കാറിനുള്ളിൽ കുടുങ്ങിയത് എട്ടുമണിക്കൂർ; ഡേകെയറിൽ എത്തിക്കാനിരുന്ന 10 മാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം
കുഞ്ഞിനെ ഡേകെയറിൽ എത്തിക്കുന്നതിനായി രാവിലെ മുത്തശ്ശി ഡോ. സ്റ്റേസി ഫസേൻബേക്കർ (61) വീട്ടിൽനിന്ന് കാറിൽ പുറപ്പെട്ടിരുന്നു. പിൻസീറ്റിൽ കുഞ്ഞിനെ ഇരുത്തിയിരുന്നെങ്കിലും ഡേകെയറിൽ എത്തിക്കേണ്ട കാര്യം മറന്നതോടെ അവർ നേരിട്ട് ജോലിസ്ഥലത്തേക്ക് പോവുകയായിരുന്നു.
വാഷിങ്ടൺ: യുഎസിലെ കെന്റക്കിയിൽ കാറിനുള്ളിൽ മണിക്കൂറുകളോളം കുടുങ്ങിയ 10 മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. മാഡിസൺവില്ലെയിലാണ് സംഭവം. കടുത്ത ചൂടിനെ തുടർന്ന് കാറിനുള്ളിലെ താപനില ഉയർന്നതാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. മരിച്ച കുഞ്ഞ് സ്കോട്ടി ഗ്വിൻ ക്രോവൽ.
കുഞ്ഞിനെ ഡേകെയറിൽ എത്തിക്കുന്നതിനായി രാവിലെ മുത്തശ്ശി ഡോ. സ്റ്റേസി ഫസേൻബേക്കർ (61) വീട്ടിൽനിന്ന് കാറിൽ പുറപ്പെട്ടിരുന്നു. പിൻസീറ്റിൽ കുഞ്ഞിനെ ഇരുത്തിയിരുന്നെങ്കിലും ഡേകെയറിൽ എത്തിക്കേണ്ട കാര്യം മറന്നതോടെ അവർ നേരിട്ട് ജോലിസ്ഥലത്തേക്ക് പോവുകയായിരുന്നു.
കുഞ്ഞ് കാറിൽ തന്നെയുണ്ടെന്ന കാര്യം ശ്രദ്ധിക്കാതെയാണ് മുത്തശ്ശി വാഹനം പാർക്ക് ചെയ്ത് ജോലിക്ക് പോയതെന്നാണ് പൊലീസ് പറയുന്നത്. ഏകദേശം എട്ട് മണിക്കൂറോളം കുഞ്ഞ് അടച്ചിട്ട കാറിനുള്ളിൽ കഴിയേണ്ടിവന്നു.
വൈകിട്ട് നാലോടെ കുഞ്ഞിന്റെ പിതാവ് ഡേകെയറിലെത്തിയപ്പോഴാണ് മകൾ അന്ന് അവിടെ എത്തിയിട്ടില്ലെന്ന് അറിയുന്നത്. തുടർന്ന് വിവരം മുത്തശ്ശിയെ അറിയിച്ചപ്പോഴാണ് കുഞ്ഞിനെ ഡേകെയറിൽ എത്തിക്കാൻ മറന്നതും വാഹനം എവിടെയാണ് പാർക്ക് ചെയ്തിരിക്കുന്നതെന്നും ശ്രദ്ധയിൽപ്പെട്ടത്.
തുടർന്ന് മുത്തശ്ശിയും മറ്റുള്ളവരും വാഹനത്തിനടുത്തേക്ക് ഓടിയെത്തി. എന്നാൽ പിൻസീറ്റിൽ കുഞ്ഞിനെ അബോധാവസ്ഥയിൽ കണ്ടെത്തുകയായിരുന്നു. രക്ഷാപ്രവർത്തകർ എത്തിച്ചെങ്കിലും കുഞ്ഞിന്റെ ജീവൻ രക്ഷിക്കാനായില്ല.
സംഭവത്തിൽ നിലവിൽ ആരെയും പ്രതിയാക്കി കേസ് രജിസ്റ്റർ ചെയ്തിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. അന്വേഷണം തുടരുകയാണ്. മുത്തശ്ശിയെ ലഹരി പരിശോധനയ്ക്കും വിധേയയാക്കിയതായി അധികൃതർ വ്യക്തമാക്കി. പരിശോധനയിൽ ലഹരിയുടെ സാന്നിധ്യം കണ്ടെത്താനുള്ള സാധ്യത കുറവാണെന്നും പൊലീസ് അറിയിച്ചു.
Comments ()