കണ്ണൂരിൽ 17കാരന്റെ മരണത്തിൽ ഗുരുതര വീഴ്ച; ഡോക്ടർക്കും ക്ലിനിക്കിനും രജിസ്ട്രേഷനില്ലെന്ന് കണ്ടെത്തൽ

നേരത്തെ പിഴവുകളില്ലെന്ന് ചൂണ്ടിക്കാട്ടി അവസാനിപ്പിച്ച കേസിൽ വിശദമായ തുടരന്വേഷണത്തിനും കമ്മീഷൻ ഉത്തരവിട്ടു

കണ്ണൂരിൽ 17കാരന്റെ മരണത്തിൽ ഗുരുതര വീഴ്ച; ഡോക്ടർക്കും ക്ലിനിക്കിനും രജിസ്ട്രേഷനില്ലെന്ന് കണ്ടെത്തൽ

കണ്ണൂർ: തൊണ്ടയിലെ ശസ്ത്രക്രിയയ്ക്ക് പിന്നാലെ 17കാരൻ മരിച്ച സംഭവത്തിൽ ഗുരുതര വീഴ്ചകൾ കണ്ടെത്തി സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ. ചികിത്സയിൽ അനാസ്ഥയുണ്ടായെന്നും ശസ്ത്രക്രിയ നടത്തിയ ഡോക്ടർക്കും ബന്ധപ്പെട്ട സ്ഥാപനങ്ങൾക്കും ആവശ്യമായ രജിസ്ട്രേഷൻ ഉണ്ടായിരുന്നില്ലെന്നും കമ്മീഷന്റെ അന്വേഷണത്തിൽ വ്യക്തമായി. നേരത്തെ പിഴവുകളില്ലെന്ന് ചൂണ്ടിക്കാട്ടി അവസാനിപ്പിച്ച കേസിൽ വിശദമായ തുടരന്വേഷണത്തിനും കമ്മീഷൻ ഉത്തരവിട്ടു.

2024 ജൂലൈയിലാണ് കണ്ണൂർ സ്വദേശിയായ സൂര്യജിത്ത് തൊണ്ടയിലെ ശസ്ത്രക്രിയയ്ക്ക് വിധേയനായതിന് പിന്നാലെ മരിച്ചത്. കണ്ണൂരിലെ പ്രിയ ഇഎൻടി ക്ലിനിക്കിലായിരുന്നു ശസ്ത്രക്രിയ. തുടർന്ന് രണ്ടാം ദിവസം രക്തം ഛർദിച്ച് അവശനിലയിലായ കുട്ടിയെ മറ്റൊരു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ശസ്ത്രക്രിയയിലെ പിഴവും ആരോഗ്യനില മോശമായപ്പോൾ സമയബന്ധിതമായി മതിയായ ചികിത്സ നൽകാത്തതുമാണ് മരണത്തിന് കാരണമെന്ന് ആരോപിച്ച് കുടുംബം പരാതി നൽകിയിരുന്നു. സംഭവത്തിൽ ആദ്യം നടത്തിയ ജില്ലാ മെഡിക്കൽ ഓഫീസറുടെ അന്വേഷണത്തിൽ അടിയന്തര ചികിത്സ നൽകുന്നതിൽ വീഴ്ചയുണ്ടായതായി കണ്ടെത്തിയിരുന്നു. എന്നാൽ പിന്നീട് ഡിഎംഒ ഉൾപ്പെട്ട മെഡിക്കൽ ബോർഡ് നടത്തിയ പരിശോധനയിൽ ഡോക്ടർക്കോ ചികിത്സയ്ക്കോ വീഴ്ചയില്ലെന്ന റിപ്പോർട്ടാണ് നൽകിയത്. ഇതിന്റെ അടിസ്ഥാനത്തിൽ പൊലീസ് കേസന്വേഷണം അവസാനിപ്പിച്ചതോടെയാണ് കുടുംബം മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചത്.

കമ്മീഷന്റെ അന്വേഷണത്തിലാണ് ചികിത്സാ സംവിധാനങ്ങളുമായി ബന്ധപ്പെട്ട കൂടുതൽ ക്രമക്കേടുകൾ പുറത്തുവന്നത്. ശസ്ത്രക്രിയ നടത്തിയ ഡോ. സന്ദേശ് പ്രിയദർശന് കേരള മെഡിക്കൽ കൗൺസിലിൽ രജിസ്ട്രേഷൻ ഉണ്ടായിരുന്നില്ലെന്ന് വിവരാവകാശ രേഖകൾ വ്യക്തമാക്കുന്നു. ശസ്ത്രക്രിയ നടന്ന പ്രിയ ഇഎൻടി ക്ലിനിക്കിനും പിന്നീട് കുട്ടിയെ പ്രവേശിപ്പിച്ച ഫാത്തിമ ആശുപത്രിക്കും ബന്ധപ്പെട്ട സമയത്ത് ആവശ്യമായ രജിസ്ട്രേഷൻ ഉണ്ടായിരുന്നില്ലെന്നും അന്വേഷണത്തിൽ കണ്ടെത്തി. കൂടാതെ, രക്തം ഛർദിച്ച് ഗുരുതരാവസ്ഥയിലായ കുട്ടിക്ക് കൃത്യസമയത്ത് ചികിത്സ ലഭിച്ചില്ലെന്നും ഫാത്തിമ ആശുപത്രിയിലെ മെഡിക്കൽ രേഖകളിൽ തിരുത്തലുകൾ വരുത്തിയിട്ടുണ്ടെന്നും കമ്മീഷൻ ചൂണ്ടിക്കാട്ടി.

നേരത്തെ അന്വേഷണം നടത്തിയ ഡിഎംഒയും പൊലീസും ഡോക്ടറുടെയും സ്ഥാപനങ്ങളുടെയും രജിസ്ട്രേഷൻ പരിശോധിക്കാൻ പോലും തയ്യാറായില്ലെന്ന വിമർശനവും കമ്മീഷൻ ഉന്നയിച്ചു. ഇതോടെയാണ് കേസിൽ വീണ്ടും അന്വേഷണം നടത്താൻ നിർദേശം നൽകിയത്.

ക്രൈംബ്രാഞ്ചിലെ ഡിവൈഎസ്പി റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥൻ അന്വേഷണം ഏറ്റെടുക്കണമെന്നാണ് ഉത്തരവ്. ആശുപത്രികളിലെ ഡോക്ടർമാർക്കും ക്ലിനിക്കൽ ജീവനക്കാർക്കും ആവശ്യമായ യോഗ്യതയുണ്ടെന്ന് ഉറപ്പാക്കാൻ ആരോഗ്യവകുപ്പിനും നിർദേശം നൽകിയിട്ടുണ്ട്. സംഭവത്തിൽ സ്വീകരിച്ച നടപടികൾ സംബന്ധിച്ച റിപ്പോർട്ട് മൂന്ന് മാസത്തിനകം സമർപ്പിക്കാൻ ഡിജിപിയോടും ആരോഗ്യവകുപ്പിനോടും കമ്മീഷൻ ആവശ്യപ്പെട്ടു.