിച്ചില്ലെന്ന റിപ്പോർട്ടുകളാണ് ചർച്ചകൾക്ക് വഴിവെച്ചത്.

പരിശീലനത്തിനിടെ ഗംഭീർ സമീപത്തുണ്ടായിരുന്നെങ്കിലും കോലിയുമായി സംഭാഷണത്തിൽ ഏർപ്പെട്ടില്ലെന്നും, കോലി കൂടുതൽ സമയം ബാറ്റിംഗ് കോച്ച് സിതാൻഷു കൊടകുമായാണ് ചെലവഴിച്ചതെന്നുമുള്ള വാർത്തകൾ സമൂഹമാധ്യമങ്ങളിലും വ്യാപകമായി പ്രചരിച്ചിരുന്നു.

എന്നാൽ കാർഡിഫിൽ നടന്ന രണ്ടാം ഏകദിനത്തിന് ശേഷമുള്ള വാർത്താസമ്മേളനത്തിൽ ഈ പ്രചാരണങ്ങളെ കൊടക് തള്ളി. ഒരു ദിവസത്തിനിടെ തന്നെ കോലിയും ഗംഭീറും പലതവണ പരസ്പരം സംസാരിക്കാറുണ്ടെന്നും, അവരുടെ ബന്ധത്തിൽ വിള്ളലുണ്ടെന്ന വിലയിരുത്തൽ അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം വ്യക്തമാക്കി.

ടീമിനുള്ളിലെ അന്തരീക്ഷം മികച്ചതാണെന്നും, അനാവശ്യ അഭ്യൂഹങ്ങൾ പ്രചരിപ്പിക്കുന്നതിന് പകരം യഥാർഥ വിവരങ്ങൾക്കാണ് പ്രാധാന്യം നൽകേണ്ടതെന്നും കൊടക് മാധ്യമങ്ങളോട് ആവശ്യപ്പെട്ടു.