പൂക്കളും പൂവിളികളുമായി തിരുവോണം; ആഘോഷത്തിമിർപ്പിൽ ലോകമെമ്പാടുമുള്ള മലയാളികൾ

കാലം മാറിയതോടെ ആഘോഷരീതികളിൽ നിരവധി പുതുമകൾ എത്തിയെങ്കിലും ഓണത്തിന്റെ ആവേശത്തിന് കുറവൊന്നുമില്ല. വീടുകളിലും സ്ഥാപനങ്ങളിലും പൂക്കളമൊരുക്കിയും ഓണസദ്യ ഒരുക്കിയും പുതുവസ്ത്രങ്ങൾ അണിഞ്ഞുമാണ് മലയാളികൾ തിരുവോണത്തെ വരവേൽക്കുന്നത്.

പൂക്കളും പൂവിളികളുമായി തിരുവോണം; ആഘോഷത്തിമിർപ്പിൽ ലോകമെമ്പാടുമുള്ള മലയാളികൾ

തിരുവനന്തപുരം: സന്തോഷത്തിന്റെയും ഐശ്വര്യത്തിന്റെയും പ്രതീക്ഷകളുമായി മലയാളികൾ ഇന്ന് തിരുവോണം ആഘോഷിക്കുന്നു. കേരളത്തിൽ മാത്രമല്ല, ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള മലയാളി സമൂഹങ്ങളും കുടുംബാംഗങ്ങളും സുഹൃത്തുക്കളും ഒത്തുചേർന്ന് ഓണാഘോഷത്തിന്റെ നിറവിലാണ്.

കാലം മാറിയതോടെ ആഘോഷരീതികളിൽ നിരവധി പുതുമകൾ എത്തിയെങ്കിലും ഓണത്തിന്റെ ആവേശത്തിന് കുറവൊന്നുമില്ല. വീടുകളിലും സ്ഥാപനങ്ങളിലും പൂക്കളമൊരുക്കിയും ഓണസദ്യ ഒരുക്കിയും പുതുവസ്ത്രങ്ങൾ അണിഞ്ഞുമാണ് മലയാളികൾ തിരുവോണത്തെ വരവേൽക്കുന്നത്.

ഐശ്വര്യവും സമൃദ്ധിയും നിറഞ്ഞ നല്ലകാലത്തിന്റെ പ്രതീക്ഷയാണ് ഓരോ ഓണക്കാലവും നൽകുന്നത്. മാവേലി തമ്പുരാനെ വരവേൽക്കാനുള്ള ഒരുക്കങ്ങളുടെ ഭാഗമായി പൂക്കളങ്ങളും പൂവിളികളും നാടെങ്ങും സജീവമാണ്. ഉത്രാടദിനത്തിൽ മഴ പെയ്തെങ്കിലും ഓണവിപണിയിലെ തിരക്ക് അതിനെ ബാധിച്ചില്ല. വസ്ത്രശാലകൾ, സൂപ്പർമാർക്കറ്റുകൾ, പഴം-പച്ചക്കറി വിപണികൾ എന്നിവിടങ്ങളിലെല്ലാം വലിയ തിരക്കാണ് അനുഭവപ്പെട്ടത്.

ഇത്തവണ ഓണം പതിനൊന്നാം ദിവസം

ജ്യോതിശാസ്ത്രപരമായ പ്രത്യേകത കൊണ്ടും ഇത്തവണത്തെ ഓണം ശ്രദ്ധേയമാണ്. സാധാരണയായി അത്തം നക്ഷത്രം ചിങ്ങമാസത്തിലാണ് വരുന്നത്. എന്നാൽ ഇത്തവണ അത്തം കർക്കടക മാസത്തിലാണ് ആരംഭിച്ചത്.

അത്തം കഴിഞ്ഞുള്ള പത്താം ദിവസമാണ് സാധാരണയായി തിരുവോണം എത്തുന്നത്. എന്നാൽ ഇത്തവണ പതിനൊന്നാം ദിവസമാണ് തിരുവോണം ആഘോഷിക്കുന്നത്. ഇടയ്ക്കുള്ള ചോതി നക്ഷത്രം രണ്ട് സൂര്യോദയങ്ങളിൽ വ്യാപിച്ചുകിടന്നതാണ് ദിവസങ്ങളുടെ എണ്ണത്തിൽ വന്ന വ്യത്യാസത്തിന് കാരണം.

ചിങ്ങമാസത്തിലെ തിരുവോണം നക്ഷത്രത്തിൽ തന്നെ ഓണം ആഘോഷിക്കണമെന്നതിനാലാണ് ഇത്തവണ കർക്കടകത്തിലെ അത്തം മുതൽ ഓണാഘോഷങ്ങൾക്ക് തുടക്കമായത്. പാരമ്പര്യവും പുതുമയും ഒരുമിക്കുന്ന തിരുവോണത്തെ വരവേൽക്കാൻ മലയാളി സമൂഹം ഒരുങ്ങിക്കഴിഞ്ഞു.