91 പന്തിൽ 233 റൺസ്; 25 സിക്സുകളുമായി അഭിഷേക് ശർമയുടെ റെക്കോർഡ് വെടിക്കെട്ട്

ഇടംകൈയ്യൻ ബാറ്ററുടെ ഇന്നിങ്സിൽ 25 സിക്സറും 15 ഫോറും ഉൾപ്പെട്ടിരുന്നു. 256-ലധികം സ്ട്രൈക്ക് റേറ്റിൽ കളിച്ച അദ്ദേഹം ബൗണ്ടറികളിലൂടെ മാത്രം 210 റൺസാണ് നേടിയത്. സഹ ഓപ്പണർ അഭയ് ചൗധരിക്കൊപ്പം ആദ്യ വിക്കറ്റിൽ 305 റൺസിന്റെ വമ്പൻ കൂട്ടുകെട്ടും അഭിഷേക് പടുത്തുയർത്തി

91 പന്തിൽ 233 റൺസ്; 25 സിക്സുകളുമായി അഭിഷേക് ശർമയുടെ റെക്കോർഡ് വെടിക്കെട്ട്

ചണ്ഡീഗഡ്: ആഭ്യന്തര ക്രിക്കറ്റിൽ അപൂർവ റെക്കോർഡ് പ്രകടനവുമായി ഇന്ത്യൻ ഓപ്പണർ അഭിഷേക് ശർമ. പഞ്ചാബ് ഇന്റർ ഡിസ്ട്രിക്ട് സീനിയർ ഏകദിന ടൂർണമെന്റിൽ ടാൺ തരൺ സീനിയർ ടീമിനെതിരെ അമൃത്സറിനായി കളിച്ച അഭിഷേക് വെറും 91 പന്തിൽ 233 റൺസ് അടിച്ചുകൂട്ടി മത്സരത്തിലെ താരമായി.

ഇടംകൈയ്യൻ ബാറ്ററുടെ ഇന്നിങ്സിൽ 25 സിക്സറും 15 ഫോറും ഉൾപ്പെട്ടിരുന്നു. 256-ലധികം സ്ട്രൈക്ക് റേറ്റിൽ കളിച്ച അദ്ദേഹം ബൗണ്ടറികളിലൂടെ മാത്രം 210 റൺസാണ് നേടിയത്. സഹ ഓപ്പണർ അഭയ് ചൗധരിക്കൊപ്പം ആദ്യ വിക്കറ്റിൽ 305 റൺസിന്റെ വമ്പൻ കൂട്ടുകെട്ടും അഭിഷേക് പടുത്തുയർത്തി. അഭയ് 93 റൺസുമായി മികച്ച പിന്തുണ നൽകി.

ഇരുവരുടെയും മിന്നും ബാറ്റിങ്ങിന്റെ കരുത്തിൽ അമൃത്സർ നിശ്ചിത 50 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 533 റൺസ് നേടി. മറുപടി ബാറ്റിങ്ങിൽ ടാൺ തരൺ 313 റൺസിൽ ഒതുങ്ങിയതോടെ അമൃത്സർ 220 റൺസിന്റെ ആധികാരിക ജയം സ്വന്തമാക്കി. ബാറ്റിങ്ങിന് പുറമെ പന്തുകൊണ്ടും തിളങ്ങിയ അഭിഷേക് രണ്ട് വിക്കറ്റും വീഴ്ത്തി.

സിംബാബ്‌വെക്കെതിരായ ടി20 പരമ്പരയിൽ നിരാശപ്പെടുത്തിയ പ്രകടനത്തിന് പിന്നാലെയാണ് അഭിഷേക് ഈ തകർപ്പൻ ഇന്നിങ്സിലൂടെ ശ്രദ്ധ നേടുന്നത്. ഈ മത്സരം ഔദ്യോഗിക ലിസ്റ്റ്-എ റെക്കോർഡിൽ ഉൾപ്പെടില്ലെങ്കിലും, അദ്ദേഹത്തിന്റെ ആത്മവിശ്വാസവും ഫോമും തിരിച്ചുപിടിക്കാൻ ഈ പ്രകടനം നിർണായകമാകുമെന്നാണ് ക്രിക്കറ്റ് ലോകത്തിന്റെ വിലയിരുത്തൽ.