ഒരു വർഷത്തിനിടെ നാലാം സ്ഥലംമാറ്റം;മാനസിക സംഘർഷം തുറന്നുപറഞ്ഞ് ഐഎഎസ് ഉദ്യോഗസ്ഥ
മധ്യപ്രദേശ് ഐഎഎസ് ഓഫീസേഴ്സ് അസോസിയേഷന് അയച്ച കത്തിലാണ് നേഹ തന്റെ അനുഭവങ്ങളും നിരാശയും തുറന്നുപറഞ്ഞത്. ഔദ്യോഗിക ചുമതല നിർവഹിക്കുന്നതിനിടെ കീഴുദ്യോഗസ്ഥരിൽനിന്ന് നേരിട്ട എതിർപ്പും അച്ചടക്കലംഘനവും സംബന്ധിച്ചും കത്തിൽ വിശദീകരണമുണ്ട്.
ഭോപ്പാൽ: തുടർച്ചയായ സ്ഥലംമാറ്റങ്ങളിൽ കടുത്ത പ്രതിഷേധം രേഖപ്പെടുത്തി മധ്യപ്രദേശിലെ 2011 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥ നേഹ മാർവ്യ സിംഗ്. ഒരു വർഷത്തിനിടെ നാലാം തവണയാണ് സ്ഥലംമാറ്റത്തിന് വിധേയയാകുന്നതെന്നും പുതിയ ചുമതലയിൽ വെറും 50 ദിവസം പൂർത്തിയാകുന്നതിന് മുൻപാണ് വീണ്ടും മാറ്റിയതെന്നും അവർ ആരോപിച്ചു.
മധ്യപ്രദേശ് ഐഎഎസ് ഓഫീസേഴ്സ് അസോസിയേഷന് അയച്ച കത്തിലാണ് നേഹ തന്റെ അനുഭവങ്ങളും നിരാശയും തുറന്നുപറഞ്ഞത്. ഔദ്യോഗിക ചുമതല നിർവഹിക്കുന്നതിനിടെ കീഴുദ്യോഗസ്ഥരിൽനിന്ന് നേരിട്ട എതിർപ്പും അച്ചടക്കലംഘനവും സംബന്ധിച്ചും കത്തിൽ വിശദീകരണമുണ്ട്.
ചില ഉദ്യോഗസ്ഥർ മനഃപൂർവം ഫയലുകൾ വൈകിപ്പിക്കുകയും, മേശയിൽ അടിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്തതായി നേഹ ആരോപിച്ചു. താൻ ആവശ്യപ്പെട്ട കാര്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ സ്ഥലംമാറ്റം നേരിടേണ്ടിവരുമെന്ന തരത്തിൽ ചിലർ വെല്ലുവിളിച്ചെന്നും അവർ പറയുന്നു.
ഇത്തരം പെരുമാറ്റത്തെക്കുറിച്ച് മേലുദ്യോഗസ്ഥർക്ക് ഔദ്യോഗികമായി പരാതി നൽകിയിട്ടും ആരോപണവിധേയർക്കെതിരെ നടപടി സ്വീകരിച്ചില്ലെന്നാണ് നേഹയുടെ പരാതി. പകരം നടപടി നേരിട്ടത് താനാണെന്നും അവർ ചൂണ്ടിക്കാട്ടി.
ഒരു വകുപ്പിന്റെ പ്രവർത്തനരീതിയും ചുമതലകളും പൂർണമായി മനസിലാക്കാൻ പോലും മതിയായ സമയം ലഭിക്കുന്നതിന് മുമ്പ് തന്നെ കീഴുദ്യോഗസ്ഥർ കൂട്ടമായി എതിർപ്പ് ഉയർത്തിയത് എങ്ങനെയെന്ന ചോദ്യവും നേഹ കത്തിൽ ഉന്നയിച്ചു.
തുടർച്ചയായ സ്ഥലംമാറ്റങ്ങൾ തനിക്ക് എളുപ്പത്തിൽ ലക്ഷ്യമിടാവുന്ന ഉദ്യോഗസ്ഥയെന്ന ധാരണ മറ്റുള്ളവരിൽ സൃഷ്ടിച്ചുവെന്നും അവർ ആരോപിച്ചു. തങ്ങളുടെ താൽപര്യങ്ങൾക്കനുസരിച്ച് പ്രവർത്തിച്ചില്ലെങ്കിൽ സ്ഥലംമാറ്റത്തിലൂടെ സമ്മർദം ചെലുത്താമെന്ന സാഹചര്യം ഇതിലൂടെ രൂപപ്പെട്ടതായും നേഹ പറഞ്ഞു.
‘ഗൂഢാലോചന നടത്തുന്നവർ എല്ലായ്പ്പോഴും വിജയിക്കുന്നു, ഞാൻ പരാജയപ്പെടുന്നു. ഈ സംവിധാനം എന്നെ പൂർണമായും പരാജയപ്പെടുത്തി’ എന്നായിരുന്നു നേഹയുടെ കത്തിലെ പരാമർശം.
ഇത് തന്റെ മാത്രം വിഷയമായി കാണരുതെന്നും ഭാവിയിൽ മറ്റൊരു ഐഎഎസ് ഉദ്യോഗസ്ഥനും സമാനമായ സാഹചര്യം നേരിടേണ്ടിവരുമെന്നും നേഹ മുന്നറിയിപ്പ് നൽകി. ഉദ്യോഗസ്ഥരുടെ ക്ഷേമവും സുരക്ഷിതമായ ഔദ്യോഗിക അന്തരീക്ഷവും ഉറപ്പാക്കുന്നതിനായി ഐഎഎസ് ഓഫീസേഴ്സ് അസോസിയേഷൻ അടിയന്തരമായി ഇടപെടണമെന്നും അവർ ആവശ്യപ്പെട്ടു.
Comments ()