ശക്തമായ കാറ്റിന് സാധ്യത, നാല് ദിവസം ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി, മുന്നറിയിപ്പ്
ശക്തമായ കാറ്റ് മൂലം മരങ്ങൾ കടപുഴകുകയോ വലിയ ശിഖരങ്ങൾ ഒടിഞ്ഞുവീഴുകയോ ചെയ്യാൻ സാധ്യതയുള്ളതിനാൽ മഴയും കാറ്റും ശക്തമാകുന്ന സമയങ്ങളിൽ മരങ്ങളുടെ ചുവട്ടിൽ നിൽക്കുന്നതും വാഹനങ്ങൾ പാർക്ക് ചെയ്യുന്നതും ഒഴിവാക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിർദേശിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത നാല് ദിവസവും ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്നുമുതൽ ഓഗസ്റ്റ് 8 വരെ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പുണ്ട്.
ശക്തമായ കാറ്റ് മൂലം മരങ്ങൾ കടപുഴകുകയോ വലിയ ശിഖരങ്ങൾ ഒടിഞ്ഞുവീഴുകയോ ചെയ്യാൻ സാധ്യതയുള്ളതിനാൽ മഴയും കാറ്റും ശക്തമാകുന്ന സമയങ്ങളിൽ മരങ്ങളുടെ ചുവട്ടിൽ നിൽക്കുന്നതും വാഹനങ്ങൾ പാർക്ക് ചെയ്യുന്നതും ഒഴിവാക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിർദേശിച്ചു. അപകടസാധ്യതയുള്ള മരച്ചില്ലകൾ മുൻകരുതലായി മുറിച്ചുനീക്കാനും അധികൃതർ ആവശ്യപ്പെട്ടു.
കാറ്റിനെ തുടർന്ന് വൈദ്യുതി ലൈനുകളും പോസ്റ്റുകളും തകരാൻ സാധ്യതയുള്ളതിനാൽ, പൊട്ടിവീണ വൈദ്യുതി കമ്പികളിൽ നിന്ന് അകലം പാലിക്കണമെന്നും പൊതുജനങ്ങൾ സ്വമേധയാ അറ്റകുറ്റപ്പണികൾ നടത്താൻ ശ്രമിക്കരുതെന്നും മുന്നറിയിപ്പിൽ പറയുന്നു.
വൈദ്യുതി സംബന്ധമായ അപകടങ്ങളോ തകരാറുകളോ ശ്രദ്ധയിൽപ്പെട്ടാൽ കെഎസ്ഇബിയുടെ 1912 ഹെൽപ്‌ലൈനിലോ ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ 1077 കൺട്രോൾ റൂമിലോ ഉടൻ വിവരം അറിയിക്കണമെന്നും അധികൃതർ നിർദേശിച്ചു.
അതേസമയം, പത്ര-പാൽ വിതരണക്കാരും നിർമാണ മേഖലയിൽ ജോലി ചെയ്യുന്നവരും ഉൾപ്പെടെ തുറസായ സ്ഥലങ്ങളിൽ ജോലി ചെയ്യുന്നവർ പ്രത്യേക ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ മുന്നറിയിപ്പുകൾ കൃത്യമായി പിന്തുടരണമെന്നും ദുരന്ത നിവാരണ അതോറിറ്റി അഭ്യർഥിച്ചു.
Comments ()