വഴിയില്‍ കിടന്ന കേബിളിൽ കാൽ കുരുങ്ങി തലയടിച്ച് വീണു; പരിക്കേറ്റ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

അപകടത്തെത്തുടർന്ന് ചികിത്സയ്ക്കായി 18 ലക്ഷം രൂപ ചെലവഴിക്കേണ്ടിവന്നെന്നും കേബിളിന്റെ ഉടമകളിൽ നിന്ന് യാതൊരു സഹായവും ലഭിച്ചില്ലെന്നും കുടുംബം ആരോപിച്ചു

വഴിയില്‍ കിടന്ന കേബിളിൽ കാൽ കുരുങ്ങി തലയടിച്ച് വീണു; പരിക്കേറ്റ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

കൊച്ചി: നടപ്പാതയിൽ അലക്ഷ്യമായി കിടന്ന കേബിളിൽ കാൽ കുടുങ്ങി വീണ് ഗുരുതരമായി പരിക്കേറ്റ 68കാരി ചികിത്സയിലിരിക്കെ മരിച്ചു. കളമശ്ശേരി സ്വദേശി പുഷ്പി സേവ്യറാണ് വെള്ളിയാഴ്ച രാവിലെ സ്വകാര്യ ആശുപത്രിയിൽ അന്തരിച്ചത്. അപകടത്തെത്തുടർന്ന് ചികിത്സയ്ക്കായി 18 ലക്ഷം രൂപ ചെലവഴിക്കേണ്ടിവന്നെന്നും കേബിളിന്റെ ഉടമകളിൽ നിന്ന് യാതൊരു സഹായവും ലഭിച്ചില്ലെന്നും കുടുംബം ആരോപിച്ചു.

സെപ്റ്റംബർ എട്ടിന് രാവിലെ 11 മണിയോടെയായിരുന്നു അപകടം. ഭർത്താവ് സേവ്യറിനൊപ്പം നോർത്ത് കളമശ്ശേരിയിലെ പത്താം പീയൂസ് പള്ളിക്ക് സമീപമുള്ള സെമിത്തേരിയിൽ പോയി മടങ്ങുന്നതിനിടെ പ്രവേശന കവാടത്തിന് മുന്നിൽ കിടന്നിരുന്ന കേബിളിൽ പുഷ്പിയുടെ കാൽ കുടുങ്ങുകയായിരുന്നു. നിയന്ത്രണം തെറ്റി തലയടിച്ച് വീണതോടെ ഗുരുതരമായി പരിക്കേൽക്കുകയും രക്തസ്രാവമുണ്ടാകുകയും ചെയ്തു.

ആദ്യം എറണാകുളത്തെ ഒരു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും വിദഗ്ധ ചികിത്സയ്ക്കായി പിന്നീട് മറ്റൊരു ആശുപത്രിയിലേക്ക് മാറ്റി. അപകടത്തെത്തുടർന്ന് ശരീരത്തിന്റെ ഇടതുഭാഗം തളർന്ന പുഷ്പി ദീർഘകാലമായി ചികിത്സയിലായിരുന്നു. ആരോഗ്യനിലയിൽ കാര്യമായ പുരോഗതിയുണ്ടാകാത്തതിനിടെയാണ് മരണം സംഭവിച്ചത്.

സെമിത്തേരി കവാടത്തിന് മുന്നിലൂടെ നിലത്ത് കടന്നുപോയിരുന്ന കേബിളാണ് അപകടത്തിന് കാരണമായതെന്നാണ് കുടുംബത്തിന്റെ ആരോപണം. സമീപത്തെ മതിലുകളിലൂടെയും പോസ്റ്റുകളിലൂടെയും മറ്റ് ഭാഗങ്ങളിൽ സ്ഥാപിച്ചിരുന്ന കേബിൾ അപകടത്തിന് പിന്നാലെ ഉടമകൾ അഴിച്ചുമാറ്റിയിരുന്നു. എന്നാൽ സംഭവത്തെക്കുറിച്ച് അന്വേഷിക്കാനോ ചികിത്സാ ചെലവിലേക്ക് സഹായം നൽകാനോ കേബിൾ ഉടമകളോ കരാറുകാരോ തയ്യാറായില്ലെന്നാണ് ബന്ധുക്കൾ പറയുന്നത്.

സംഭവത്തിൽ കളമശ്ശേരി പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നുണ്ട്. അരുൺ, സുസ്മി എന്നിവരാണ് പുഷ്പി സേവ്യറിന്റെ മക്കൾ.