ബഹിരാകാശ രംഗത്ത് പുതിയ അധ്യായം; സ്കൈറൂട്ടിന്റെ വിക്രം-1 ഇന്ന് ആകാശത്തേക്ക്

മൂന്ന് ഘട്ടങ്ങളുള്ള ഖര ഇന്ധന റോക്കറ്റാണ് വിക്രം-1. ഏകദേശം 22 മീറ്റർ ഉയരമുള്ള ഈ വിക്ഷേപണ വാഹനത്തിന് താഴ്ന്ന ഭൂഭ്രമണപഥത്തിലേക്ക് 350 കിലോഗ്രാം വരെ ഭാരമുള്ള ഉപഗ്രഹങ്ങൾ എത്തിക്കാൻ ശേഷിയുണ്ടെന്നാണ് കമ്പനി വ്യക്തമാക്കുന്നത്

ബഹിരാകാശ രംഗത്ത് പുതിയ അധ്യായം; സ്കൈറൂട്ടിന്റെ വിക്രം-1 ഇന്ന് ആകാശത്തേക്ക്

തിരുവനന്തപുരം: ഇന്ത്യൻ സ്വകാര്യ ബഹിരാകാശ രംഗത്തിന് ചരിത്രനിമിഷമാകുന്ന സ്കൈറൂട്ട് എയറോസ്പേസിന്റെ ആദ്യ ഓർബിറ്റൽ റോക്കറ്റായ വിക്രം-1 ഇന്ന് വിക്ഷേപിക്കും. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിൽ നിന്ന് രാവിലെ 11.30-നാണ് 'മിഷൻ ആഗമൻ' എന്ന പേരിലുള്ള പരീക്ഷണ ദൗത്യം ആരംഭിക്കുന്നത്. ഇന്ത്യൻ നാഷണൽ സ്പേസ് പ്രൊമോഷൻ ആൻഡ് ഓതറൈസേഷൻ സെന്ററിന്റെ (IN-SPACe) പിന്തുണയോടെയാണ് വിക്ഷേപണം നടക്കുന്നത്.

മൂന്ന് ഘട്ടങ്ങളുള്ള ഖര ഇന്ധന റോക്കറ്റാണ് വിക്രം-1. ഏകദേശം 22 മീറ്റർ ഉയരമുള്ള ഈ വിക്ഷേപണ വാഹനത്തിന് താഴ്ന്ന ഭൂഭ്രമണപഥത്തിലേക്ക് 350 കിലോഗ്രാം വരെ ഭാരമുള്ള ഉപഗ്രഹങ്ങൾ എത്തിക്കാൻ ശേഷിയുണ്ടെന്നാണ് കമ്പനി വ്യക്തമാക്കുന്നത്.

ആദ്യ പരീക്ഷണയാത്രയിൽ വാണിജ്യ ഉപഗ്രഹങ്ങൾക്ക് പകരം സാങ്കേതിക വിദ്യകളുടെ പ്രവർത്തനക്ഷമത വിലയിരുത്തുന്നതിനുള്ള പേലോഡുകളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഭൂമിയിൽ നിന്ന് ഏകദേശം 450 കിലോമീറ്റർ ഉയരത്തിലെ ഭ്രമണപഥത്തിലെത്തുകയാണ് ദൗത്യത്തിന്റെ പ്രധാന ലക്ഷ്യം. വിക്ഷേപണം മുതൽ ദൗത്യം പൂർത്തിയാകുന്നത് വരെ ഏകദേശം 15 മിനിറ്റും 46 സെക്കൻഡും വേണ്ടിവരുമെന്നാണ് കണക്കാക്കുന്നത്.

നാല് പ്രധാന പേലോഡുകളാണ് ഈ ദൗത്യത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ബെംഗളൂരു ആസ്ഥാനമായ ഗ്രഹാ സ്പേസിന്റെ സോളാരസ് എസ്-3, കോസ്മോസെർവ് സ്പേസിന്റെ എംബ്രേസ് എന്ന ബഹിരാകാശ റോബോട്ടിക് സംവിധാനം, സ്കൈറൂട്ടിന്റെ സ്വന്തം സ്കോപ്പ്സാറ്റ് എന്നിവയ്‌ക്കൊപ്പം ജർമ്മൻ കമ്പനിയായ ഡി-ക്യൂബ്ഡ് സ്പേസിന്റെ സാങ്കേതിക പരീക്ഷണവും മിഷന്റെ ഭാഗമാകും.

ശാസ്ത്രലോകത്തിന് ആദരസൂചകമായി ഇന്ത്യൻ ബഹിരാകാശ പദ്ധതിയുടെ പിതാവ് വിക്രം സാരാഭായി, ഭൗതികശാസ്ത്രജ്ഞൻ സി.വി. രാമൻ, മുൻ രാഷ്ട്രപതി എ.പി.ജെ. അബ്ദുൾ കലാം എന്നിവരുടെ സൂക്ഷ്മ പ്രതിമകളും ഈ ദൗത്യത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അരിമണിയേക്കാൾ ചെറുതായാണ് ഈ പ്രതിമകൾ നിർമ്മിച്ചിരിക്കുന്നത്.

ഇതിനൊപ്പം ലാബിൽ നിർമ്മിച്ച ഡയമണ്ട് ആഭരണവും വിവിധ ആശംസാ സന്ദേശങ്ങളും ബഹിരാകാശത്തേക്ക് അയക്കുന്നുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേത് ഉൾപ്പെടെയുള്ള ആശംസാ കാർഡുകളും പേലോഡിന്റെ ഭാഗമാണ്.

സ്വകാര്യ മേഖലയുടെ പങ്കാളിത്തം കൂടുതൽ ശക്തമാക്കുന്ന ഈ ദൗത്യം, ഇന്ത്യയുടെ ബഹിരാകാശ മേഖലയിൽ പുതിയ അധ്യായത്തിന് തുടക്കമാകുമെന്ന പ്രതീക്ഷയിലാണ് ശാസ്ത്രലോകം.