ഇന്ത്യയേക്കാൾ 60,000 രൂപ വരെ ലാഭം; ഐഫോൺ 18 വാങ്ങാൻ യുഎഇയിലേക്ക് ആളുകളുടെ ഒഴുക്ക്

യുഎഇ വിപണിയിൽ ഐഫോൺ 18 പ്രോയുടെ പ്രാരംഭ വില 5,099 ദിർഹവും പ്രോ മാക്‌സിന്റേത് 5,499 ദിർഹവുമാണ്. ഇന്ത്യയിൽ ഇതേ മോഡലുകൾക്ക് യഥാക്രമം 1,64,900 രൂപയും 1,79,900 രൂപയുമാണ് തുടക്കവില

ഇന്ത്യയേക്കാൾ 60,000 രൂപ വരെ ലാഭം; ഐഫോൺ 18 വാങ്ങാൻ യുഎഇയിലേക്ക് ആളുകളുടെ ഒഴുക്ക്

ദുബൈ: പുതിയ ഐഫോൺ മോഡലുകൾ സ്വന്തമാക്കാൻ ഇന്ത്യയിൽനിന്നുള്ള ഉപഭോക്താക്കൾ യുഎഇയിലെത്തുന്നത് തുടരുന്നു. ഐഫോൺ 18 പ്രോയുടെയും ഐഫോൺ 18 പ്രോ മാക്‌സിന്റെയും വിൽപന യുഎഇയിൽ ആരംഭിച്ചതോടെയാണ് മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യക്കാരുടെ സാന്നിധ്യം ശ്രദ്ധേയമായത്. യാത്രാ ചെലവുകൾ കൂടി കണക്കാക്കിയാലും ഇന്ത്യയെ അപേക്ഷിച്ച് യുഎഇയിൽ ഫോൺ വാങ്ങുന്നതിലൂടെ ലഭിക്കുന്ന വിലക്കുറവാണ് പ്രധാന ആകർഷണം.

യുഎഇ വിപണിയിൽ ഐഫോൺ 18 പ്രോയുടെ പ്രാരംഭ വില 5,099 ദിർഹവും പ്രോ മാക്‌സിന്റേത് 5,499 ദിർഹവുമാണ്. ഇന്ത്യയിൽ ഇതേ മോഡലുകൾക്ക് യഥാക്രമം 1,64,900 രൂപയും 1,79,900 രൂപയുമാണ് തുടക്കവില. ഇന്ത്യയിലെ നികുതി ഉൾപ്പെടെയുള്ള വില ഘടകങ്ങൾ മൂലം യുഎഇയിൽനിന്ന് ഫോൺ വാങ്ങുമ്പോൾ 30,000 മുതൽ 60,000 രൂപ വരെ ലാഭിക്കാനാകുമെന്നാണ് ഉപഭോക്താക്കളുടെ കണക്ക്. ഒന്നിലധികം ഫോണുകൾ കുടുംബാംഗങ്ങൾക്കായി വാങ്ങുന്നവർക്ക് ഈ വിലവ്യത്യാസം കൂടുതൽ പ്രയോജനകരമാകുന്നുണ്ട്.

അതേസമയം, പുതിയ ഐഫോൺ മോഡലുകളുടെ വിൽപന ആരംഭിച്ച ദിവസങ്ങളിൽ മുൻ വർഷങ്ങളിലുണ്ടായിരുന്നതുപോലെയുള്ള വലിയ ജനത്തിരക്ക് ഇത്തവണ യുഎഇയിലെ സ്റ്റോറുകളിൽ കണ്ടില്ല. നീണ്ട ക്യൂകളും കാര്യമായി ഉണ്ടായിരുന്നില്ല. മുൻകൂട്ടി ബുക്ക് ചെയ്ത ഉപഭോക്താക്കൾക്കാണ് നേരിട്ട് സ്റ്റോറുകളിൽനിന്ന് ഫോണുകൾ കൈമാറിയത്.

ഐഫോൺ 18 സീരീസ് വിപണിയിലെത്തിയെങ്കിലും ആപ്പിളിന്റെ ആദ്യ മടക്കാവുന്ന ഫോണായ ‘ഐഫോൺ ഡ്യുവോ’യിലാണ് ചില ഉപഭോക്താക്കളുടെ ശ്രദ്ധ. അടുത്ത മാസം 16ന് ഫോണിന്റെ ബുക്കിങ് ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 23ന് വിൽപന ആരംഭിക്കുമെന്നും റിപ്പോർട്ടുകളുണ്ട്. ഏകദേശം 8,499 ദിർഹമായിരിക്കും ഫോണിന്റെ പ്രാരംഭ വിലയെന്നാണ് പ്രതീക്ഷിക്കുന്നത്.