പ്രിയദർശിനി പദ്ധതി തിരിച്ചടിയായി; സമരത്തിനൊരുങ്ങി സ്വകാര്യ ബസ് ഉടമകൾ
സ്വകാര്യ ബസുകളുടെ പ്രധാന ആവശ്യം മിനിമം യാത്രാനിരക്ക് 15 രൂപയായി ഉയർത്തണമെന്നതാണ്. നിലവിലെ സാഹചര്യത്തിൽ സ്വകാര്യ ബസ് മേഖല നേരിടുന്ന സാമ്പത്തിക പ്രതിസന്ധിക്ക് റിപ്പോർട്ടിലെ ശുപാർശകൾ പരിഹാരമാകില്ലെന്നും ഉടമകൾ പറയുന്നു.
പാലക്കാട്: സംസ്ഥാനത്ത് സ്വകാര്യ ബസ് ഉടമകൾ സമരത്തിനൊരുങ്ങുന്നു. കെഎസ്ആർടിസിയുടെ പ്രിയദർശിനി പദ്ധതി സ്വകാര്യ ബസ് മേഖലയെ പ്രതികൂലമായി ബാധിച്ചെന്ന പരാതിയിൽ നിയോഗിച്ച വിദഗ്ധ സമിതിയുടെ റിപ്പോർട്ടിലെ നിർദേശങ്ങൾ തങ്ങളുടെ പ്രധാന ആവശ്യങ്ങൾ പരിഗണിക്കുന്നതല്ലെന്നാണ് ഉടമകളുടെ നിലപാട്. സമരത്തിന്റെ വിശദാംശങ്ങളും പ്രഖ്യാപനവും മറ്റന്നാൾ ഉണ്ടാകുമെന്നാണ് അറിയിപ്പ്.
സ്വകാര്യ ബസുകളുടെ പ്രധാന ആവശ്യം മിനിമം യാത്രാനിരക്ക് 15 രൂപയായി ഉയർത്തണമെന്നതാണ്. നിലവിലെ സാഹചര്യത്തിൽ സ്വകാര്യ ബസ് മേഖല നേരിടുന്ന സാമ്പത്തിക പ്രതിസന്ധിക്ക് റിപ്പോർട്ടിലെ ശുപാർശകൾ പരിഹാരമാകില്ലെന്നും ഉടമകൾ പറയുന്നു.
പ്രിയദർശിനി പദ്ധതി നടപ്പാക്കിയതിനെ തുടർന്ന് ഒരേ റൂട്ടുകളിൽ കെഎസ്ആർടിസിയും സ്വകാര്യ ബസുകളും സർവീസ് നടത്തുന്നത് സ്വകാര്യ മേഖലയ്ക്ക് വരുമാന നഷ്ടമുണ്ടാക്കുന്നുവെന്നാണ് വിദഗ്ധ സമിതിയുടെ വിലയിരുത്തൽ. ഇതിന് പരിഹാരമായി കെഎസ്ആർടിസി ഷെഡ്യൂളുകളിൽ മാറ്റം വരുത്താനും റൂട്ടുകളും സമയക്രമങ്ങളും പുനഃക്രമീകരിക്കാനും സമിതി നിർദേശിച്ചിട്ടുണ്ട്.
സ്വകാര്യ ബസുകൾ പാട്ടത്തിന് എടുക്കുന്നതടക്കമുള്ള നിർദേശങ്ങളും റിപ്പോർട്ടിലുണ്ട്. എന്നാൽ, തങ്ങളുടെ സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിനോ പ്രതീക്ഷ നൽകുന്നതിനോ ഉതകുന്ന നിർദേശങ്ങളൊന്നും റിപ്പോർട്ടിലില്ലെന്നാണ് സ്വകാര്യ ബസ് ഉടമകളുടെ പ്രതികരണം.
ഇതോടെയാണ് സമരത്തിലേക്ക് നീങ്ങാനുള്ള തീരുമാനത്തിലേക്ക് ഉടമകൾ എത്തിയിരിക്കുന്നത്. മറ്റന്നാൾ സമര പ്രഖ്യാപനം നടത്തുമെന്നും അവർ അറിയിച്ചു.
Comments ()