‘ടിക്കറ്റ് എടുത്തിട്ടും ഇരിപ്പിടം നഷ്ടം’; കെഎസ്ആർടിസി ബസിൽ യുവാവിന്റെ അനുഭവം ചർച്ചയാകുന്നു

താൻ ടിക്കറ്റെടുത്ത് യാത്ര ചെയ്യുന്ന യാത്രക്കാരനാണെന്നും ആ സീറ്റ് തന്റേതാണെന്ന്‌ പലതവണ വ്യക്തമാക്കിയെങ്കിലും സീറ്റ് ഒഴിഞ്ഞുനൽകാൻ ആരും തയ്യാറായില്ലെന്നാണ് യുവാവിന്റെ പരാതി

‘ടിക്കറ്റ് എടുത്തിട്ടും ഇരിപ്പിടം നഷ്ടം’; കെഎസ്ആർടിസി ബസിൽ യുവാവിന്റെ അനുഭവം ചർച്ചയാകുന്നു

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ബസിൽ യാത്രയ്ക്കിടെ നേരിട്ട ദുരനുഭവം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ച് തമിഴ്നാട് സ്വദേശിയായ യുവാവിന്റെ വീഡിയോ വ്യാപക ചർച്ചയാകുന്നു. തമിഴ്നാട്ടിൽ യാത്ര ചെയ്യുമ്പോൾ ലഭിച്ച പരിഗണന കേരളത്തിൽ ലഭിച്ചില്ലെന്നാണ് യുവാവിന്റെ ആരോപണം. ബസിൽ നിന്ന് അൽപസമയം ഇറങ്ങി വെള്ളക്കുപ്പി വാങ്ങി തിരിച്ചെത്തിയപ്പോൾ തന്റെ സീറ്റ് മറ്റൊരു കുടുംബം കൈവശപ്പെടുത്തിയെന്നും അത് തിരികെ ലഭിക്കാനുള്ള ശ്രമം പരാജയപ്പെട്ടുവെന്നും യുവാവ് വീഡിയോയിൽ പറയുന്നു.

താൻ ടിക്കറ്റെടുത്ത് യാത്ര ചെയ്യുന്ന യാത്രക്കാരനാണെന്നും ആ സീറ്റ് തന്റേതാണെന്ന്‌ പലതവണ വ്യക്തമാക്കിയെങ്കിലും സീറ്റ് ഒഴിഞ്ഞുനൽകാൻ ആരും തയ്യാറായില്ലെന്നാണ് യുവാവിന്റെ പരാതി. സീറ്റിനെച്ചൊല്ലിയുള്ള തർക്കത്തിനിടെ സഹയാത്രികരും കണ്ടക്ടറും തന്റെ വാദത്തിന് പിന്തുണ നൽകിയില്ലെന്നും പകരം തനിക്കെതിരെയാണ് പ്രതികരിച്ചതെന്നും അദ്ദേഹം ആരോപിക്കുന്നു. ചുറ്റുമുണ്ടായിരുന്ന ചില സ്ത്രീകളുമായി വാക്കുതർക്കം നടക്കുന്നതും വീഡിയോയിൽ ദൃശ്യമാണ്.

സീറ്റ് മുൻകൂട്ടി ബുക്ക് ചെയ്തതല്ലെങ്കിൽ അവകാശവാദം ഉന്നയിക്കാനാവില്ലെന്ന നിലപാടാണ് ചില യാത്രക്കാർ സ്വീകരിച്ചതായി വീഡിയോയിൽ കേൾക്കാം. എന്നാൽ ടിക്കറ്റ് എടുത്ത യാത്രക്കാരനായതിനാൽ യാത്ര തുടരാൻ ഇരിപ്പിടം ലഭിക്കേണ്ടതായിരുന്നുവെന്നാണ് യുവാവ് ആവർത്തിച്ച് പറയുന്നത്. നിരവധി തവണ ആവശ്യപ്പെട്ടിട്ടും സീറ്റ് തിരികെ ലഭിച്ചില്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ നിരവധി മലയാളികൾ പ്രതികരണവുമായി രംഗത്തെത്തി. പണം നൽകി യാത്ര ചെയ്യുന്നവർക്കാണ് ആദ്യം ഇരിപ്പിടം ഉറപ്പാക്കേണ്ടതെന്നും സൗജന്യ യാത്രാ പദ്ധതികൾ ദുരുപയോഗം ചെയ്യരുതെന്നും ചിലർ അഭിപ്രായപ്പെട്ടു. കെ.എസ്.ആർ.ടി.സിയിലെ യാത്രാനുഭവങ്ങളെയും യാത്രാ ശിസ്തത്തെയും വിമർശിച്ചും നിരവധി കമന്റുകൾ പ്രത്യക്ഷപ്പെട്ടു.

അതേസമയം, തമിഴ്നാട് സ്വദേശിയായ യുവാവിന് കേരളത്തിൽ ഉണ്ടായ അനുഭവത്തിൽ ഖേദം പ്രകടിപ്പിച്ചും ചില മലയാളി സമൂഹമാധ്യമ ഉപയോക്താക്കൾ പ്രതികരിച്ചു. യാത്രക്കാരോടുള്ള പെരുമാറ്റത്തിലും പൊതുഗതാഗതത്തിലെ യാത്രാ മര്യാദയിലും കൂടുതൽ ശ്രദ്ധ വേണമെന്ന ആവശ്യവും നിരവധി കമന്റുകളിൽ ഉയരുന്നുണ്ട്. വീഡിയോ പുറത്തുവന്നതോടെ സംഭവം സമൂഹമാധ്യമങ്ങളിൽ വ്യാപക ചർച്ചയ്ക്ക് വഴിവെച്ചിരിക്കുകയാണ്.