രാത്രി ബന്ദിപ്പൂർ കാട്ടിൽ കെഎസ്ആർടിസി ബസ് കേടായി; 32 യാത്രക്കാരുടെ രക്ഷകരായി വയനാട് പോലീസ്
വന്യമൃഗ ഭീഷണി നിലനിൽക്കുന്ന പ്രദേശത്ത് കുടുങ്ങിയ 32 യാത്രക്കാരെ വയനാട് പൊലീസും കെ.എസ്.ആർ.ടി.സിയും ചേർന്ന് സമയോചിതമായി ഇടപെട്ട് രക്ഷപ്പെടുത്തി.
മൈസൂരിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന കെ.എസ്.ആർ.ടി.സി സ്കാനിയ ബസ്, കടുവയും കാട്ടാനയുമടക്കമുള്ള വന്യമൃഗങ്ങൾ വിഹരിക്കുന്ന ബന്ദിപ്പൂർ വനമേഖലയിൽ രാത്രി തകരാറിലായി കുടുങ്ങി. കവറേജ് ഇല്ലാത്ത ഉൾക്കാട്ടിൽ ബസിനുള്ളിൽ അമിതമായ ചൂട് വമിച്ചതോടെ സ്ത്രീകൾ അടക്കമുള്ള 32 യാത്രക്കാർക്ക് അകത്തിരിക്കാനോ, വന്യമൃഗ പേടി കാരണം പുറത്തിറങ്ങാനോ കഴിയാത്ത അവസ്ഥയായി. സെപ്റ്റംബർ 3 വ്യാഴാഴ്ച രാത്രി 10.30 ഓടെ ബസിലുണ്ടായിരുന്ന മകളെ ഓർത്ത് പരിഭ്രാന്തനായ ആലപ്പുഴ സ്വദേശിയായ ഒരു പിതാവ് നൽകിയ സന്ദേശമാണ് വയനാട് പോലീസിനെ ഉണർത്തിയത്. വിവരം ലഭിച്ചയുടൻ ബത്തേരി ഡിവൈ.എസ്.പി എം.എം. അബ്ദുൾ കരീമിന്റെ നേതൃത്വത്തിൽ മുത്തങ്ങ ചെക്ക് പോസ്റ്റിലും പോലീസ് കൺട്രോൾ റൂമിലും സന്ദേശമയക്കുകയും, മുത്തങ്ങയിൽ നിന്ന് 15 കിലോമീറ്റർ അകലെ ബന്ദിപ്പൂർ ടൈഗർ റിസർവിനു സമീപമാണ് ബസ് കിടക്കുന്നതെന്ന് കണ്ടെത്തുകയുമായിരുന്നു. തുടർന്ന് യാത്രക്കാരിലൊരാളെ ഫോണിൽ ബന്ധപ്പെട്ട് ധൈര്യം പക്കർന്ന പോലീസ്, അതിർത്തി കടന്നുള്ള രാത്രിയാത്രാ നിരോധനം മറികടന്ന് എസ്.ഐ ശ്രീധരന്റെ നേതൃത്വത്തിൽ സ്ഥലത്തെത്തി. ഒപ്പം കെഎസ്ആർടിസി സ്റ്റേഷൻ മാസ്റ്റർ എം.വി. വിപിന്റെ ഏകോപനത്തിൽ ബത്തേരി ഡിപ്പോയിൽ നിന്ന് സൂപ്പർ ഡീലക്സ് ബസ് അയച്ച്, പോലീസും കെ.എസ്.ആർ.ടി.സിയും ചേർന്ന് 32 യാത്രക്കാരെയും സുരക്ഷിതമായി പുതിയ ബസിലേക്ക് മാറ്റി കോഴിക്കോട്ടേക്ക് അയക്കുകയായിരുന്നു.
Comments ()