മരിച്ച ഗുണഭോക്താക്കളുടെ അക്കൗണ്ടിലേക്കും സാമൂഹിക സുരക്ഷാ പെൻഷൻ; അടിമാലിയിൽ ₹3 ലക്ഷത്തോളം ക്രമക്കേട്
2025 ജനുവരി 16 മുതൽ മരിച്ച 16 ഗുണഭോക്താക്കളുടെ അക്കൗണ്ടുകളിലേക്കാണ് മരണശേഷവും പെൻഷൻ തുക കൈമാറിയത്. ഇത്തരത്തിൽ ഏകദേശം മൂന്ന് ലക്ഷം രൂപയുടെ സാമ്പത്തിക നഷ്ടം സർക്കാരിനുണ്ടായതായാണ് ഓഡിറ്റ് വിഭാഗത്തിന്റെ വിലയിരുത്തൽ.
അടിമാലി: മരിച്ചവരുടെ ബാങ്ക് അക്കൗണ്ടുകളിലേക്കും സാമൂഹിക സുരക്ഷാ പെൻഷൻ വിതരണം ചെയ്തതായി അടിമാലി പഞ്ചായത്ത്. ജില്ലാ ഓഡിറ്റ് വിഭാഗം നടത്തിയ പരിശോധനയിലാണ് ഗുരുതരമായ ക്രമക്കേട് കണ്ടെത്തിയത്.
2025 ജനുവരി 16 മുതൽ മരിച്ച 16 ഗുണഭോക്താക്കളുടെ അക്കൗണ്ടുകളിലേക്കാണ് മരണശേഷവും പെൻഷൻ തുക കൈമാറിയത്. ഇത്തരത്തിൽ ഏകദേശം മൂന്ന് ലക്ഷം രൂപയുടെ സാമ്പത്തിക നഷ്ടം സർക്കാരിനുണ്ടായതായാണ് ഓഡിറ്റ് വിഭാഗത്തിന്റെ വിലയിരുത്തൽ.
ഗുണഭോക്താക്കളുടെ മരണശേഷം 10 മുതൽ 12 മാസം വരെയും പെൻഷൻ തുക ബാങ്ക് അക്കൗണ്ടുകളിലേക്ക് കൈമാറിയതായി പരിശോധനയിൽ കണ്ടെത്തി. കർഷക പെൻഷനും വാർധക്യകാല പെൻഷനുമാണ് ഇത്തരത്തിൽ വിതരണം ചെയ്തത്.
2024-25 സാമ്പത്തിക വർഷത്തെ ഓഡിറ്റ് റിപ്പോർട്ടിലാണ് ക്രമക്കേട് രേഖപ്പെടുത്തിയിരിക്കുന്നത്. 2020ലെ സർക്കാർ ഉത്തരവ് പ്രകാരം ഗുണഭോക്താവ് മരിച്ചാൽ അതേ മാസം തന്നെ പെൻഷൻ ഡാറ്റാബേസിൽ നിന്ന് പേര് നീക്കം ചെയ്യേണ്ടതാണ്. എന്നാൽ അടിമാലി പഞ്ചായത്തിൽ മരണപ്പെട്ട ഗുണഭോക്താക്കളുടെ വിവരങ്ങൾ യഥാസമയം ഡാറ്റാബേസിൽ നിന്ന് ഒഴിവാക്കിയില്ലെന്നാണ് പരിശോധനയിലെ കണ്ടെത്തൽ.
മരണവിവരങ്ങൾ കൃത്യമായി രേഖപ്പെടുത്തി പെൻഷൻ വിതരണം നിർത്തുന്നതിലെ വീഴ്ചയാണ് സർക്കാർ ഫണ്ട് അനധികൃതമായി കൈമാറുന്നതിലേക്ക് നയിച്ചതെന്നാണ് ഓഡിറ്റ് റിപ്പോർട്ടിലെ കണ്ടെത്തൽ.
Comments ()