'ചില കൂടിക്കാഴ്ചകൾ സ്വകാര്യമായിരിക്കും'; നിക്ഷേപകരുമായുള്ള കൂടിക്കാഴ്ചയിൽ മറുപടിയുമായി മുഖ്യമന്ത്രി

സംസ്ഥാനം പ്രളയത്തിന്റെ വെല്ലുവിളി നേരിടുന്ന സമയത്തും ഇത്തരം വിഷയങ്ങൾ വിവാദമാക്കുന്നതിലാണ് ചിലരുടെ ശ്രദ്ധയെന്ന് മുഖ്യമന്ത്രി വിമർശിച്ചു. ഇക്കാര്യത്തിൽ നേരത്തെ തന്നെ വിശദീകരണം നൽകിയിട്ടുണ്ടെന്നും ഇനി കൂടുതൽ പ്രതികരിക്കാനില്ലെന്നും അദ്ദേഹം വ്യക്തമാക്കി

'ചില കൂടിക്കാഴ്ചകൾ സ്വകാര്യമായിരിക്കും'; നിക്ഷേപകരുമായുള്ള കൂടിക്കാഴ്ചയിൽ മറുപടിയുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: കൊച്ചിയിൽ സ്വകാര്യ നിക്ഷേപകരുമായി നടത്തിയ കൂടിക്കാഴ്ചയെ ചൊല്ലിയ വിവാദങ്ങൾക്ക് വീണ്ടും മറുപടിയുമായി മുഖ്യമന്ത്രി വി.ഡി. സതീശൻ. നിക്ഷേപകരുമായി ചില കൂടിക്കാഴ്ചകൾ പരസ്യമായും ചിലത് സാഹചര്യാനുസരണം സ്വകാര്യമായും നടക്കുന്നത് സ്വാഭാവികമാണെന്നും അതിൽ അസ്വാഭാവികതയില്ലെന്നും അദ്ദേഹം പറഞ്ഞു. താൻ എറണാകുളത്ത് ഉണ്ടായിരുന്നതിനാലാണ് നിക്ഷേപകർ അവിടെ എത്തി കൂടിക്കാഴ്ച നടത്തിയതെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.

സംസ്ഥാനം പ്രളയത്തിന്റെ വെല്ലുവിളി നേരിടുന്ന സമയത്തും ഇത്തരം വിഷയങ്ങൾ വിവാദമാക്കുന്നതിലാണ് ചിലരുടെ ശ്രദ്ധയെന്ന് മുഖ്യമന്ത്രി വിമർശിച്ചു. ഇക്കാര്യത്തിൽ നേരത്തെ തന്നെ വിശദീകരണം നൽകിയിട്ടുണ്ടെന്നും ഇനി കൂടുതൽ പ്രതികരിക്കാനില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പ്രിയദർശിനി പദ്ധതിയെക്കുറിച്ചുള്ള വിവാദ പരാമർശത്തിൽ ഗതാഗതമന്ത്രി സി.പി. ജോൺ ഖേദം പ്രകടിപ്പിച്ചതിനാൽ ആ വിഷയം അവസാനിപ്പിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

അതേസമയം, മഴക്കെടുതി നേരിട്ട ജനങ്ങൾക്ക് കൂടുതൽ ആശ്വാസം നൽകുന്ന നിരവധി തീരുമാനങ്ങളും സർക്കാർ പ്രഖ്യാപിച്ചു. കൃഷിനാശത്തിനുള്ള നഷ്ടപരിഹാരം 25 ശതമാനം വർധിപ്പിക്കാൻ തീരുമാനിച്ചതായി മുഖ്യമന്ത്രി അറിയിച്ചു. വെള്ളപ്പൊക്കത്തിൽ കടകൾക്ക് നാശനഷ്ടമുണ്ടായി ഉപജീവനമാർഗം നഷ്ടപ്പെട്ട ചെറുകിട വ്യാപാരികൾക്ക് 10,000 രൂപ വീതം ധനസഹായം നൽകുമെന്നും അദ്ദേഹം പറഞ്ഞു. 2018, 2019 പ്രളയകാലത്തുപോലും ഇത്തരമൊരു സഹായം നൽകിയിരുന്നില്ലെന്നും ഇത് പുതിയ തീരുമാനമാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.