ഡല്‍ഹിയിലെ ഓര്‍മ്മക്കൂടാരം ഇനി സ്വന്തം; ഗൗരിക്കൊപ്പം തുടക്കം കുറിച്ച ആഡംബര മന്ദിരം 37 കോടിക്ക് വാങ്ങി ഷാരൂഖ് ഖാന്‍

ഡല്‍ഹിയിലെ ഓര്‍മ്മക്കൂടാരം ഇനി സ്വന്തം; ഗൗരിക്കൊപ്പം തുടക്കം കുറിച്ച ആഡംബര മന്ദിരം 37 കോടിക്ക് വാങ്ങി ഷാരൂഖ് ഖാന്‍

ബോളിവുഡ് താരം ഷാരൂഖ് ഖാനും ഭാര്യ ഗൗരി ഖാനും തങ്ങളുടെ വിവാഹജീവിതം ആരംഭിച്ച ഡല്‍ഹിയിലെ ആഡംബര മന്ദിരത്തിന്റെ പൂര്‍ണ ഉടമസ്ഥാവകാശം ഇനി 'കിങ് ഖാന്' സ്വന്തം. സൗത്ത് ഡല്‍ഹിയിലെ അതിസമ്പന്ന മേഖലയായ പഞ്ച്ശീല്‍ പാര്‍ക്കിലുള്ള ഈ റസിഡന്‍ഷ്യല്‍ കെട്ടിടത്തിന്റെ ബാക്കി ഭാഗം കൂടി വാങ്ങിയാണ് താരം ഇപ്പോള്‍ മന്ദിരത്തിന്റെ ഏക ഉടമയായി മാറിയത്.

കെട്ടിടത്തിന്റെ ബേസ്മെന്റും ഒന്നാം നിലയും നേരത്തെ തന്നെ ഷാരൂഖിന്റെ ഉടമസ്ഥതയിലുണ്ടായിരുന്നു. ഇപ്പോള്‍ രണ്ടും മൂന്നും നിലകള്‍ കൂടി സ്വന്തമാക്കിയതോടെയാണ് ഈ ആഡംബര വീട് മുഴുവനായും താരത്തിന്റെ കൈകളിലെത്തിയത്. 'മണി കണ്‍ട്രോള്‍' റിപ്പോര്‍ട്ടുകള്‍ പ്രകാരം, പുതിയ നിലകള്‍ വാങ്ങുന്നതിനായി ഏകദേശം 37 കോടി രൂപയാണ് ഷാരൂഖ് ഖാന്‍ മുടക്കിയത്.

സൗത്ത് ഡല്‍ഹിയിലെ ഏറ്റവും പ്രമുഖ റെസിഡന്‍ഷ്യല്‍ ഏരിയയില്‍ സ്ഥിതി ചെയ്യുന്ന ഈ പ്രോപ്പര്‍ട്ടി, ഏകദേശം കാല്‍ ഏക്കറോളം (1,200 ചതുരശ്ര യാര്‍ഡ് / 10,800 ചതുരശ്ര അടി) വിസ്തൃതിയുള്ള പ്ലോട്ടിലാണ് വ്യാപിച്ചുകിടക്കുന്നത്. ഈ പുതിയ ഇടപാട് പ്രകാരം ഇവിടുത്തെ ഭൂമിക്ക് ചതുരശ്ര അടിക്ക് ഏകദേശം 34,260 രൂപയാണ് മൂല്യം കണക്കാക്കുന്നത്.