ഹോളിവുഡിന് തീരാനഷ്ടം; വാഹനാപകടത്തിൽ യുവ നടി കെയ്‌ലി ഹോട്ടിൽ മരിച്ചു

മകളുടെ വിയോഗവാർത്ത പിതാവ് ജോഷ്വ ഹോട്ടിൽ അമേരിക്കൻ ആംഗ്യഭാഷയിലൂടെ സമൂഹമാധ്യമത്തിൽ പങ്കുവെച്ചു. അപകടസ്ഥലത്ത് അടിയന്തര രക്ഷാപ്രവർത്തകർ ഉടൻ എത്തിയിരുന്നെങ്കിലും ആശുപത്രിയിലെത്തും മുമ്പ് കെയ്‌ലിയുടെ ഹൃദയമിടിപ്പ് നിലച്ചതായി അദ്ദേഹം വ്യക്തമാക്കി

ഹോളിവുഡിന് തീരാനഷ്ടം; വാഹനാപകടത്തിൽ യുവ നടി കെയ്‌ലി ഹോട്ടിൽ മരിച്ചു

ന്യൂയോർക്ക്: ഹോളിവുഡിലെ യുവ നടി കെയ്‌ലി ഹോട്ടിൽ വാഹനാപകടത്തിൽ മരിച്ചു. 18 വയസ്സായിരുന്നു. അമേരിക്കയിലെ മേരിലാൻഡ് സംസ്ഥാനത്തെ ഫ്രെഡറിക്കിൽ നടന്ന അപകടത്തിലാണ് മരണം സംഭവിച്ചത്. ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് മരണം സംഭവിച്ചതെന്ന് കുടുംബം അറിയിച്ചു.

മകളുടെ വിയോഗവാർത്ത പിതാവ് ജോഷ്വ ഹോട്ടിൽ അമേരിക്കൻ ആംഗ്യഭാഷയിലൂടെ സമൂഹമാധ്യമത്തിൽ പങ്കുവെച്ചു. അപകടസ്ഥലത്ത് അടിയന്തര രക്ഷാപ്രവർത്തകർ ഉടൻ എത്തിയിരുന്നെങ്കിലും ആശുപത്രിയിലെത്തും മുമ്പ് കെയ്‌ലിയുടെ ഹൃദയമിടിപ്പ് നിലച്ചതായി അദ്ദേഹം വ്യക്തമാക്കി. മരണകാരണം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ആശുപത്രി അധികൃതർ പുറത്തുവിട്ടിട്ടില്ല.

ജന്മനാ ബധിരയായിരുന്ന കെയ്‌ലി തന്റെ പരിമിതികളെ മറികടന്നാണ് ചലച്ചിത്രരംഗത്ത് ശ്രദ്ധേയയായത്. 2021-ൽ പുറത്തിറങ്ങിയ 'ഗോഡ്‌സില്ല വേഴ്സസ് കോങ്' എന്ന ചിത്രത്തിൽ ബധിരയും അനാഥയുമായ 'ജിയ' എന്ന കഥാപാത്രത്തെ അവതരിപ്പിച്ചാണ് അവർ ലോകശ്രദ്ധ നേടിയത്. തുടർന്ന് 2024-ൽ പുറത്തിറങ്ങിയ 'ഗോഡ്‌സില്ല × കോങ്: ദ ന്യൂ എംപയർ' എന്ന ചിത്രത്തിലും അതേ കഥാപാത്രത്തെ അവതരിപ്പിച്ച് വീണ്ടും പ്രേക്ഷക പ്രശംസ നേടി.

ആ ചിത്രത്തിലെ അഭിനയത്തിന് മികച്ച യുവ നടിക്കുള്ള സാറ്റേൺ പുരസ്‌കാര നാമനിർദേശവും കെയ്‌ലിക്ക് ലഭിച്ചിരുന്നു. അവർ പഠിച്ചിരുന്ന ടെക്സാസ് ബധിര വിദ്യാലയവും അനുശോചനം രേഖപ്പെടുത്തി. ബധിര സമൂഹത്തിന്റെ യഥാർഥ പ്രതിനിധിയായും ലോകമെമ്പാടുമുള്ള ബധിര കലാകാരന്മാർക്ക് പ്രചോദനമായും കെയ്‌ലി ഹോട്ടിലിന്റെ ജീവിതം എന്നും ഓർമിക്കപ്പെടുമെന്ന് അനുശോചന സന്ദേശങ്ങളിൽ പറയുന്നു.