150 കോടി രൂപയുടെ സ്വത്തുതർക്കം; പിതാവിനെ വെടിവെച്ച് കൊന്ന് മകൻ

പ്രതിയെ കണ്ടെത്താൻ പ്രത്യേക അന്വേഷണസംഘങ്ങൾ രൂപീകരിച്ച് വ്യാപക തിരച്ചിൽ ആരംഭിച്ചതായി പൊലീസ് അറിയിച്ചു. നാല് ടീമുകളായി വിഭജിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.

150 കോടി രൂപയുടെ സ്വത്തുതർക്കം; പിതാവിനെ വെടിവെച്ച് കൊന്ന് മകൻ

ഗാസിയാബാദ്: സ്വത്ത് വിഭജനത്തെച്ചൊല്ലിയുണ്ടായ തർക്കം ദാരുണ കൊലപാതകത്തിൽ കലാശിച്ചു. ഉത്തർപ്രദേശിലെ ഗാസിയാബാദ് ജില്ലയിലെ മോദിനഗറിൽ പ്രമുഖ കർഷകനായ ഹരി ഓം ചൗധരി (52)യെ സ്വന്തം മകൻ വെടിവെച്ച് കൊലപ്പെടുത്തിയതായി പൊലീസ് അറിയിച്ചു. സംഭവത്തിന് പിന്നാലെ പ്രതിയായ നിഖിൽ (32) ഒളിവിൽ പോയിരിക്കുകയാണ്.

പ്രതിയെ കണ്ടെത്താൻ പ്രത്യേക അന്വേഷണസംഘങ്ങൾ രൂപീകരിച്ച് വ്യാപക തിരച്ചിൽ ആരംഭിച്ചതായി പൊലീസ് അറിയിച്ചു. നാല് ടീമുകളായി വിഭജിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.

മോദിനഗറിലെ സമ്പന്നരായ ഭൂവുടമകളിൽ ഒരാളായിരുന്നു ഹരി ഓം ചൗധരി. ഏകദേശം 150 കോടി രൂപയുടെ ആസ്തിയുള്ള ഇദ്ദേഹത്തിന് പ്രദേശത്ത് 46 ഏക്കറിലധികം ഭൂമിയും ഡൽഹി–മീററ്റ് റോഡിലെ മാർക്കറ്റ് സമുച്ചയങ്ങളിൽ നിരവധി കെട്ടിടങ്ങളും സ്വന്തമായുണ്ടായിരുന്നു.

അന്വേഷണത്തിൽ ലഭിച്ച വിവരങ്ങൾ പ്രകാരം, സ്വത്ത് കൈമാറ്റവുമായി ബന്ധപ്പെട്ട് പിതാവും മകനും തമ്മിൽ ഏറെക്കാലമായി അഭിപ്രായവ്യത്യാസമുണ്ടായിരുന്നു. 15 ഏക്കറോളം ഭൂമിയും ചില കടമുറികളും ഹരി ഓം നേരത്തെ നിഖിലിന്റെ പേരിലേക്ക് മാറ്റിയിരുന്നെങ്കിലും, ശേഷിക്കുന്ന സ്വത്തും തന്റെ പേരിൽ രജിസ്റ്റർ ചെയ്യണമെന്നായിരുന്നു നിഖിലിന്റെ ആവശ്യം. ഇത് പിതാവ് നിരസിച്ചതാണ് തർക്കം രൂക്ഷമാക്കിയത്.

നിഖിലിന് മദ്യപാന ശീലമുണ്ടെന്നും അമിത ചെലവിനെച്ചൊല്ലി വീട്ടിൽ പതിവായി തർക്കങ്ങൾ നടന്നിരുന്നതായും പൊലീസ് പറഞ്ഞു. ഈ സാഹചര്യങ്ങളാണ് ഒടുവിൽ വെടിവെപ്പിലേക്ക് നയിച്ചതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ പ്രാഥമിക നിഗമനം. കേസിൽ കൂടുതൽ അന്വേഷണം തുടരുകയാണ്.