‘മാധ്യമപ്രവർത്തകരും സാധാരണ പൗരന്മാർ’; റിപ്പോർട്ടർ റെയ്ഡിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ പ്രതികരണം

റെയ്ഡിനിടെ മാധ്യമസ്വാതന്ത്ര്യം സംബന്ധിച്ച ചോദ്യത്തിനായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം. സാധാരണ പൗരന്റെ വീട്ടിൽ പരിശോധന നടത്തുമ്പോൾ മുറ്റത്തോ വീട്ടിനകത്തോ പ്രവേശിക്കുന്നതുപോലെ തന്നെ വലിയ സ്ഥാപനങ്ങളിലും പരിശോധന നടക്കുമെന്നും അദ്ദേഹം പറഞ്ഞു

‘മാധ്യമപ്രവർത്തകരും സാധാരണ പൗരന്മാർ’; റിപ്പോർട്ടർ റെയ്ഡിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ പ്രതികരണം

തൃശൂര്‍: റിപ്പോർട്ടർ ചാനൽ ഓഫീസിലുണ്ടായ പൊലീസ് പരിശോധനയെക്കുറിച്ച് പ്രതികരിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി. പൊലീസ് പരിശോധനകൾ ആരുടെ സ്ഥാപനത്തിലായാലും നടക്കുമെന്നും അതിൽ പ്രത്യേക മാറ്റമൊന്നുമില്ലെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. മാധ്യമപ്രവർത്തകരും സാധാരണ പൗരന്മാർ തന്നെയാണെന്നും, അന്വേഷണത്തിന്റെ ഭാഗമായി പൊലീസിന് വിവിധ ഇടങ്ങളിൽ പരിശോധന നടത്താൻ കഴിയുമെന്നും സുരേഷ് ഗോപി പറഞ്ഞു.

റെയ്ഡിനിടെ മാധ്യമസ്വാതന്ത്ര്യം സംബന്ധിച്ച ചോദ്യത്തിനായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം. സാധാരണ പൗരന്റെ വീട്ടിൽ പരിശോധന നടത്തുമ്പോൾ മുറ്റത്തോ വീട്ടിനകത്തോ പ്രവേശിക്കുന്നതുപോലെ തന്നെ വലിയ സ്ഥാപനങ്ങളിലും പരിശോധന നടക്കുമെന്നും അദ്ദേഹം പറഞ്ഞു. വരുമാന നികുതി റെയ്ഡുകൾ ഉൾപ്പെടെയുള്ള പരിശോധനകൾ കുട്ടിക്കാലം മുതൽ കാണുന്നുണ്ടെന്നും, രാജ്യത്ത് ഈ സംവിധാനം നിലവിൽ വന്ന കാലം മുതൽ ഇത്തരം നടപടികൾ തുടരുകയാണെന്നും സുരേഷ് ഗോപി വ്യക്തമാക്കി. ആരായാലും പരിശോധനയിൽ മാറ്റമുണ്ടാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം മുഖ്യമന്ത്രി വി.ഡി. സതീശനെ പ്രശംസിച്ചും സുരേഷ് ഗോപി സംസാരിച്ചു. കേന്ദ്രമന്ത്രിയെന്ന നിലയിൽ സംസ്ഥാന സർക്കാരിൽനിന്ന് ഇപ്പോൾ മികച്ച സഹകരണം ലഭിക്കുന്നുണ്ടെന്നാണ് അദ്ദേഹത്തിന്റെ അവകാശവാദം. മൂന്ന് വലിയ പദ്ധതികൾക്ക് മുഖ്യമന്ത്രി പിന്തുണ അറിയിച്ചിട്ടുണ്ടെന്നും, പദ്ധതികൾ ഏതൊക്കെയാണെന്ന് ഇപ്പോൾ വെളിപ്പെടുത്തുന്നില്ലെന്നും സുരേഷ് ഗോപി പറഞ്ഞു. കഴിഞ്ഞ പത്ത് വർഷം എൽഡിഎഫ് സർക്കാരിൽനിന്ന് ലഭിക്കാതിരുന്ന പിന്തുണയാണ് ഇപ്പോൾ ലഭിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. 'റെഡ് ബുക്ക്' പരാമർശത്തിലും മാധ്യമങ്ങൾ വളച്ചൊടിച്ച് വാർത്തകൾ നൽകാതെ യാഥാർഥ്യം മനസ്സിലാക്കണമെന്ന് സുരേഷ് ഗോപി ആവശ്യപ്പെട്ടു.