റോണോയുടെ റീബൂട്ട്; ഇരുണ്ട ആഴ്ചയ്ക്ക് ശേഷം ലോകകപ്പിൽ തകർപ്പൻ തിരിച്ചുവരവ്

കോംഗോയ്‌ക്കെതിരായ മത്സരത്തിലെ നിരാശാജനക പ്രകടനത്തിന് പിന്നാലെ താരത്തെ ആദ്യ ഇലവനിൽ നിന്ന് ഒഴിവാക്കണമെന്ന ആവശ്യം ഉയർന്നിരുന്നെങ്കിലും, പരിശീലകൻ റോബർട്ടോ മാർട്ടിനെസ് അദ്ദേഹത്തിൽ വിശ്വാസം നിലനിർത്തി

റോണോയുടെ റീബൂട്ട്; ഇരുണ്ട ആഴ്ചയ്ക്ക് ശേഷം ലോകകപ്പിൽ തകർപ്പൻ തിരിച്ചുവരവ്
Cristiano Ronaldo

ഹൂസ്റ്റൺ: വിമർശനങ്ങൾക്കും സംശയങ്ങൾക്കും ശക്തമായ മറുപടി നൽകി ക്രിസ്റ്റ്യാനോ റൊണാൾഡോ ലോകകപ്പിൽ തിളങ്ങി. ഉസ്‌ബെക്കിസ്ഥാനെതിരായ മത്സരത്തിൽ രണ്ട് ഗോളുകൾ നേടിയ 41-കാരൻ, ലോകകപ്പിലെ തന്റെ ആകെ ഗോൾനേട്ടം പത്തിലേക്ക് ഉയർത്തി. ഇതോടെ പോർച്ചുഗീസ് ഇതിഹാസം യൂസേബിയോയുടെ റെക്കോർഡ് മറികടന്ന് രാജ്യത്തിനായി ലോകകപ്പിൽ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരമായി റൊണാൾഡോ മാറി.

2006 മുതൽ തുടർച്ചയായി ആറു ലോകകപ്പുകളിൽ ഗോൾ നേടുന്ന ആദ്യ താരമെന്ന നേട്ടവും റൊണാൾഡോ സ്വന്തമാക്കി. കോംഗോയ്‌ക്കെതിരായ മത്സരത്തിലെ നിരാശാജനക പ്രകടനത്തിന് പിന്നാലെ താരത്തെ ആദ്യ ഇലവനിൽ നിന്ന് ഒഴിവാക്കണമെന്ന ആവശ്യം ഉയർന്നിരുന്നെങ്കിലും, പരിശീലകൻ റോബർട്ടോ മാർട്ടിനെസ് അദ്ദേഹത്തിൽ വിശ്വാസം നിലനിർത്തി.

മത്സരശേഷം സംസാരിച്ച റൊണാൾഡോ, കഴിഞ്ഞ ദിവസങ്ങൾ തനിക്ക് ഏറെ പ്രയാസകരമായിരുന്നുവെന്നും കഠിനാധ്വാനത്തിലൂടെയാണ് തിരിച്ചുവരവ് സാധ്യമായതെന്നും പറഞ്ഞു. റെക്കോർഡുകൾ സന്തോഷം നൽകുന്നുണ്ടെങ്കിലും ടീമിന്റെ വിജയമാണ് തന്റെ പ്രധാന ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.