തിരുവോണത്തിലും മഴയ്ക്ക് സാധ്യത; ആറ് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്
എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ തീവ്രമഴയ്ക്ക് സാധ്യത കണക്കിലെടുത്ത് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്
തിരുവനന്തപുരം: സംസ്ഥാനത്ത് ഓണാഘോഷങ്ങൾക്ക് മഴയുടെ ഭീഷണി. വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദത്തിന്റെ സ്വാധീനത്തിൽ തിരുവോണ ദിനമായ ബുധനാഴ്ച വരെ കേരളത്തിൽ വിവിധയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.
പുതിയ മഴ പ്രവചനമനുസരിച്ച് ഇന്ന് സംസ്ഥാനത്തെ മുഴുവൻ ജില്ലകളിലും മഴയ്ക്ക് സാധ്യതയുണ്ട്. എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ തീവ്രമഴയ്ക്ക് സാധ്യത കണക്കിലെടുത്ത് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. മറ്റു ജില്ലകളിലും ശക്തമായ മഴ ലഭിക്കാനുള്ള സാധ്യതയുണ്ട്.
നാളെയും മഴ തുടരും
ചൊവ്വാഴ്ച കണ്ണൂർ, കാസർകോട്, പാലക്കാട്, തിരുവനന്തപുരം, കൊല്ലം ജില്ലകൾ ഒഴികെയുള്ള ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ഈ ജില്ലകളിൽ ജാഗ്രതയുടെ ഭാഗമായി യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
തിരുവോണ ദിവസമായ ബുധനാഴ്ചയും മഴയ്ക്ക് ശമനമുണ്ടാകില്ലെന്നാണ് പ്രവചനം. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് അന്ന് മഴ മുന്നറിയിപ്പുള്ളത്. ഈ ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
ന്യൂനമർദത്തിന്റെ സ്വാധീനം തുടരുന്നതിനാൽ വരും മണിക്കൂറുകളിലും കാലാവസ്ഥയിൽ മാറ്റമുണ്ടാകാമെന്നാണ് അധികൃതരുടെ മുന്നറിയിപ്പ്. മഴ ശക്തമാകാൻ സാധ്യതയുള്ള പ്രദേശങ്ങളിലുള്ളവർ ജാഗ്രത പാലിക്കണമെന്നും നിർദേശമുണ്ട്.
Comments ()