മഴ മുന്നറിയിപ്പ്: വിനോദസഞ്ചാര കേന്ദ്രങ്ങളിൽ നിയന്ത്രണം ശക്തമാക്കാൻ നിർദേശം
കാലാവസ്ഥാ മുന്നറിയിപ്പുകൾ പിൻവലിക്കുന്നതുവരെ നിയന്ത്രണങ്ങൾ തുടരണം. മണ്ണിടിച്ചിലിനും ഉരുൾപൊട്ടലിനും സാധ്യതയുള്ള മലയോര മേഖലകളിലും മഴ അവസാനിക്കുന്നതുവരെ വിനോദസഞ്ചാരികൾക്ക് നിയന്ത്രണം ഏർപ്പെടുത്തണമെന്ന് അധികൃതർ നിർദേശിച്ചു.
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമാകുന്ന സാഹചര്യത്തിൽ വിനോദസഞ്ചാരികളുടെ സുരക്ഷ ഉറപ്പാക്കാൻ ടൂറിസം വകുപ്പിനും ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലുകൾക്കും (ഡിടിപിസി) പ്രത്യേക നിർദേശം. ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച ജില്ലകളിലും മഴ വ്യാപിക്കുന്ന സമീപ പ്രദേശങ്ങളിലുമുള്ള വെള്ളച്ചാട്ടങ്ങൾ, ജലാശയങ്ങൾ എന്നിവ കേന്ദ്രീകരിച്ചുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്താനാണ് നിർദേശം.
കാലാവസ്ഥാ മുന്നറിയിപ്പുകൾ പിൻവലിക്കുന്നതുവരെ നിയന്ത്രണങ്ങൾ തുടരണം. മണ്ണിടിച്ചിലിനും ഉരുൾപൊട്ടലിനും സാധ്യതയുള്ള മലയോര മേഖലകളിലും മഴ അവസാനിക്കുന്നതുവരെ വിനോദസഞ്ചാരികൾക്ക് നിയന്ത്രണം ഏർപ്പെടുത്തണമെന്ന് അധികൃതർ നിർദേശിച്ചു.
അപകട സാധ്യതയുള്ള റോഡുകളിലും മലയോര പാതകളിലും മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കുകയും ആവശ്യമായ യാത്രാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും വേണം. അപകടസാധ്യതയുള്ള സ്ഥലങ്ങളിലേക്ക് സഞ്ചാരികൾ പ്രവേശിക്കുന്നത് തടയുന്നതിനുള്ള നടപടികളും സ്വീകരിക്കണം.
ടൂറിസ്റ്റുകൾക്ക് അടിയന്തര വിവരങ്ങൾ ഉറപ്പാക്കണം
മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വിദേശ രാജ്യങ്ങളിൽ നിന്നും കേരളത്തിലെത്തിയ സഞ്ചാരികൾക്കും കാലാവസ്ഥാ മുന്നറിയിപ്പുകൾ കൃത്യമായി ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും നിർദേശമുണ്ട്. അപകടത്തിൽപ്പെടുകയോ ഒറ്റപ്പെട്ടുപോകുകയോ ചെയ്യുന്ന സാഹചര്യത്തിൽ ബന്ധപ്പെടേണ്ട അടിയന്തര നമ്പറുകൾ വിനോദസഞ്ചാരികൾക്കിടയിൽ വ്യാപകമായി പ്രചരിപ്പിക്കണം.
മുന്നറിയിപ്പ് നിലനിൽക്കുന്ന കാലയളവിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന പ്രത്യേക കൺട്രോൾ റൂമുകൾ സജ്ജമാക്കാനും നിർദേശിച്ചിട്ടുണ്ട്. വിനോദസഞ്ചാര കേന്ദ്രങ്ങളിലെ നിയന്ത്രണങ്ങൾ സംബന്ധിച്ച വിവരങ്ങൾ മാധ്യമങ്ങളിലൂടെയും സമൂഹമാധ്യമങ്ങളിലൂടെയും അറിയിക്കണം.
നിയന്ത്രണങ്ങൾ സംബന്ധിച്ച വിവരങ്ങൾ പൊലീസ്, ദുരന്തനിവാരണ വിഭാഗം, അഗ്‌നിരക്ഷാസേന എന്നിവയുടെ കൺട്രോൾ റൂമുകൾക്കും കൈമാറണമെന്നും അധികൃതർ വ്യക്തമാക്കി.
Comments ()