'മികച്ച സ്‌ട്രൈക്കറെ ഡിഫൻഡറാക്കി'; ടൂഷേലിന്റെ നീക്കത്തെ ട്രോളി ട്രംപ്

ആന്റണി ഗോർഡന്റെ ഗോളിലൂടെ ഇംഗ്ലണ്ട് ആദ്യം ലീഡ് നേടിയെങ്കിലും രണ്ടാം പകുതിയിൽ കളിയുടെ ഗതി മാറി. ലീഡ് നിലനിർത്താനായി ടൂഷേൽ അഞ്ച് പ്രതിരോധ താരങ്ങളെ അണിനിരത്തുകയും, മുന്നേറ്റനിരയിലെ പ്രധാന ആയുധമായ ഹാരി കെയ്‌നെ പോലും പ്രതിരോധ ചുമതലകൾക്കായി പിൻവലിക്കുകയും ചെയ്തു

'മികച്ച സ്‌ട്രൈക്കറെ ഡിഫൻഡറാക്കി'; ടൂഷേലിന്റെ നീക്കത്തെ ട്രോളി ട്രംപ്

വാഷിംഗ്ടൺ: ഇംഗ്ലണ്ടിന്റെ സെമിഫൈനൽ പുറത്താകലിന് പിന്നാലെ പരിശീലകൻ തോമസ് ടൂഷേലിന്റെ മത്സരതന്ത്രം കടുത്ത വിമർശനത്തിന് വഴിവെച്ചിരിക്കുകയാണ്. അർജന്റീനയ്‌ക്കെതിരെ ലീഡ് നേടിയ ശേഷവും ആക്രമണത്തിന് പകരം പ്രതിരോധത്തിന് മുൻഗണന നൽകിയ തീരുമാനം വലിയ ചർച്ചയായി. ഇതിനിടെ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ടൂഷേലിന്റെ സമീപനത്തെ ചോദ്യം ചെയ്ത് രംഗത്തെത്തിയത് ശ്രദ്ധേയമായി.

ആന്റണി ഗോർഡന്റെ ഗോളിലൂടെ ഇംഗ്ലണ്ട് ആദ്യം ലീഡ് നേടിയെങ്കിലും രണ്ടാം പകുതിയിൽ കളിയുടെ ഗതി മാറി. ലീഡ് നിലനിർത്താനായി ടൂഷേൽ അഞ്ച് പ്രതിരോധ താരങ്ങളെ അണിനിരത്തുകയും, മുന്നേറ്റനിരയിലെ പ്രധാന ആയുധമായ ഹാരി കെയ്‌നെ പോലും പ്രതിരോധ ചുമതലകൾക്കായി പിൻവലിക്കുകയും ചെയ്തു. ഈ മാറ്റം ഇംഗ്ലണ്ടിന്റെ ആക്രമണത്തിന്റെ മൂർച്ച കുറച്ചപ്പോൾ, ലയണൽ മെസിയുടെ നേതൃത്വത്തിൽ അർജന്റീന രണ്ട് ഗോൾ തിരിച്ചടിച്ച് ഫൈനലിലേക്ക് മുന്നേറി.

ഫിഫയുടെ ഔദ്യോഗിക ചടങ്ങിൽ സംസാരിക്കവെയാണ് ട്രംപ് തന്റെ അഭിപ്രായം പങ്കുവെച്ചത്. ലോകത്തിലെ മികച്ച സ്‌ട്രൈക്കർമാരിൽ ഒരാളായ ഹാരി കെയ്‌നെ പ്രതിരോധത്തിലേക്ക് മാറ്റിയത് ശരിയായ തീരുമാനമല്ലെന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്. ഒരു ടീം മുന്നിലാണെങ്കിലും ആക്രമണ മനോഭാവം പൂർണമായി ഉപേക്ഷിക്കരുതെന്നും, മികച്ച ഗോൾവേട്ടക്കാരനെ പ്രതിരോധത്തിനായി ഉപയോഗിച്ചത് ടീമിന് തിരിച്ചടിയായെന്നും ട്രംപ് പറഞ്ഞു.

എന്നാൽ ഉയരുന്ന വിമർശനങ്ങളെ ടൂഷേൽ തള്ളിക്കളഞ്ഞു. മത്സരത്തിൽ ടീം മികച്ച പ്രകടനമാണ് നടത്തിയതെന്നും, ഫലമാണ് അനുകൂലമാകാതിരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഇംഗ്ലീഷ് ഫുട്ബോൾ അസോസിയേഷനും പരിശീലകന് പിന്തുണ ആവർത്തിച്ചിട്ടുണ്ട്. നിലവിലെ സാഹചര്യത്തിലും ടൂഷേൽ കരാർ കാലാവധി പൂർത്തിയാക്കുമെന്ന പ്രതീക്ഷയിലാണ് എഫ്എ.