24 മണിക്കൂർ സ്പെഷ്യാലിറ്റി സേവനം തിരിച്ചടിയാകും; ആവശ്യത്തിന് ജീവനക്കാരില്ലെന്ന് ആരോപണം

24 മണിക്കൂർ സ്പെഷ്യാലിറ്റി സേവനങ്ങള്‍ ഏർപ്പെടുത്താനുള്ള ആരോഗ്യവകുപ്പ് നീക്കത്തിനെതിരെ കെജിഎംഒയിലെ ഒരു വിഭാഗം ഡോക്ടര്‍മാര്‍.

24 മണിക്കൂർ സ്പെഷ്യാലിറ്റി സേവനം തിരിച്ചടിയാകും; ആവശ്യത്തിന് ജീവനക്കാരില്ലെന്ന് ആരോപണം

തിരുവനന്തപുരം: ജില്ലാ, ജനറൽ ആശുപത്രികളിൽ 24 മണിക്കൂറും സ്പെഷ്യാലിറ്റി സേവനങ്ങൾ ലഭ്യമാക്കാനുള്ള ആരോഗ്യ വകുപ്പിന്റെ നീക്കത്തിനെതിരെ കേരള ഗവൺമെന്റ് മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷൻ (KGMOA) രംഗത്ത്. മതിയായ ജീവനക്കാരെ നിയമിക്കാതെ ഡ്യൂട്ടി സമയം നീട്ടാനാകില്ലെന്ന നിലപാടിലാണ് ഒരു വിഭാഗം ഡോക്ടർമാർ.

ആദ്യഘട്ടത്തിൽ ഓരോ ജില്ലയിലെയും ഓരോ പ്രധാന ആശുപത്രി വീതം തിരഞ്ഞെടുത്ത്, ആറു മാസത്തിനുള്ളിൽ 24 മണിക്കൂർ സ്പെഷ്യാലിറ്റി സേവനങ്ങൾ നടപ്പിലാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. ജനറൽ മെഡിസിൻ, സർജറി, ഓർത്തോപീഡിക്സ്, പീഡിയാട്രിക്സ്, ഗൈനക്കോളജി തുടങ്ങിയ വിഭാഗങ്ങളിലാണ് രാത്രിയും പകലുമെന്ന വ്യത്യാസമില്ലാതെ സേവനം ഉറപ്പാക്കാൻ പദ്ധതിയിട്ടിരിക്കുന്നത്. രാത്രികാല ശസ്ത്രക്രിയകൾ ഉൾപ്പെടെ നടപ്പിലാക്കുന്നതിലൂടെ മെഡിക്കൽ കോളേജ് ആശുപത്രികളിലെ അമിത തിരക്ക് കുറയ്ക്കാനാകുമെന്നാണ് ആരോഗ്യ വകുപ്പിന്റെ കണക്കുകൂട്ടൽ. പദ്ധതി ഏകോപനത്തിനായി നോഡൽ ഓഫീസറെ ചുമതലപ്പെടുത്തുകയും വിശദമായ റിപ്പോർട്ട് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.

എന്നാൽ, ഇതിനെതിരെ KGMOA കൊല്ലം ജില്ലാ ഘടകം കടുത്ത പ്രതിഷേധം ഉയർത്തിക്കഴിഞ്ഞു. ആവശ്യത്തിന് സ്പെഷ്യാലിറ്റി ഡോക്ടർമാരുടെയോ സ്റ്റാഫ് നഴ്സുമാരുടെയോ തസ്തികകൾ പുതുതായി സൃഷ്ടിക്കാതെ പദ്ധതി നടപ്പിലാക്കുന്നത് ആശുപത്രികളുടെ പ്രവർത്തനക്ഷമതയെ ബാധിക്കുമെന്ന് ഡോക്ടർമാർ ചൂണ്ടിക്കാണിക്കുന്നു.