സൗദി അറേബ്യയിലേക്കുള്ള സർവീസുകൾ നവംബർ 30 വരെ റദ്ദാക്കി ഇൻഡിഗോ

ജിദ്ദ, മദീന, റിയാദ്, ദമാം എന്നീ നാല് പ്രധാന നഗരങ്ങളിലേക്കുള്ള സർവീസുകളാണ് നവംബർ 30 ഉൾപ്പെടെയുള്ള ദിവസത്തേക്ക് പൂർണ്ണമായും നിർത്തിവച്ചിരിക്കുന്നത്.

സൗദി അറേബ്യയിലേക്കുള്ള സർവീസുകൾ നവംബർ 30 വരെ റദ്ദാക്കി ഇൻഡിഗോ

കൊച്ചി: സൗദി അറേബ്യയിലെ നിലവിലെ സുരക്ഷാ സാഹചര്യങ്ങൾ കണക്കിലെടുത്ത് രാജ്യത്തേക്കും തിരിച്ചുമുള്ള എല്ലാ വിമാന സർവീസുകളും നവംബർ 30 വരെ പൂർണ്ണമായി റദ്ദാക്കിയതായി ഇൻഡിഗോ എയർലൈൻസ് അറിയിച്ചു. ജിദ്ദ, മദീന, റിയാദ്, ദമാം എന്നീ നാല് പ്രധാന നഗരങ്ങളിലേക്കുള്ള സർവീസുകളാണ് നവംബർ 30 ഉൾപ്പെടെയുള്ള ദിവസങ്ങളിലേക്ക് നിർത്തിവെച്ചിരിക്കുന്നത്.

നേരത്തെ റിയാദ്, ദമാം സർവീസുകൾ നവംബർ 30 വരെയും, ജിദ്ദ, മദീന സർവീസുകൾ നവംബർ 21 വരെയുമായിരുന്നു റദ്ദാക്കിയിരുന്നത്. എന്നാൽ, മേഖലയിലെ നിലവിലെ സാഹചര്യങ്ങൾ വീണ്ടും വിലയിരുത്തിയ ശേഷം നാല് നഗരങ്ങളിലേക്കുമുള്ള നിയന്ത്രണം ഈ മാസം അവസാനം വരെ നീട്ടാൻ കമ്പനി തീരുമാനിക്കുകയായിരുന്നു.

യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്കാണ് തങ്ങൾ ഏറ്റവും ഉയർന്ന മുൻഗണന നൽകുന്നതെന്നും സാഹചര്യങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും ഇൻഡിഗോ പ്രസ്താവനയിൽ വ്യക്തമാക്കി. സർവീസുകൾ റദ്ദാക്കിയ വിവരം, ടിക്കറ്റ് ബുക്ക് ചെയ്യുന്ന സമയത്ത് യാത്രക്കാർ നൽകിയ ഫോൺ നമ്പർ, ഇ-മെയിൽ എന്നിവ വഴി നേരിട്ട് അറിയിക്കുന്നുണ്ടെന്നും എയർലൈൻസ് അധികൃതർ അറിയിച്ചു.