വിഴിഞ്ഞം ഓഹരി കൈമാറ്റം ചൂടുപിടിക്കുന്നു; കോൺഗ്രസിൽ നിലപാട് ഭിന്നത, കെസി വിഭാഗം കടുപ്പത്തിൽ
കെസിയുടെ പ്രതികരണത്തിന് പിന്നാലെ മുഖ്യമന്ത്രി അദാനി ഗ്രൂപ്പിന് അതൃപ്തി അറിയിച്ച് കത്ത് നൽകിയതായാണ് വിവരം. എന്നാൽ, വിഷയത്തിൽ സർക്കാർ തുടക്കം മുതൽ തന്നെ ശക്തമായ നിലപാടാണ് സ്വീകരിച്ചിരുന്നതെന്ന് വി ഡി സതീശനെ പിന്തുണക്കുന്ന വിഭാഗം വ്യക്തമാക്കുന്നു
വിഴിഞ്ഞം തുറമുഖത്തിലെ അദാനി–എംഎസ്‌സി ഓഹരി കൈമാറ്റ വിഷയത്തിൽ കോൺഗ്രസിനുള്ളിൽ നിലപാട് ഭിന്നത തുടരുന്നു. വിഷയത്തിൽ കടുത്ത നടപടികൾ വേണമെന്ന നിലപാടാണ് കെസി വിഭാഗം മുന്നോട്ടുവയ്ക്കുന്നത്. കേരളം ബിജെപി ഭരിക്കുന്ന സംസ്ഥാനമല്ലെന്ന കെസിയുടെ പ്രസ്താവനയും രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെച്ചു.
കെസിയുടെ പ്രതികരണത്തിന് പിന്നാലെ മുഖ്യമന്ത്രി അദാനി ഗ്രൂപ്പിന് അതൃപ്തി അറിയിച്ച് കത്ത് നൽകിയതായാണ് വിവരം. എന്നാൽ, വിഷയത്തിൽ സർക്കാർ തുടക്കം മുതൽ തന്നെ ശക്തമായ നിലപാടാണ് സ്വീകരിച്ചിരുന്നതെന്ന് വി ഡി സതീശനെ പിന്തുണക്കുന്ന വിഭാഗം വ്യക്തമാക്കുന്നു.
ഓഹരി കൈമാറ്റത്തിന് സംസ്ഥാന സർക്കാരിന്റെ മുൻകൂർ അനുമതി അനിവാര്യമാണെന്ന് മുഖ്യമന്ത്രി നിയമസഭയിൽ വ്യക്തമാക്കിയിരുന്നു. അതേസമയം, കരാർ കൈമാറ്റത്തിന് ഇതുവരെ അദാനി ഗ്രൂപ്പ് അനുമതി തേടിയിട്ടില്ലെന്നും സർക്കാർ ആശങ്ക പ്രകടിപ്പിക്കുന്നുവെന്നും വി ഡി സതീശൻ സഭയിൽ ചൂണ്ടിക്കാട്ടി.
വിഷയത്തിൽ സർക്കാർ നിയമോപദേശം തേടുകയും വിദഗ്ധ പരിശോധനകൾ നടത്തുകയും ചെയ്യുമെന്ന് അറിയിച്ചു. കരാർ വ്യവസ്ഥകൾ വിശദമായി പരിശോധിച്ച ശേഷം മാത്രമേ തുടർ അനുമതികൾ നൽകൂവെന്നും സർക്കാർ വ്യക്തമാക്കി.
എല്ലാ നടപടികളും കരാർ വ്യവസ്ഥകൾ അനുസരിച്ചായിരിക്കുമെന്നും, സർക്കാർ അനുമതി ലഭിച്ച ശേഷം മാത്രമേ അന്തിമ കരാർ മുന്നോട്ടുപോകൂവെന്നും അദാനി ഗ്രൂപ്പ് നിലപാട് വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം, ഈ വിഷയത്തെ സർക്കാരിനെതിരായ പ്രധാന രാഷ്ട്രീയ ആയുധമായി ഉയർത്തിക്കാട്ടാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം.
Comments ()