ദാദ തിരിച്ചെത്തുന്നു; ഡൽഹി ക്യാപിറ്റൽസിന്റെ പരിശീലക കുപ്പായത്തിൽ ഗാംഗുലി

2019ൽ ഉപദേശകനായാണ് ഗാംഗുലി ആദ്യമായി ഡൽഹി ക്യാപിറ്റൽസിന്റെ ഭാഗമായത്. പിന്നീട് പുരുഷ, വനിതാ ടീമുകളുടെ ഡയറക്ടർ ഓഫ് ക്രിക്കറ്റ് ഉൾപ്പെടെയുള്ള പ്രധാന സ്ഥാനങ്ങളിലും അദ്ദേഹം പ്രവർത്തിച്ചു. ഫ്രാഞ്ചൈസിയുടെ വിവിധ തലങ്ങളിൽ പ്രവർത്തിച്ച അനുഭവസമ്പത്താണ് ഇപ്പോൾ പരിശീലക സ്ഥാനത്തേക്ക് എത്താൻ വഴിയൊരുക്കിയത്

ദാദ തിരിച്ചെത്തുന്നു; ഡൽഹി ക്യാപിറ്റൽസിന്റെ പരിശീലക കുപ്പായത്തിൽ ഗാംഗുലി

ന്യൂഡൽഹി: 2027ലെ ഐപിഎൽ സീസണിന് മുന്നോടിയായി ഡൽഹി ക്യാപിറ്റൽസ് പരിശീലക സംഘത്തിൽ നിർണായക മാറ്റം. മുൻ ഇന്ത്യൻ നായകൻ സൗരവ് ഗാംഗുലിയെ ടീമിന്റെ പുതിയ മുഖ്യ പരിശീലകനായി നിയമിച്ചു. ഫ്രാഞ്ചൈസിയുമായുള്ള ദീർഘകാല ബന്ധം തുടരുന്നതിനിടെയാണ് ഗാംഗുലിക്ക് പുതിയ ചുമതല ലഭിക്കുന്നത്.

2019ൽ ഉപദേശകനായാണ് ഗാംഗുലി ആദ്യമായി ഡൽഹി ക്യാപിറ്റൽസിന്റെ ഭാഗമായത്. പിന്നീട് പുരുഷ, വനിതാ ടീമുകളുടെ ഡയറക്ടർ ഓഫ് ക്രിക്കറ്റ് ഉൾപ്പെടെയുള്ള പ്രധാന സ്ഥാനങ്ങളിലും അദ്ദേഹം പ്രവർത്തിച്ചു. ഫ്രാഞ്ചൈസിയുടെ വിവിധ തലങ്ങളിൽ പ്രവർത്തിച്ച അനുഭവസമ്പത്താണ് ഇപ്പോൾ പരിശീലക സ്ഥാനത്തേക്ക് എത്താൻ വഴിയൊരുക്കിയത്.

ദക്ഷിണാഫ്രിക്കയിലെ എസ്‌എ20 ലീഗിൽ ഡൽഹി ക്യാപിറ്റൽസിന്റെ സഹോദര ഫ്രാഞ്ചൈസിയായ പ്രിട്ടോറിയ ക്യാപിറ്റൽസിനെയും ഗാംഗുലി പരിശീലിപ്പിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ടീം ഫൈനലിലെത്തിയിരുന്നു. പുതിയ ചുമതല ആവേശത്തോടെയാണ് ഏറ്റെടുക്കുന്നതെന്ന് ഗാംഗുലി പ്രതികരിച്ചു.

ഡൽഹി ക്യാപിറ്റൽസുമായി വർഷങ്ങളായി അടുത്ത ബന്ധമുണ്ടെന്നും ഉടമകൾ, മാനേജ്മെന്റ്, സപ്പോർട്ട് സ്റ്റാഫ്, താരങ്ങൾ എന്നിവരോടൊപ്പം പ്രവർത്തിക്കാൻ കഴിഞ്ഞത് പുതിയ ഉത്തരവാദിത്വത്തിൽ സഹായകരമാകുമെന്നും ഗാംഗുലി പറഞ്ഞു. ഭയമില്ലാതെ മത്സരിക്കുന്ന ശക്തമായ ടീമിനെ ഒരുക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ ഐപിഎൽ സീസണിൽ ആറാം സ്ഥാനത്തായിരുന്ന ഡൽഹി, ഗാംഗുലിയുടെ കീഴിൽ ആദ്യ ഐപിഎൽ കിരീടമാണ് ലക്ഷ്യമിടുന്നത്.