ദുബായിൽ പഠിക്കാനാണോ? എമിറേറ്റ്സിന്റെ പ്രത്യേക യാത്രാ ആനുകൂല്യങ്ങൾ അറിയാം

വിദ്യാർഥികൾക്ക് പുറമെ അധ്യാപകർക്കും അക്കാദമിക് മേഖലയിലെ ജീവനക്കാർക്കും എമിറേറ്റ്സ് അക്കാദമിക് പ്രോഗ്രാം വഴി യാത്രാ ആനുകൂല്യങ്ങൾ ലഭ്യമാക്കും

ദുബായിൽ പഠിക്കാനാണോ? എമിറേറ്റ്സിന്റെ പ്രത്യേക യാത്രാ ആനുകൂല്യങ്ങൾ അറിയാം

ദുബായ്: വിദേശ വിദ്യാർഥികളെ ദുബായിലെ ഉന്നതവിദ്യാഭ്യാസ മേഖലയിലേക്ക് കൂടുതൽ ആകർഷിക്കുന്നതിനായി യാത്രാ ആനുകൂല്യങ്ങളുമായി എമിറേറ്റ്സ്. ദുബായ് നോളജ് ആൻഡ് ഹ്യൂമൻ ഡെവലപ്‌മെന്റ് അതോറിറ്റിയുമായി (KHDA) ഒപ്പുവച്ച ധാരണയുടെ ഭാഗമായാണ് വിദ്യാർഥികൾക്കായി പ്രത്യേക യാത്രാ പദ്ധതികൾക്ക് എമിറേറ്റ്സ് രൂപം നൽകുന്നത്. KHDAയുടെ നിയന്ത്രണത്തിലുള്ള സ്വകാര്യ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് പ്രത്യേക നിരക്കുകൾ, അധിക ബാഗേജ് സൗകര്യം, യാത്രാ തീയതികളിൽ കൂടുതൽ ഇളവ് തുടങ്ങിയവ ലഭിക്കും.

വിദ്യാർഥികൾക്ക് പുറമെ അധ്യാപകർക്കും അക്കാദമിക് മേഖലയിലെ ജീവനക്കാർക്കും എമിറേറ്റ്സ് അക്കാദമിക് പ്രോഗ്രാം വഴി യാത്രാ ആനുകൂല്യങ്ങൾ ലഭ്യമാക്കും. ഹംദാൻ ബിൻ മുഹമ്മദ് സ്കോളർഷിപ്പ് പദ്ധതിയിലെ വിദ്യാർഥികൾക്ക് പ്രത്യേക യാത്രാ പിന്തുണയും വിമാനക്കമ്പനി നൽകും. അന്താരാഷ്ട്ര വിദ്യാർഥികളുടെ യാത്രാ രീതികളെക്കുറിച്ചുള്ള വിവരങ്ങൾ പങ്കുവെക്കാനും ദുബായെ വിദ്യാഭ്യാസ കേന്ദ്രമായി പ്രചരിപ്പിക്കുന്ന സംയുക്ത പ്രവർത്തനങ്ങൾ നടത്താനും എമിറേറ്റ്സും KHDAയും തീരുമാനിച്ചിട്ടുണ്ട്.

ദുബായിയുടെ Education 33 (E33) തന്ത്രത്തിന്റെ ലക്ഷ്യങ്ങൾക്കൊപ്പമാണ് പുതിയ സഹകരണം. 2033ഓടെ ദുബായിലെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അന്താരാഷ്ട്ര വിദ്യാർഥികളുടെ വിഹിതം 50 ശതമാനമാക്കുകയും എമിറേറ്റിനെ ലോകത്തിലെ മികച്ച 10 സ്റ്റുഡന്റ് സിറ്റികളിൽ ഉൾപ്പെടുത്തുകയും ചെയ്യുകയാണ് പദ്ധതിയുടെ ലക്ഷ്യം. ഇതിന് പുറമെ അന്താരാഷ്ട്ര വിദ്യാഭ്യാസ മേഖലയിലെ സംഘടനയായ ICEF-ുമായും എമിറേറ്റ്സ് ധാരണയിലെത്തി. ICEF അംഗീകൃത ഏജൻസികൾക്കും അവരിലൂടെ യാത്ര ചെയ്യുന്ന വിദ്യാർഥികൾക്കുമായി പ്രത്യേക യാത്രാ സൗകര്യങ്ങൾ വികസിപ്പിക്കാനും വിദ്യാഭ്യാസ ഏജന്റുമാർക്കായുള്ള പരിശീലന-വിവര കൈമാറ്റ പരിപാടികളിൽ സഹകരിക്കാനും ധാരണയുണ്ട്.

ദുബായ് ഡിപ്പാർട്ട്‌മെന്റ് ഓഫ് ഇക്കോണമി ആൻഡ് ടൂറിസം, TECOM ഗ്രൂപ്പ് എന്നിവയ്ക്കൊപ്പം ‘Study Dubai’യുടെ അന്താരാഷ്ട്ര പ്രചാരണ പരിപാടികളിലും എമിറേറ്റ്സ് പങ്കാളിയാകും. വിദ്യാർഥികളെ ആകർഷിക്കുന്ന പ്രധാന ആഗോള വിപണികളിൽ ദുബായിലെ വിദ്യാഭ്യാസ അവസരങ്ങൾ പരിചയപ്പെടുത്തുകയാണ് ലക്ഷ്യം.