നിയന്ത്രണം വിട്ട ടിപ്പർ ട്രാക്കിലേക്ക്; ട്രെയിൻ ഗതാഗതം തടസപ്പെട്ടു
നിയന്ത്രണം വിട്ട ലോറി റെയിൽവേ ട്രാക്കിലേക്ക് പതിക്കുകയായിരുന്നു. വാഹനത്തിന്റെ മുൻഭാഗം പ്ലാറ്റ്‌ഫോമിലും പിൻഭാഗം ട്രാക്കിലുമായി കിടക്കുന്ന നിലയിലാണ്.
കണ്ണൂർ: മുക്കാളി റെയിൽവേ സ്റ്റേഷനിൽ ടിപ്പർ ലോറി റെയിൽവേ ട്രാക്കിലേക്ക് മറിഞ്ഞതോടെ ട്രെയിൻ ഗതാഗതം തടസപ്പെട്ടു. മാഹി-വടകര റൂട്ടിൽ ഇരുവശത്തേക്കുമുള്ള ട്രെയിൻ സർവീസുകളെയാണ് അപകടം ബാധിച്ചത്.
രാവിലെ 7.30ഓടെയായിരുന്നു സംഭവം. സ്റ്റേഷനിലെ പ്ലാറ്റ്‌ഫോം നവീകരണ ജോലികൾക്കായി മണ്ണുമായി എത്തിയ ടിപ്പർ ലോറിയാണ് അപകടത്തിൽപ്പെട്ടത്. പ്ലാറ്റ്‌ഫോമിലേക്ക് മണ്ണിറക്കുന്നതിനിടെ ഡ്രൈവർക്ക് അപസ്മാരം ഉണ്ടായതിനെ തുടർന്ന് വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടെന്നാണ് വിവരം.
നിയന്ത്രണം വിട്ട ലോറി റെയിൽവേ ട്രാക്കിലേക്ക് പതിക്കുകയായിരുന്നു. വാഹനത്തിന്റെ മുൻഭാഗം പ്ലാറ്റ്‌ഫോമിലും പിൻഭാഗം ട്രാക്കിലുമായി കിടക്കുന്ന നിലയിലാണ്.
അപകടത്തിൽ ഡ്രൈവർ ഉൾപ്പെടെ ആർക്കും പരിക്കേറ്റിട്ടില്ല. ട്രാക്കിൽ നിന്ന് ലോറി നീക്കം ചെയ്യുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്. വാഹനം മാറ്റിയശേഷം ട്രെയിൻ ഗതാഗതം പുനഃസ്ഥാപിക്കാനാണ് റെയിൽവേ അധികൃതരുടെ ശ്രമം.
സ്റ്റേഷനിലെ പ്ലാറ്റ്‌ഫോം വികസനത്തിന്റെ ഭാഗമായി നടക്കുന്ന നിർമാണ പ്രവർത്തനങ്ങൾക്കിടെയാണ് അപകടമുണ്ടായത്.
Comments ()