ഓണത്തിന് പൂക്കളുടെ വർണവസന്തം; കഞ്ഞിക്കുഴിയിൽ മൂന്ന് ഏക്കറിൽ ഒരുങ്ങി വമ്പൻ പൂപ്പാടം
പൂപ്പാടത്തിലെ വിളവെടുപ്പ് നാളെ ആലപ്പുഴ ജില്ലാ കളക്ടർ ഷാജി വി. നായർ നിർവഹിക്കും. ചെണ്ടുമല്ലിയും വാടാമുല്ലയും ഉൾപ്പെടെ വിവിധ ഇനങ്ങളിലുള്ള പൂക്കളാണ് കൃഷിയിടത്തിൽ നിറഞ്ഞുനിൽക്കുന്നത്. ഏകദേശം 20,000 ചെണ്ടുമല്ലി ചെടികളും 10,000 വാടാമുല്ല ചെടികളുമാണ് ഇവിടെ കൃഷി ചെയ്തിരിക്കുന്നത്.
ആലപ്പുഴ: ഓണത്തെ വരവേൽക്കാൻ പൂക്കളുടെ വർണവസന്തവുമായി കഞ്ഞിക്കുഴി ഒരുങ്ങി. കർഷകൻ വി.പി. സുനിലിന്റെ നേതൃത്വത്തിൽ മൂന്ന് ഏക്കറിലായി ഒരുക്കിയ പൂപ്പാടമാണ് ഇത്തവണ ഓണാഘോഷങ്ങളുടെ പ്രധാന ആകർഷണമാകുന്നത്. സംസ്ഥാനത്തെ ഏറ്റവും വലിയ ഓണപ്പൂപ്പാടങ്ങളിലൊന്നായാണ് ഇത് ഒരുക്കിയിരിക്കുന്നത്.
പൂപ്പാടത്തിലെ വിളവെടുപ്പ് നാളെ ആലപ്പുഴ ജില്ലാ കളക്ടർ ഷാജി വി. നായർ നിർവഹിക്കും. ചെണ്ടുമല്ലിയും വാടാമുല്ലയും ഉൾപ്പെടെ വിവിധ ഇനങ്ങളിലുള്ള പൂക്കളാണ് കൃഷിയിടത്തിൽ നിറഞ്ഞുനിൽക്കുന്നത്. ഏകദേശം 20,000 ചെണ്ടുമല്ലി ചെടികളും 10,000 വാടാമുല്ല ചെടികളുമാണ് ഇവിടെ കൃഷി ചെയ്തിരിക്കുന്നത്.
അത്തം മുതൽ ഉത്രാടം വരെയുള്ള ദിവസങ്ങളിൽ ആവശ്യക്കാർക്ക് തുടർച്ചയായി പൂക്കൾ ലഭ്യമാക്കുന്നതിനായി രണ്ട് ഘട്ടങ്ങളിലായാണ് കൃഷി ക്രമീകരിച്ചിരിക്കുന്നത്. അഞ്ച് നിറത്തിലുള്ള പൂക്കൾ ഉൾപ്പെടുന്ന ഒരു കിറ്റിന് 500 രൂപയാണ് വില. ഒരു വീട്ടിലെ പൂക്കളത്തിനാവശ്യമായ പൂക്കൾ ഒരു കിറ്റിൽ ലഭിക്കുമെന്ന് കർഷകൻ വി.പി. സുനിൽ പറഞ്ഞു.
ജോലി കഴിഞ്ഞ് വൈകിയെത്തുന്നവർക്കും പൂക്കൾ വാങ്ങാനുള്ള സൗകര്യമുണ്ട്. മുൻകൂട്ടി അറിയിക്കുന്നവർക്ക് രാത്രിയിലും പൂക്കൾ നൽകാനുള്ള സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്.
പൂക്കളുടെ വിൽപ്പനയ്ക്കൊപ്പം സന്ദർശകർക്കായി ‘കഞ്ഞിക്കുഴി പുഷ്പോത്സവം’ എന്ന പേരിൽ പ്രത്യേക പരിപാടിയും സംഘടിപ്പിക്കുന്നുണ്ട്. ഫോട്ടോ എടുക്കാനും ഇൻസ്റ്റഗ്രാം റീൽസ് ചിത്രീകരിക്കാനും സെൽഫികൾ എടുക്കാനുമുള്ള ഇടങ്ങളും പൂപ്പാടത്തിൽ ഒരുക്കിയിട്ടുണ്ട്.
ഓണാഘോഷങ്ങൾക്കായി ഓഫീസുകളും വിവിധ കൂട്ടായ്മകളും എത്തുന്നുണ്ടെങ്കിൽ അവർക്കായി പന്തൽ സൗകര്യവും ഒരുക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് എം. സന്തോഷ് കുമാർ അറിയിച്ചു. മിതമായ നിരക്കിൽ ഓണസദ്യയും ലഭ്യമാക്കും.
കഞ്ഞിക്കുഴി പഞ്ചായത്തിന്റെയും കൃഷിഭവന്റെയും സഹകരണത്തോടെയാണ് വിപുലമായ ഓണപ്പൂപ്പാടം ഒരുക്കിയിരിക്കുന്നത്. ഓണത്തിന് മുന്നോടിയായി പൂക്കളുടെ കാഴ്ച ആസ്വദിക്കാനും പൂക്കളം ഒരുക്കാനുള്ള പൂക്കൾ നേരിട്ട് വാങ്ങാനും നിരവധി പേരെ ഇവിടേക്ക് ആകർഷിക്കാനാകുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ.
Comments ()