മാർപാപ്പയ്ക്ക് ശ്വാസകോശ കാൻസർ; രോഗമുക്തിക്കായി പ്രാർത്ഥനയിൽ വിശ്വാസികൾ
റോമിലെ ജെമെല്ലി ആശുപത്രിയിൽ ചൊവ്വാഴ്ച നടന്ന ശസ്ത്രക്രിയയിൽ മാർപാപ്പയുടെ വലത് ശ്വാസകോശത്തിലെ താഴത്തെ ഭാഗം നീക്കം ചെയ്തിരുന്നു. 90 മിനിറ്റ് നീണ്ട ശസ്ത്രക്രിയ വിജയകരമായിരുന്നുവെന്നും നിലവിൽ അദ്ദേഹം ആശുപത്രിയിൽ വിശ്രമത്തിലാണെന്നും മെഡിക്കൽ സംഘം അറിയിച്ചു
റോം: ലിയോ പതിനാലാമൻ മാർപാപ്പയ്ക്ക് ശ്വാസകോശ കാൻസർ സ്ഥിരീകരിച്ചതായി വത്തിക്കാൻ മെഡിക്കൽ ബുള്ളറ്റിൻ. ശ്വാസകോശത്തിൽ നടത്തിയ ശസ്ത്രക്രിയയ്ക്കിടെ ശേഖരിച്ച കോശകലകളുടെ പരിശോധനയിലാണ് ലങ് അഡിനോകാർസിനോമ കണ്ടെത്തിയത്. റോമിലെ ജെമെല്ലി ആശുപത്രിയിൽ ചൊവ്വാഴ്ച നടന്ന ശസ്ത്രക്രിയയിൽ മാർപാപ്പയുടെ വലത് ശ്വാസകോശത്തിലെ താഴത്തെ ഭാഗം നീക്കം ചെയ്തിരുന്നു. 90 മിനിറ്റ് നീണ്ട ശസ്ത്രക്രിയ വിജയകരമായിരുന്നുവെന്നും നിലവിൽ അദ്ദേഹം ആശുപത്രിയിൽ വിശ്രമത്തിലാണെന്നും മെഡിക്കൽ സംഘം അറിയിച്ചു.
രോഗം പ്രാരംഭ ഘട്ടത്തിൽ കണ്ടെത്താനായത് ചികിത്സയുടെ കാര്യത്തിൽ പ്രതീക്ഷ നൽകുന്നതാണെന്ന് ഡോക്ടർമാർ വ്യക്തമാക്കി. ശസ്ത്രക്രിയയ്ക്കുശേഷം മാർപാപ്പ സാധാരണ നിലയിൽ ബോധം വീണ്ടെടുത്തതായും ആരോഗ്യനില നിരീക്ഷിച്ചുവരികയാണെന്നും റിപ്പോർട്ടിൽ പറയുന്നു. ആരോഗ്യപരമായ മുൻകരുതലിന്റെ ഭാഗമായി ഒക്ടോബർ 20 വരെ നിശ്ചയിച്ചിരുന്ന എല്ലാ പൊതുപരിപാടികളും കൂടിക്കാഴ്ചകളും റദ്ദാക്കിയിട്ടുണ്ട്. നവംബർ ആദ്യവാരം നടത്താനിരുന്ന ലാറ്റിൻ അമേരിക്കൻ പര്യടനത്തിന്റെ കാര്യത്തിൽ പിന്നീട് തീരുമാനമെടുക്കും.
1955-ൽ അമേരിക്കയിലെ ഷിക്കാഗോയിൽ റോബർട്ട് പ്രിവോസ്റ്റ് എന്ന പേരിൽ ജനിച്ച ലിയോ പതിനാലാമൻ മാർപാപ്പയ്ക്ക് 71 വയസ്സാണ്. സമീപകാലം വരെ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നില്ല. കാൻസർ സ്ഥിരീകരിച്ച വാർത്ത പുറത്തുവന്നതോടെ ലോകമെമ്പാടുമുള്ള കത്തോലിക്കാ വിശ്വാസികൾ അദ്ദേഹത്തിന്റെ ആരോഗ്യവീണ്ടെടുപ്പിനായി പ്രാർത്ഥനകൾ നടത്തുകയാണ്.
Comments ()