പാകിസ്ഥാനിൽ ട്രെയിൻ പാളം തെറ്റി; അഞ്ച് മരണം, നിരവധി പേർക്ക് പരിക്ക്
കറാച്ചിയിൽനിന്ന് പേഷ്വാറിലേക്ക് സർവീസ് നടത്തിയിരുന്ന റഹ്മാൻ ബാബ എക്സ്പ്രസാണ് അപകടത്തിൽപ്പെട്ടത്. പുലർച്ചെ 5.15ഓടെ ട്രെയിൻ പാളം തെറ്റുകയായിരുന്നു
കറാച്ചി: പാകിസ്ഥാനിൽ ട്രെയിൻ പാളം തെറ്റിയുണ്ടായ അപകടത്തിൽ അഞ്ച് പേർ മരിച്ചു. നിരവധി യാത്രക്കാർക്ക് പരിക്കേറ്റു. ചൊവ്വാഴ്ച പുലർച്ചെ പഞ്ചാബ് പ്രവിശ്യയിലെ ഷേർ ഷായിലാണ് അപകടമുണ്ടായത്. കറാച്ചിയിൽനിന്ന് പേഷ്വാറിലേക്ക് സർവീസ് നടത്തിയിരുന്ന റഹ്മാൻ ബാബ എക്സ്പ്രസാണ് അപകടത്തിൽപ്പെട്ടത്. പുലർച്ചെ 5.15ഓടെ ട്രെയിൻ പാളം തെറ്റുകയായിരുന്നു.
അപകടത്തിൽ പരിക്കേറ്റവരെ മുൾട്ടാനിലെ നിഷ്താർ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകി വരികയാണ്. അപകടത്തിന്റെ കാരണത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. ട്രെയിനിന്റെ ബോഗികൾ പാളം തെറ്റാനിടയായ സാഹചര്യം സംബന്ധിച്ച വിശദാംശങ്ങളും ലഭ്യമായിട്ടില്ല.
പാകിസ്ഥാനിൽ ട്രെയിൻ അപകടങ്ങൾ ആവർത്തിക്കുന്നത് റെയിൽവേ മേഖലയിലെ അടിസ്ഥാന സൗകര്യങ്ങളുടെ പരിമിതികളിലേക്ക് വീണ്ടും ശ്രദ്ധ തിരിക്കുകയാണ്. ദീർഘകാലമായി ആവശ്യത്തിന് നിക്ഷേപം ലഭിക്കാത്തതിനാൽ റെയിൽവേ ട്രാക്കുകളുടെയും സിഗ്നലിങ് സംവിധാനങ്ങളുടെയും അറ്റകുറ്റപ്പണികൾ പലപ്പോഴും വൈകുന്നുണ്ട്. 2023ൽ തെക്കൻ പാകിസ്ഥാനിലുണ്ടായ ട്രെയിൻ അപകടത്തിൽ പത്ത് ബോഗികൾ പാളം തെറ്റുകയും 30 പേർ മരിക്കുകയും ചെയ്തിരുന്നു. രാജ്യത്തെ റെയിൽവേ സുരക്ഷയെക്കുറിച്ചുള്ള ആശങ്കകൾ ശക്തമാക്കുന്നതാണ് പുതിയ അപകടവും.
Comments ()