തിരിച്ചുവരവ് അനിവാര്യം; തോൽവിയുടെ കാരണങ്ങൾ ആഴത്തിൽ പഠിക്കണമെന്ന് കെ.കെ. ശൈലജ

തിരിച്ചുവരവ് അനിവാര്യം; തോൽവിയുടെ കാരണങ്ങൾ ആഴത്തിൽ പഠിക്കണമെന്ന് കെ.കെ. ശൈലജ

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് ഫലങ്ങൾ ഇടതുപക്ഷത്തിന് ഗൗരവമായ മുന്നറിയിപ്പാണെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം കെ.കെ. ശൈലജ അഭിപ്രായപ്പെട്ടു. പാർട്ടിയുടെ പരമ്പരാഗത ശക്തികേന്ദ്രങ്ങളിലടക്കം പിന്തുണയിൽ ഇടിവ് രേഖപ്പെടുത്തിയെന്നും കഴിഞ്ഞ തെരഞ്ഞെടുപ്പുകളിലെ തിരിച്ചടികൾ ആഴത്തിൽ വിലയിരുത്തേണ്ട സാഹചര്യമാണുള്ളതെന്നും അവർ പറഞ്ഞു.

പാർട്ടിയുമായി ദീർഘകാലമായി ബന്ധപ്പെട്ടു നിന്നിരുന്ന വിഭാഗങ്ങളിൽ പോലും അകൽച്ച പ്രകടമായതായി ശൈലജ ചൂണ്ടിക്കാട്ടി. പ്രവർത്തനരീതിയിലും ജനങ്ങളുമായുള്ള ഇടപെടലിലും മാറ്റങ്ങൾ അനിവാര്യമാണെന്നും അവർ അഭിപ്രായപ്പെട്ടു.

നേതാക്കളുടെയും പ്രവർത്തകരുടെയും ഭാഷ, പെരുമാറ്റം, പൊതുസമൂഹത്തോടുള്ള സമീപനം എന്നിവ പുനഃപരിശോധിക്കേണ്ടതുണ്ടെന്ന് ശൈലജ വ്യക്തമാക്കുന്നു. ജനങ്ങളുടെ ആശങ്കകളും വിമർശനങ്ങളും സമയബന്ധിതമായി പരിഗണിക്കുന്നതിൽ വീഴ്ച സംഭവിച്ചുവെന്നും ശൈലജ വിലയിരുത്തി.

ഇടതുമുന്നണിയുടെ സീറ്റുനിലയിൽ ഉണ്ടായ വലിയ ഇടിവ് ഗൗരവത്തോടെ കാണേണ്ടതാണെന്നും ഘടകകക്ഷികളുടെ ശക്തി വീണ്ടെടുക്കാൻ പ്രത്യേക ശ്രദ്ധ ആവശ്യമാണ് എന്നും ശൈലജ അഭിപ്രായപ്പെട്ടു. സംസ്ഥാന രാഷ്ട്രീയത്തിൽ ഉണ്ടായ പുതിയ മാറ്റങ്ങളും മറ്റ് പാർട്ടികളുടെ മുന്നേറ്റവും ഇടതുപക്ഷം ഗൗരവത്തോടെ പഠിക്കേണ്ട വിഷയങ്ങളാണെന്നും ശൈലജ പറയുന്നു.