വീട് പൂട്ടിയ നിലയിൽ; ജനൽചില്ല് തകർത്ത് കയറിയപ്പോൾ യുവതി മരിച്ച നിലയിൽ

രണ്ടുവർഷം മുമ്പാണ് വിഘ്നേശ്വരിയും ഭർത്താവും വിവാഹിതരായത്. സന്താനമില്ലാത്തതിന്റെ വിഷമം യുവതിക്കുണ്ടായിരുന്നുവെന്ന് ഭർത്താവിന്റെ കുടുംബം പൊലീസിനോട് മൊഴി നൽകിയിട്ടുണ്ട്

വീട് പൂട്ടിയ നിലയിൽ; ജനൽചില്ല് തകർത്ത് കയറിയപ്പോൾ യുവതി മരിച്ച നിലയിൽ

തിരുവനന്തപുരം: വിഴിഞ്ഞത്ത് ഭർത്താവിന്റെ വീട്ടിൽ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. നാഗർകോവിൽ സ്വദേശിനിയായ വിഘ്നേശ്വരി (27) ആണ് മരിച്ചത്. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. യുവതിയുടെ മൊബൈൽ ഫോൺ പൊലീസ് കസ്റ്റഡിയിലെടുത്ത് കൂടുതൽ പരിശോധനകൾ നടത്തിവരികയാണ്.

രണ്ടുവർഷം മുമ്പാണ് വിഘ്നേശ്വരിയും ഭർത്താവും വിവാഹിതരായത്. സന്താനമില്ലാത്തതിന്റെ വിഷമം യുവതിക്കുണ്ടായിരുന്നുവെന്ന് ഭർത്താവിന്റെ കുടുംബം പൊലീസിനോട് മൊഴി നൽകിയിട്ടുണ്ട്. സംഭവദിവസം വൈകുന്നേരം വീട്ടിലെത്തിയപ്പോൾ വീട് അകത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നുവെന്ന് ഭർതൃപിതാവ് ചന്ദ്രൻ പറഞ്ഞു. നിരവധി തവണ ഫോൺ ചെയ്തിട്ടും പ്രതികരണമില്ലാതിരുന്നതിനാൽ അയൽവാസിയുടെ സഹായത്തോടെ ജനൽചില്ല് തകർത്ത് അകത്തുകയറിയപ്പോഴാണ് വിഘ്നേശ്വരിയെ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. തുടർന്ന് ഉടൻ തന്നെ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.

അതേസമയം, യുവതി ഭർതൃവീട്ടിൽ മാനസിക പീഡനം നേരിട്ടിരുന്നുവെന്നാണ് വിഘ്നേശ്വരിയുടെ സഹോദരൻ ആരോപിക്കുന്നത്. ആത്മഹത്യയിലേക്ക് നയിച്ച സാഹചര്യങ്ങളെക്കുറിച്ച് വ്യക്തതയില്ലെന്നും അദ്ദേഹം പറഞ്ഞു. രണ്ട് ദിവസം മുൻപാണ് ദമ്പതികളുടെ രണ്ടാം വിവാഹ വാർഷികം കഴിഞ്ഞതെന്നും കുടുംബത്തിൽ മറ്റ് പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നുമാണ് ഭർത്താവിന്റെ കുടുംബത്തിന്റെ വിശദീകരണം. ഇരുവിഭാഗങ്ങളുടെയും മൊഴികൾ രേഖപ്പെടുത്തിയ പൊലീസ് സംഭവത്തിന്റെ എല്ലാ വശങ്ങളും പരിശോധിച്ചുവരികയാണ്.