ഫാർമസി ലൈസൻസിന് നാല് വർഷം; കുവൈത്തിൽ പുതിയ മാനദണ്ഡങ്ങളുമായി ആരോഗ്യ മന്ത്രാലയം
ഫാർമസി ലൈസൻസിംഗ് മുതൽ മരുന്നുകളുടെ സംഭരണം, വിതരണം, ഉപഭോക്താക്കൾക്ക് വീട്ടിലെത്തിക്കുന്ന സേവനം എന്നിവയുമായി ബന്ധപ്പെട്ട വിശദമായ വ്യവസ്ഥകളാണ് പുതിയ മന്ത്രിതല ഉത്തരവിൽ ഉൾപ്പെടുത്തിയിരിക്കുന്നത്
കുവൈത്ത് സിറ്റി: സ്വകാര്യ മേഖലയിലെ ഫാർമസികളുടെ പ്രവർത്തനം കൂടുതൽ കർശനമായി നിയന്ത്രിക്കുന്നതിനായി പുതിയ ചട്ടങ്ങൾ പ്രഖ്യാപിച്ച് കുവൈത്ത് ആരോഗ്യ മന്ത്രാലയം. ഫാർമസി ലൈസൻസിംഗ് മുതൽ മരുന്നുകളുടെ സംഭരണം, വിതരണം, ഉപഭോക്താക്കൾക്ക് വീട്ടിലെത്തിക്കുന്ന സേവനം എന്നിവയുമായി ബന്ധപ്പെട്ട വിശദമായ വ്യവസ്ഥകളാണ് പുതിയ മന്ത്രിതല ഉത്തരവിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
ആരോഗ്യമന്ത്രി ഡോ. അഹമ്മദ് അൽ-അവാദിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ഫാർമസി ജീവനക്കാരുടെ തൊഴിൽപരമായ ചുമതലകളും മേൽനോട്ട ഉത്തരവാദിത്തങ്ങളും പുതിയ നിയമാവലിയിൽ പ്രത്യേകം നിർവചിച്ചിട്ടുണ്ട്.
കുവൈത്തി ഫാർമസിസ്റ്റുകൾക്കും സഹകരണ സംഘങ്ങൾക്കും സ്വകാര്യ ആശുപത്രികൾക്കും ഫാർമസി നടത്തുന്നതിനുള്ള ലൈസൻസ് അനുവദിക്കുന്നതിന് ആവശ്യമായ മാനദണ്ഡങ്ങളും ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. സ്വകാര്യ ഫാർമസി ലൈസൻസിന്റെ കാലാവധി നാല് വർഷമായിരിക്കും.
ലൈസൻസ് പുതുക്കുന്നതിന് പാലിക്കേണ്ട നടപടിക്രമങ്ങൾക്കൊപ്പം ഫാർമസിയുടെ സ്ഥലം, വിസ്തീർണം എന്നിവയിൽ മാറ്റം വരുത്തുന്നതിനുള്ള വ്യവസ്ഥകളും പുതിയ ചട്ടങ്ങളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഫാർമസിയോട് അനുബന്ധിച്ച് പുതിയ ഗോഡൗണുകൾ സ്ഥാപിക്കുന്നതിനും നിശ്ചിത മാനദണ്ഡങ്ങൾ പാലിക്കേണ്ടതുണ്ട്.
ഫാർമസി താൽക്കാലികമായോ സ്ഥിരമായോ അടച്ചിടുന്നതിനും പിന്നീട് പ്രവർത്തനം പുനരാരംഭിക്കുന്നതിനുമുള്ള നടപടിക്രമങ്ങളും ഉത്തരവിൽ വിശദീകരിച്ചിട്ടുണ്ട്. ഇതിന് ആവശ്യമായ പരിശോധനകൾ, യോഗ്യതകൾ, ബന്ധപ്പെട്ട അധികൃതരുടെ അംഗീകാരം എന്നിവയും നിർബന്ധമാക്കിയിട്ടുണ്ട്.
മരുന്നുകളുടെയും മെഡിക്കൽ ഉൽപ്പന്നങ്ങളുടെയും സുരക്ഷിതമായ സംഭരണവും വിതരണം ഉറപ്പാക്കുന്നതിനൊപ്പം സ്വകാര്യ ഫാർമസികളുടെ പ്രവർത്തനത്തിൽ കൂടുതൽ വ്യക്തതയും മേൽനോട്ടവും ഉറപ്പാക്കുകയാണ് പുതിയ ചട്ടങ്ങളുടെ ലക്ഷ്യമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Comments ()