35 വർഷത്തെ പ്രവാസജീവിതം, 16 വർഷത്തെ മടക്കയാത്രാ കാത്തിരിപ്പ്; ഒടുവിൽ ഷഫാത്തുള്ള നാട്ടിലെത്തിയത് ചേതനയറ്റ ശരീരമായി
35 വർഷം മുമ്പ് തൊഴിൽ വിസയിൽ സൗദിയിലെത്തിയ ഷഫാത്തുള്ള നിർമാണ മേഖലയിൽ 19 വർഷത്തോളം ഒരേ സ്പോൺസറുടെ കീഴിൽ ജോലി ചെയ്തിരുന്നു. 16 വർഷം മുമ്പ് അവധിക്ക് നാട്ടിൽ പോയി തിരിച്ചെത്തിയ ശേഷം സ്പോൺസറുമായി ഉണ്ടായ തർക്കമാണ് ജീവിതം വഴിമുട്ടാൻ കാരണമായത്
റിയാദ്: പതിറ്റാണ്ടുകൾ നീണ്ട പ്രവാസജീവിതത്തിനൊടുവിൽ നാട്ടിലേക്ക് മടങ്ങാനുള്ള കാത്തിരിപ്പ് അവസാനിച്ചത് ചേതനയറ്റ ശരീരവുമായി. ഉത്തർപ്രദേശിലെ ഗോണ്ട സ്വദേശി മുഹമ്മദ് ഷഫാത്തുള്ള (59) ആണ് സൗദിയിൽ ജോലിക്കിടെ ഉണ്ടായ അപകടത്തിൽ മരിച്ചത്. 16 വർഷത്തോളം നാട്ടിലേക്ക് മടങ്ങാൻ കഴിയാതെ കഴിഞ്ഞ ഷഫാത്തുള്ളയുടെ മൃതദേഹം ഇന്ത്യൻ എംബസിയുടെ ഇടപെടലിനെ തുടർന്നാണ് നാട്ടിലെത്തിച്ചത്.
35 വർഷം മുമ്പ് തൊഴിൽ വിസയിൽ സൗദിയിലെത്തിയ ഷഫാത്തുള്ള നിർമാണ മേഖലയിൽ 19 വർഷത്തോളം ഒരേ സ്പോൺസറുടെ കീഴിൽ ജോലി ചെയ്തിരുന്നു. 16 വർഷം മുമ്പ് അവധിക്ക് നാട്ടിൽ പോയി തിരിച്ചെത്തിയ ശേഷം സ്പോൺസറുമായി ഉണ്ടായ തർക്കമാണ് ജീവിതം വഴിമുട്ടാൻ കാരണമായത്. ഇതോടെ ‘ഹുറൂബ്’ കേസിൽപ്പെടുകയും സ്പോൺസറുമായുള്ള ബന്ധവും ഔദ്യോഗിക രേഖകളും നഷ്ടപ്പെടുകയും ചെയ്തു. പിന്നീട് സുഹൃത്തുക്കൾക്കൊപ്പം നിർമാണ ജോലികൾ ചെയ്ത് ജീവിതം മുന്നോട്ടുകൊണ്ടുപോയെങ്കിലും ഇഖാമ ഉൾപ്പെടെയുള്ള രേഖകളില്ലാത്തതിനാൽ നാട്ടിലേക്ക് മടങ്ങാനുള്ള വഴി അടഞ്ഞു.
വർഷങ്ങൾക്കുശേഷം ഇന്ത്യൻ എംബസിയുമായി ബന്ധപ്പെട്ട് നാട്ടിലേക്ക് മടങ്ങാനുള്ള നടപടികൾ ആരംഭിച്ചിരുന്നു. എന്നാൽ കുടുംബത്തിന്റെ സാമ്പത്തിക ബുദ്ധിമുട്ട് പരിഹരിക്കുന്നതിനായി കുറച്ചുകാലം കൂടി സൗദിയിൽ ജോലി ചെയ്യാൻ ഷഫാത്തുള്ള തീരുമാനിക്കുകയായിരുന്നു. ഇതിനിടെയാണ് ജോലിക്കിടെ ഉയരത്തിൽനിന്ന് വീണ് ഗുരുതരമായി പരിക്കേറ്റത്. ആവശ്യമായ രേഖകളും ഇൻഷുറൻസും ഇല്ലാതിരുന്നതിനാൽ ചികിത്സ ലഭിക്കുന്നതിലും ബുദ്ധിമുട്ടുണ്ടായി. ഒടുവിൽ അൽഖർജ് ജനറൽ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചു.
മരണശേഷവും തിരിച്ചറിയപ്പെടാതെ 15 ദിവസത്തോളം മൃതദേഹം ആശുപത്രിയിൽ കിടന്നു. കൂടെയുണ്ടായിരുന്ന സുഹൃത്തുക്കൾക്കും നിയമപരമായ രേഖകളില്ലാതിരുന്നതിനാൽ മൃതദേഹം ആശുപത്രിയിലെത്തിക്കുന്നതടക്കമുള്ള നടപടികൾ സമയബന്ധിതമായി നടത്താൻ കഴിഞ്ഞിരുന്നില്ല. ആശുപത്രിയിൽ അജ്ഞാത ഇന്ത്യക്കാരന്റെ മൃതദേഹം സൂക്ഷിച്ചിട്ടുണ്ടെന്ന വിവരം പൊലീസ് വഴി കേളി ജീവകാരുണ്യ വിഭാഗം വൈസ് ചെയർമാൻ നാസർ പൊന്നാനിക്ക് ലഭിച്ചതോടെയാണ് സംഭവത്തിൽ ഇടപെടലുണ്ടായത്. തുടർന്ന് ഇന്ത്യൻ എംബസിയുടെ സഹായത്തോടെ മൃതദേഹം തിരിച്ചറിഞ്ഞ് കുടുംബത്തെ വിവരമറിയിച്ചു. കുടുംബത്തിന്റെ അഭ്യർത്ഥന പ്രകാരം മുഴുവൻ ചെലവും എംബസി വഹിച്ചാണ് ഷഫാത്തുള്ളയുടെ മൃതദേഹം നാട്ടിലെത്തിച്ചത്.
Comments ()