‘ആ ദൃശ്യം ഇന്നും മറക്കാനാകില്ല’;ഹർമൻപ്രീതിന്റെ പടിയിറക്കത്തിൽ വൈകാരിക കുറിപ്പുമായി അഭിജീത് ദിപ്കെ
ഹർമൻപ്രീതിന്റെ കരിയറിലെ ഏറ്റവും വേദനാജനകമായ സംഭവങ്ങളിലൊന്നായ 2023 ടി20 ലോകകപ്പ് സെമിഫൈനലിലെ റൺഔട്ടും കുറിപ്പിൽ അദ്ദേഹം പരാമർശിച്ചു. ഓസ്ട്രേലിയക്കെതിരായ മത്സരത്തിൽ ബാറ്റ് ക്രീസിൽ കുടുങ്ങിയതിനെ തുടർന്ന് ഹർമൻപ്രീത് പുറത്താകുകയായിരുന്നു
ദില്ലി: ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റൻ സ്ഥാനത്തുനിന്ന് ഹർമൻപ്രീത് കൗർ മാറിയതിന് പിന്നാലെ വൈകാരിക കുറിപ്പുമായി ആക്ടിവിസ്റ്റും കോക്രോച്ച് ജനതാ പാർട്ടി സ്ഥാപകനുമായ അഭിജീത് ദിപ്കെ. ഇന്ത്യൻ ക്രിക്കറ്റിനായി ഹർമൻപ്രീത് നൽകിയ സംഭാവനകളും ടീമിനോടുള്ള അവരുടെ ആത്മാർഥതയും ഓർമിപ്പിച്ചാണ് ദിപ്കെയുടെ കുറിപ്പ്.
ഹർമൻപ്രീതിന്റെ കരിയറിലെ ഏറ്റവും വേദനാജനകമായ സംഭവങ്ങളിലൊന്നായ 2023 ടി20 ലോകകപ്പ് സെമിഫൈനലിലെ റൺഔട്ടും കുറിപ്പിൽ അദ്ദേഹം പരാമർശിച്ചു. ഓസ്ട്രേലിയക്കെതിരായ മത്സരത്തിൽ ബാറ്റ് ക്രീസിൽ കുടുങ്ങിയതിനെ തുടർന്ന് ഹർമൻപ്രീത് പുറത്താകുകയായിരുന്നു. നിരാശയും ദേഷ്യവും പ്രകടിപ്പിച്ച് താരം മൈതാനം വിട്ടത് അന്നേറെ ചർച്ചയാകുകയും ചെയ്തു.
എന്നാൽ ആ സംഭവത്തെ ഹർമൻപ്രീതിന്റെ ദൗർബല്യമായി കാണാനാകില്ലെന്നാണ് ദിപ്കെയുടെ നിലപാട്. ടീമിനായി ജയിക്കണമെന്ന അതിയായ ആഗ്രഹമാണ് ആ വൈകാരിക പ്രതികരണത്തിന് പിന്നിലെന്നും അദ്ദേഹം പറഞ്ഞു. വിമർശകർ ഹർമൻപ്രീതിനെ അമിതമായി വികാരപ്രകടനം നടത്തുന്നയാളായി വിശേഷിപ്പിച്ചപ്പോഴും, കളിയോടും രാജ്യത്തോടുമുള്ള അവരുടെ ആത്മാർഥതയാണ് തനിക്ക് കാണാനായതെന്നും ദിപ്കെ കുറിച്ചു.
2025ൽ ഇന്ത്യയുടെ ആദ്യ വനിതാ ഏകദിന ലോകകപ്പ് കിരീടത്തിലേക്ക് ടീമിനെ നയിച്ചതും ഹർമൻപ്രീതിന്റെ പ്രധാന നേട്ടമായി ദിപ്കെ ചൂണ്ടിക്കാട്ടി. ഏഷ്യൻ ഗെയിംസിലെ രണ്ട് സ്വർണ മെഡലുകളും കോമൺവെൽത്ത് ഗെയിംസിലെ വെള്ളി മെഡലും ഉൾപ്പെടെ നിരവധി നേട്ടങ്ങൾ അവരുടെ നേതൃത്വത്തിൽ ഇന്ത്യ സ്വന്തമാക്കിയിരുന്നു.
തുടർച്ചയായ തിരിച്ചടികൾക്കും വിമർശനങ്ങൾക്കും ശേഷം ലോകകപ്പ് ട്രോഫി ഉയർത്തിയ നിമിഷം തന്റെ ഏറ്റവും പ്രിയപ്പെട്ട ക്രിക്കറ്റ് ഓർമകളിലൊന്നാണെന്നും ദിപ്കെ പറഞ്ഞു. ഒരു ട്രോഫി സ്വന്തമാക്കിയതിലുപരി, സമ്മർദങ്ങളെ അതിജീവിച്ച് പോരാടാൻ കഴിയുന്ന ഒരു ടീമിനെ വളർത്തിയെടുത്തതാണ് ഹർമൻപ്രീതിന്റെ വലിയ നേട്ടമെന്നും അദ്ദേഹം വിലയിരുത്തി.
ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് മാറിയെങ്കിലും വിജയിക്കാനുള്ള മനോഭാവമുള്ള ഒരു ടീമിനെ കൈമാറിയാണ് ഹർമൻപ്രീത് പടിയിറങ്ങുന്നതെന്നും ദിപ്കെ പറഞ്ഞു. ഇനി മറ്റൊരാൾ ടീമിനെ നയിച്ചാലും ഇന്ത്യൻ ടീമിന്റെ പോരാട്ടവീര്യത്തിൽ ഹർമൻപ്രീതിന്റെ സ്വാധീനം തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Comments ()