ഷെയറിംഗ് റൂമുകൾ നൽകാൻ മുൻകൂട്ടി അനുമതി വേണം; ദുബായിൽ കെട്ടിട നിയമങ്ങൾ കൂടുതൽ കർശനമാക്കി
കെട്ടിടങ്ങളിലെ താമസക്കാരുടെ എണ്ണം നിയന്ത്രിക്കാനും അനധികൃത താമസരീതികൾ തടയാനുമാണ് ഈ നിയമത്തിലൂടെ ലക്ഷ്യമിടുന്നത്
ദുബായ്: അപ്പാര്‍ട്ട്മെന്റുകളും മുറികളും പങ്കിട്ടുള്ള (ഷെയറിംഗ്) താമസരീതികള്‍ക്ക് കര്‍ശനമായ പുതിയ നിയമം പ്രഖ്യാപിച്ച് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം. കെട്ടിട ഉടമകളുടെയും വാടകക്കാരുടെയും അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും അനധികൃത ബാച്ചിലര്‍, സബ്-ലീസ് താമസങ്ങള്‍ തടയുന്നതിനുമാണ് പുതിയ ഉത്തരവ്.
ഇനി മുതല്‍ ദുബായ് മുനിസിപ്പാലിറ്റിയുടെ പൂര്‍ണ്ണമായ മുന്‍കൂര്‍ അനുമതിയില്ലാതെ ഷെയറിംഗ് അടിസ്ഥാനത്തില്‍ താമസസൗകര്യം നല്‍കുന്നത് പൂര്‍ണ്ണമായും നിയമവിരുദ്ധമാണ്. നിയമലംഘനം നടത്തുന്നവര്‍ക്കെതിരെ കടുത്ത പിഴശിക്ഷയാണ് വ്യവസ്ഥ ചെയ്തിരിക്കുന്നത്. ലംഘനത്തിന്റെ സ്വഭാവമനുസരിച്ച് 500 ദിര്‍ഹം മുതല്‍ 5 ലക്ഷം ദിര്‍ഹം വരെ പിഴ ലഭിക്കാം. ഒരു വര്‍ഷത്തിനുള്ളില്‍ കുറ്റം ആവര്‍ത്തിച്ചാല്‍ പിഴത്തുക 10 ലക്ഷം ദിര്‍ഹം (1 മില്യണ്‍ ദിര്‍ഹം) വരെയായി ഉയര്‍ത്തും.
പെര്‍മിറ്റ് കാലാവധി: സാധാരണയായി ഒരു വര്‍ഷത്തേക്കാണ് അനുമതി പത്രം നല്‍കുക. അപേക്ഷ അനുസരിച്ച് ഇത് പരമാവധി രണ്ട് വര്‍ഷം വരെ ലഭിക്കും. കാലാവധി കഴിയുന്നതിന് 30 ദിവസം മുമ്പ് പുതുക്കല്‍ അപേക്ഷ നല്‍കണം.
സബ്-ലീസിംഗിന് വിലക്ക്: കെട്ടിട ഉടമസ്ഥര്‍ക്കോ ലൈസന്‍സുള്ള റിയല്‍ എസ്റ്റേറ്റ് ഏജന്‍സികള്‍ക്കോ മാത്രമേ ഷെയറിംഗ് അടിസ്ഥാനത്തില്‍ റൂമുകള്‍ വാടകയ്ക്ക് നല്‍കാന്‍ അനുവാദമുള്ളൂ. വാടകക്കാര്‍ വാടകയ്ക്കെടുത്ത മുറികള്‍ മറ്റുള്ളവര്‍ക്ക് മറിച്ച് വാടകയ്ക്ക് നല്‍കുന്നത് പൂര്‍ണ്ണമായും നിരോധിച്ചു.
താമസ മാനദണ്ഡങ്ങള്‍: സുരക്ഷ, ആവശ്യത്തിന് വായുസഞ്ചാരം, ശുചിത്വം, തീപിടിത്ത പ്രതിരോധ സൗകര്യങ്ങള്‍, വ്യക്തിഗത വിസ്തീര്‍ണം എന്നിവ പരിശോധിച്ച ശേഷമേ അനുമതി പത്രം അനുവദിക്കൂ.
Comments ()