മോഹൻലാലിന്റെ വാഹന ആർസിയിൽ പേരുമാറ്റം; ‘ലഫ്റ്റനന്റ് കേണൽ’, ‘ഡോക്ടർ’ പദവികൾ ഒഴിവാക്കി

ആധാർ കാർഡിൽ രേഖപ്പെടുത്തിയിരിക്കുന്ന പേരുമായി പൊരുത്തപ്പെടുന്ന പേരായിരിക്കണം വാഹനത്തിന്റെ ആർസി രേഖകളിലും നൽകേണ്ടതെന്ന നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി

മോഹൻലാലിന്റെ വാഹന ആർസിയിൽ പേരുമാറ്റം; ‘ലഫ്റ്റനന്റ് കേണൽ’, ‘ഡോക്ടർ’ പദവികൾ ഒഴിവാക്കി

കൊച്ചി: നടൻ മോഹൻലാലിന്റെ വാഹന രജിസ്ട്രേഷൻ രേഖയിൽ മാറ്റം വരുത്തി മോട്ടോർ വാഹനവകുപ്പ്. ആർസി രേഖയിൽ പേരിനൊപ്പം ചേർത്തിരുന്ന ‘ലഫ്റ്റനന്റ് കേണൽ’, ‘ഡോക്ടർ’ എന്നീ പദവികളാണ് നീക്കം ചെയ്തത്. വാഹനവുമായി ബന്ധപ്പെട്ട സേവനത്തിനായി മോഹൻലാലിന്റെ ഏജന്റ് ആർടി ഓഫീസിലെത്തിയപ്പോഴാണ് രേഖകളിലെ പേരുമായി ബന്ധപ്പെട്ട സാങ്കേതിക തടസം ശ്രദ്ധയിൽപ്പെട്ടത്.

ആധാർ കാർഡിൽ രേഖപ്പെടുത്തിയിരിക്കുന്ന പേരുമായി പൊരുത്തപ്പെടുന്ന പേരായിരിക്കണം വാഹനത്തിന്റെ ആർസി രേഖകളിലും നൽകേണ്ടതെന്ന നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. ആധാറിലെ പേരും ആർസിയിലെ പേരും തമ്മിൽ വ്യത്യാസമുണ്ടായതോടെ ഓൺലൈൻ സേവന നടപടികളിൽ തടസം നേരിട്ടു. തുടർന്ന് രേഖകളിലെ പേര് ആധാറിലുള്ള രീതിയിലേക്ക് മാറ്റുകയായിരുന്നു.

നേരത്തെ വാഹനത്തിന്റെ ആർസി രേഖയിൽ ‘ലഫ്റ്റനന്റ് കേണൽ ഡോ. വി മോഹൻലാൽ’ എന്നായിരുന്നു പേര് രേഖപ്പെടുത്തിയിരുന്നത്. ഇപ്പോൾ ഇത് ‘വിശ്വനാഥൻ നായർ മോഹൻലാൽ’ എന്നാക്കി തിരുത്തിയിട്ടുണ്ട്.

കെഎൽ 7 സിയു 2020 എന്ന രജിസ്ട്രേഷൻ നമ്പറിലുള്ള വാഹനത്തിന്റെ രേഖകളിലാണ് മാറ്റം വരുത്തിയത്. 2020ലാണ് വാഹനം രജിസ്റ്റർ ചെയ്തത്.

വാഹന ഉടമയുടെ തിരിച്ചറിയൽ രേഖകളിലെ പേരും ആർസി രേഖയിലെ പേരും തമ്മിൽ പൊരുത്തം ഉറപ്പാക്കുന്നതിനുള്ള നടപടികളുടെ ഭാഗമായാണ് മോഹൻലാലിന്റെ വാഹന രേഖയിലും തിരുത്തൽ ഉണ്ടായത്.