ട്രെയിനിലെ പാൻട്രി ഭക്ഷണത്തിൽ നിന്ന് വിഷബാധ: മലയാളി വിദ്യാർഥികൾക്ക് ആശ്വാസമായി റെയിൽവേയുടെ അടിയന്തര മെഡിക്കൽ സഹായം

ഡല്‍ഹിയില്‍നിന്ന് പഠനയാത്ര കഴിഞ്ഞ് ഹസ്രത്ത് നിസാമുദ്ദീൻ-എറണാകുളം മംഗള ലക്ഷദ്വീപ് എക്സ്പ്രസില്‍ മടങ്ങുകയായിരുന്ന 80 അംഗ സംഘത്തിലെ 50-ഓളം കുട്ടികള്‍ക്കാണ് അസ്വസ്ഥത അനുഭവപ്പെട്ടത്.15നും 18നും ഇടയിലുള്ളവരാണ് വിദ്യാര്‍ഥികള്‍.

ട്രെയിനിലെ പാൻട്രി ഭക്ഷണത്തിൽ നിന്ന് വിഷബാധ: മലയാളി വിദ്യാർഥികൾക്ക് ആശ്വാസമായി റെയിൽവേയുടെ അടിയന്തര മെഡിക്കൽ സഹായം

ഡല്‍ഹിയില്‍നിന്ന് പഠനയാത്ര കഴിഞ്ഞ് ഹസ്രത്ത് നിസാമുദ്ദീൻ-എറണാകുളം മംഗള ലക്ഷദ്വീപ് എക്സ്പ്രസില്‍ മടങ്ങുകയായിരുന്ന തൃശൂരില്‍നിന്നുള്ള 80 അംഗ വിദ്യാര്‍ഥി സംഘത്തിന് ട്രെയിനിലെ ഭക്ഷണത്തില്‍നിന്ന് വിഷബാധയേറ്റു. 15നും 18നും ഇടയില്‍ പ്രായമുള്ള 50-ഓളം കുട്ടികള്‍ക്കാണ് പാന്‍ട്രി കാറില്‍നിന്നുള്ള ഭക്ഷണം കഴിച്ചതിനെത്തുടര്‍ന്ന് ഛര്‍ദിയും തലകറക്കവും അസ്വസ്ഥതകളും അനുഭവപ്പെട്ടത്.

വിവരമറിഞ്ഞ അധ്യാപകരും സ്‌കൂള്‍ അധികൃതരും ഉടന്‍തന്നെ റെയില്‍വേ ജീവനക്കാരെയും ഹെല്‍പ്പ് ലൈനിലും വിവരം അറിയിക്കുകയായിരുന്നു. തുടർന്ന്, മധ്യപ്രദേശിലെ ഖണ്ട്വ ജങ്ഷന്‍ റെയില്‍വേ സ്റ്റേഷനില്‍ വെള്ളിയാഴ്ച രാത്രി 9.30-ഓടെ എത്തിയ വിദ്യാർഥികളെ അഞ്ചാം നമ്പര്‍ പ്ലാറ്റ്ഫോമിലിറക്കി മെഡിക്കൽ ടീം പ്രാഥമിക ചികിത്സ നല്‍കി. ചീഫ് മെഡിക്കല്‍ ഹെല്‍ത്ത് ഓഫീസര്‍ ഡോ. ഒ.പി. ജുഗ്താവത്, സിവില്‍ സര്‍ജന്‍ ഡോ. അനിരുദ്ധ കൗശല്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘവും റെയില്‍വേ മെഡിക്കല്‍ ടീമും ചേര്‍ന്നാണ് പരിചരണം ഉറപ്പാക്കിയത്. കുട്ടികളുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഉറപ്പുവരുത്തിയ ശേഷം 40 മിനിറ്റ് വൈകിയാണ് ട്രെയിന്‍ യാത്ര തുടര്‍ന്നത്. മുന്‍കരുതലിന്റെ ഭാഗമായി ഭുസാവല്‍ സ്റ്റേഷന്‍ വരെ റെയില്‍വേയുടെ പ്രത്യേക മെഡിക്കല്‍ ടീം ട്രെയിനില്‍ കുട്ടികളെ അനുഗമിക്കുകയും ചെയ്തു.