സ്ത്രീകൾക്ക് പ്രതിമാസം 2500 രൂപ സഹായം,ഡൽഹി ലക്ഷ്മി യോജനയ്ക്ക് മന്ത്രിസഭ അംഗീകാരം
പദ്ധതിയുടെ ഭാഗമായി അർഹരായ സ്ത്രീകൾക്ക് ഓരോ മാസവും 2500 രൂപ വീതം സാമ്പത്തിക സഹായം ലഭ്യമാക്കും. പദ്ധതിയുമായി ബന്ധപ്പെട്ട അപേക്ഷാ നടപടികൾക്കായി പ്രത്യേക ഓൺലൈൻ പോർട്ടൽ ഓഗസ്റ്റ് ഒന്നുമുതൽ പ്രവർത്തനം ആരംഭിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു
ന്യൂഡൽഹി: ഡൽഹിയിലെ സ്ത്രീകൾക്ക് പ്രതിമാസ സാമ്പത്തിക സഹായം നൽകുന്ന ‘ഡൽഹി ലക്ഷ്മി യോജന’ പദ്ധതിക്ക് സംസ്ഥാന സർക്കാർ ഔദ്യോഗിക അംഗീകാരം നൽകി. മുഖ്യമന്ത്രി രേഖാ ഗുപ്തയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് പദ്ധതിക്ക് അനുമതി നൽകിയത്.
പദ്ധതിയുടെ ഭാഗമായി അർഹരായ സ്ത്രീകൾക്ക് ഓരോ മാസവും 2500 രൂപ വീതം സാമ്പത്തിക സഹായം ലഭ്യമാക്കും. പദ്ധതിയുമായി ബന്ധപ്പെട്ട അപേക്ഷാ നടപടികൾക്കായി പ്രത്യേക ഓൺലൈൻ പോർട്ടൽ ഓഗസ്റ്റ് ഒന്നുമുതൽ പ്രവർത്തനം ആരംഭിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.
സാമ്പത്തിക സഹായം ലഭിക്കാൻ ആഗ്രഹിക്കുന്നവർ പോർട്ടൽ വഴി അപേക്ഷ സമർപ്പിക്കണം. അപേക്ഷകരിൽ നിന്ന് ഡൽഹിയിൽ കുറഞ്ഞത് പത്ത് വർഷമായി താമസിക്കുന്നുവെന്നതിന്റെയും ക്രിമിനൽ പശ്ചാത്തലം ഇല്ലെന്നതിന്റെയും സ്വയം സാക്ഷ്യപ്പെടുത്തിയ സത്യവാങ്മൂലം ആവശ്യപ്പെടും. അപേക്ഷകൾ പരിശോധിച്ച ശേഷമായിരിക്കും അർഹരായ ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുക.
രക്ഷാബന്ധൻ ദിനത്തോടനുബന്ധിച്ച് പദ്ധതിയുടെ ആദ്യ ഗഡു വിതരണം ചെയ്യാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. അധികാരത്തിലെത്തി ഒന്നര വർഷത്തിനുള്ളിൽ തെരഞ്ഞെടുപ്പ് വാഗ്ദാനം നടപ്പാക്കാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്നും സ്ത്രീകളുടെ ക്ഷേമത്തിനായുള്ള പ്രവർത്തനങ്ങൾ സർക്കാർ തുടരുമെന്നും രേഖാ ഗുപ്ത പറഞ്ഞു.
Comments ()