മഴയ്ക്ക് നേരിയ ആശ്വാസം; മുന്നറിയിപ്പ് പുതുക്കി, അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ട്

പുതിയ മുന്നറിയിപ്പ് പ്രകാരം ഇന്ന് പത്തനംതിട്ട, കോട്ടയം, ഇടുക്കി, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് തീവ്രമഴയ്ക്ക് സാധ്യത കണക്കിലെടുത്ത് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്

മഴയ്ക്ക് നേരിയ ആശ്വാസം; മുന്നറിയിപ്പ് പുതുക്കി, അഞ്ച് ജില്ലകളിൽ  ഓറഞ്ച് അലർട്ട്

തിരുവനന്തപുരം: ദിവസങ്ങളായി ശക്തമായ മഴയും വെള്ളപ്പൊക്കവും അനുഭവപ്പെട്ട കേരളത്തിൽ മഴയുടെ തീവ്രതയിൽ നേരിയ കുറവ് രേഖപ്പെടുത്തി. ഇതോടെ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഴ മുന്നറിയിപ്പ് പുതുക്കി. നേരത്തെ എല്ലാ ജില്ലകൾക്കും നൽകിയിരുന്ന മുന്നറിയിപ്പിൽ മാറ്റം വരുത്തി തിരുവനന്തപുരം, കൊല്ലം ജില്ലകളെ പട്ടികയിൽ നിന്ന് ഒഴിവാക്കി.

പുതിയ മുന്നറിയിപ്പ് പ്രകാരം ഇന്ന് പത്തനംതിട്ട, കോട്ടയം, ഇടുക്കി, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് തീവ്രമഴയ്ക്ക് സാധ്യത കണക്കിലെടുത്ത് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ബാക്കി ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ യെല്ലോ അലർട്ട് തുടരുകയാണ്.

വ്യാഴാഴ്ചയും സംസ്ഥാനത്തിന്റെ മധ്യ-വടക്കൻ മേഖലകളിൽ മഴ സജീവമായിരിക്കുമെന്നാണ് പ്രവചനം. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, കണ്ണൂർ, കാസർകോട് ജില്ലകളിൽ തീവ്രമഴയ്ക്കും മറ്റ് ജില്ലകളിൽ ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.

വെള്ളിയാഴ്ച മഴയുടെ ശക്തി പ്രധാനമായും മലബാർ മേഖലയിലേക്ക് മാറുമെന്നാണ് വിലയിരുത്തൽ. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളപ്പോൾ മറ്റ് ജില്ലകളിൽ യെല്ലോ അലർട്ട് തുടരും.

സംസ്ഥാനത്ത് മഴ തുടരാൻ കാരണമാകുന്ന അന്തരീക്ഷ സാഹചര്യങ്ങളും കാലാവസ്ഥ വകുപ്പ് വിശദീകരിച്ചു. തെക്കൻ കർണാടകയ്ക്ക് മുകളിലായി ഉയർന്ന അന്തരീക്ഷത്തിൽ ഒരു ചക്രവാതച്ചുഴി നിലനിൽക്കുന്നു.

ഇതിന് പുറമെ മധ്യ-പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും ആന്ധ്രാപ്രദേശ് തീരത്തിനും സമീപമായി മറ്റൊരു ചക്രവാതച്ചുഴിയും രൂപപ്പെട്ടിട്ടുണ്ട്. ഈ രണ്ട് സംവിധാനങ്ങളുടെയും സ്വാധീനത്തിൽ ശനിയാഴ്ചവരെ സംസ്ഥാനത്ത് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായതോ തീവ്രമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.

അതിനാൽ മലയോര മേഖലകളിലും വെള്ളക്കെട്ടിന് സാധ്യതയുള്ള പ്രദേശങ്ങളിലുമുള്ളവർ ജാഗ്രത പാലിക്കണമെന്നും ഔദ്യോഗിക മുന്നറിയിപ്പുകൾ കൃത്യമായി പിന്തുടരണമെന്നും അധികൃതർ നിർദേശിച്ചു.